രണ്ട് വർഷമായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ട് ഉണ്ടോ...? ഉടൻ തന്നെ അത് നഷ്ടമായേക്കും...!
text_fieldsരണ്ട് വർഷത്തിലേറെയായി സൈൻ-ഇൻ ചെയ്യാത്തതോ ഉപയോഗിക്കാത്തതോ ആയ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ. ഉപയോക്തൃ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതെന്നാണ് ഗൂഗിൾ അറിയിച്ചത്.
ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ വർക് സ്‍പേസ് ഉൾപ്പെടെ ഗൂഗിളിന്റെ എല്ലാ പ്രൊഡക്ടുകളെയും പുതിയ പോളിസി ബാധിക്കും. രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടിലുള്ള ചിത്രങ്ങളും മറ്റു വിവരങ്ങളുമൊക്കെ മാഞ്ഞുപോകുമെന്ന് ചുരുക്കം. അത്തരത്തിലുള്ള അക്കൗണ്ടുകളിലുള്ള സകല വിവരങ്ങളും തിരിച്ചെടുക്കാൻ പറ്റാത്ത വിധം നഷ്ടപ്പെടും. അത് ഒഴിവാക്കാൻ, നിങ്ങളുടെ പ്രവർത്തനരഹിതമായ ഗൂഗിൾ അക്കൗണ്ടിൽ എത്രയും വേഗം ലോഗിൻ ചെയ്യേണ്ടതുണ്ട്.
നിങ്ങളുടെ അക്കൗണ്ട് നിലനിർത്താനുള്ള എളുപ്പവഴി അത് വീണ്ടും ഉപയോഗിക്കുക എന്നതാണ്!. അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക, ആർക്കെങ്കിലും ഒരു ഇമെയിൽ അയക്കുക, ഡ്രൈവിലേക്ക് എന്തെങ്കിലുമൊരു ഫയൽ അപ്‌ലോഡ് ചെയ്‌യുക, ഗൂഗിൾ ഫോട്ടോസിലേക്ക് ഒരു ചിത്രം അപ്‌ലോഡ് ചെയ്യുക, തുടങ്ങി, ഗൂഗിൾ അക്കൗണ്ടിൽ നമ്മൾ സാധാരണയായി ചെയ്യുന്ന കാര്യങ്ങളെന്തും ചെയ്യുക. നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സജീവമായി നിലനിർത്തുന്നതിന്, കുറഞ്ഞത് രണ്ട് വർഷം കൂടുമ്പോഴെങ്കിലും അതിൽ സൈൻ - ഇൻ ചെയ്യേണ്ടതുണ്ട്.
അതേസമയം, ഗൂഗിളിന്റെ പുതിയ പോളിസി വ്യക്തിഗത ഗൂഗിൾ അക്കൗണ്ടുകൾക്ക് മാത്രമേ ബാധകമാകൂ. സ്കൂളുകൾക്കും ബിസിനസ്സുകൾക്കുമുള്ള ഗൂഗിൾ അക്കൗണ്ടുകളെ ബാധിക്കില്ല. നിഷ്‌ക്രിയ അക്കൗണ്ടുകൾ വഴിയുള്ള ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.