സങ്കീർണ്ണ ജോലികൾ ഇനി അനായാസം ചെയ്യാം; ഗൂഗ്‌ൾ ‘ജമിനി 4 ആർഗോൺ’ അവതരിപ്പിച്ചു
text_fieldsസിലിക്കൺ വാലി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുതിയ മുന്നേറ്റവുമായി ഗൂഗ്‌ൾ. കമ്പനിയുടെ ഏറ്റവും പുതിയ ഫ്രോണ്ടിയർ മോഡലായ ‘ജമിനി 4 ആർഗോൺ’ (Gemini 4 Argon) ഔദ്യോഗികമായി പുറത്തിറക്കി. ഗൂഗ്‌ൾ വികസിപ്പിച്ചതിൽ ഏറ്റവും ശേഷിയേറിയ എ.ഐ മോഡലാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. കോഡിങ്, പ്രൊഫഷനൽ വർക്ക്ഫ്ലോ, സൈബർ സുരക്ഷാ പ്രതിരോധം തുടങ്ങിയ മേഖലകളിൽ മുൻ മോഡലുകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാൻ പുതിയ മോഡലിന് കഴിയുമെന്നും ഗൂഗ്‌ൾ പറയുന്നു. ഗൂഗ്‌ൾ സി.ഇ.ഒ സുന്ദർ പിച്ചൈ എക്സിലൂടെയാണ് മോഡലിന്റെ പ്രഖ്യാപനം നടത്തിയത്.
സങ്കീർണ്ണമായ പ്രൊഫഷണൽ ജോലികൾ കൂടുതൽ ആഴത്തിൽ ചിന്തിച്ചു പരിഹരിക്കാൻ ജിമിനി 4 ആർഗോണിന് കഴിയുമെന്നാണ് ഗൂഗ്‌ൾ അവകാശപ്പെടുന്നത്. ഒരു ദശലക്ഷം ടോക്കണുകളാണ് മോഡലിന്റെ ഔട്ട്പുട്ട് പരിധി. ഓപ്പൺ എ.ഐയുടെ ജി.പി.ടി-6 ആസ്ട്ര (GPT-6 Astra), ആന്ത്രോപിക്കിന്റെ ക്ലോഡ് ഫേബിൾ 5.1 (Claude Fable 5.1) എന്നിവയുൾപ്പെടെയുള്ള പ്രധാന എ.ഐ മോഡലുകളേക്കാൾ മികച്ച പ്രകടനം പുതിയ മോഡൽ കാഴ്ചവെച്ചതായും ഗൂഗ്‌ൾ അവകാശപ്പെടുന്നു.
സൈബർ സുരക്ഷാ രംഗത്ത് സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവുകൾ സ്വയം കണ്ടെത്താനും അവ പരിഹരിക്കാനും ആർഗോണിന് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. എഐ സുരക്ഷയുമായി ബന്ധപ്പെട്ട ആഗോള ആശങ്കകൾ നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് ഗൂഗ്‌ൾ ഈ മോഡൽ നിർമിച്ചിരിക്കുന്നതെന്നും ഗൂഗ്‌ൾ പറയുന്നു. ആദ്യഘട്ടത്തിൽ യു എസ് ഗവൺമെന്റിനും ഗൂഗ്‌ളിന്റെ ഫെയർവിൻഡ് പ്രോഗ്രാമിലെ തിരഞ്ഞെടുക്കപ്പെട്ട സൈബർ വിദഗ്ദ്ധർക്കും മാത്രമാണ് ഇതിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പരീക്ഷണങ്ങൾക്ക് ശേഷം വരും ദിവസങ്ങളിൽ ഗൂഗ്‌ൾ എഐ അൾട്രാ വരിക്കാർക്കും പെയ്ഡ് എപിഐ (API) ഉപഭോക്താക്കൾക്കുമായി ജിമിനി 4 ആർഗോൺ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

