ഗൂഗ്ൾ മാപ്പിന് പൂട്ടു വീഴുമോ?
text_fieldsപലപ്പോഴും ഉഗ്രൻ പണി കിട്ടിയാലും വഴി കണ്ടെത്താൻ ഗൂഗ്ൾ മാപ്പ് തന്നെ എല്ലാവർക്കും ആശ്രയം. 2015ൽ ഗൂഗ്ൾ ആരംഭിച്ച ഈ സേവനം ഇന്ന് കോടിക്കണക്കിന് ആളുകളുടെ യാത്രാപ്രതിസന്ധി ഇല്ലാതാക്കാൻ സഹായിക്കുന്നു. എന്നാൽ, ഇന്ത്യയിൽ ഇതിന് ശക്തമായൊരു ബദലായി മാറാനൊരുങ്ങുകയാണ് ആപ്പിൾ മാപ്പ്. മലയാളമടക്കം പതിനൊന്ന് ഇന്ത്യൻ ഭാഷകളും 3D ലാൻഡ്മാർക്കുകളും ഉൾപ്പെടുത്തി ആപ്പിൾ മാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതോടൊപ്പം മറ്റ് നിരവധി ഫീച്ചറുകളും ഉൾപ്പെടുന്നുണ്ട്. പാർക്കുകൾ, ഷോപ്പിങ് സെന്ററുകൾ തുടങ്ങി നിരവധി കെട്ടിടങ്ങളുടെ വ്യക്തമായ ചിത്രങ്ങൾ മാപ്പിൽ കാണാൻ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. മലയാളത്തിനുപുറമെ ബംഗാളി, ഗുജറാത്തി, കന്നട, മറാത്തി, തമിഴ്, തെലുഗു, പഞ്ചാബി, ഉർദു തുടങ്ങിയ ഭാഷകളാണുള്ളത്.
ഇന്ത്യയിലെ റോഡുകൾക്കും നഗരങ്ങൾക്കും അനുസൃതമായി പ്രത്യേക നാവിഗേഷൻ സംവിധാനത്തോടെയാണ് പുതിയ ഫീച്ചർ ആപ്പിൾ മാപ്പ് അവതരിപ്പിച്ചിട്ടുള്ളത്. നാച്വറൽ ലാംഗ്വേജ് ഗൈഡൻസ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്. സ്വാഭാവികമായ സംഭാഷണത്തിലൂടെയാണ് ഇതു വഴി മാർഗനിർദേശങ്ങൾ നൽകുന്നത്. നഗരത്തിലും ചെറുപട്ടണങ്ങളിലും മികച്ച നാവിഗേഷൻ നൽകുക എന്നതാണ് ഇതിന്റെ മറ്റൊരു ലക്ഷ്യം.
പ്രായഭേദമന്യേ നിരവധി ആളുകൾ ഇന്ന് ആപ്പിൾ, ഗൂഗ്ൾ മാപ്പ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാൽ തന്നെ ആപ്പിൾ മാപ്പിന്റെ ഡ്യുവൽ ലാംഗ്വേജ് ലേബൽസ് ഫീച്ചർ പ്രയോജനമാകുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ഇംഗ്ലീഷിനോടൊപ്പം മലയാളം അല്ലെങ്കിൽ പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുള്ള അതത് ഭാഷകളിൽ സ്ഥലങ്ങളുടെ പേരുകൾ കാണാൻ സാധിക്കും. ഇപ്രകാരം നമുക്ക് ആവശ്യമുള്ള സ്ഥലം തിരയുമ്പോൾ ആ സ്ഥലത്തെ ഭാഷയിലായിരിക്കും പേരുകൾ ഉണ്ടാകുക.
2012ലാണ് ആപ്പിൾ മാപ്പ് ആരംഭിക്കുന്നതെങ്കിലും പിന്നീട് വന്ന ഗൂഗ്ൾ മാപ്പിന്റെ സേവനമാണ് കോടിക്കണക്കിന് ആളുകൾ പ്രയോജനപ്പെടുത്തിയിരുന്നത്. മികച്ച ഭാഷാ പിന്തുണയോടെ പുതിയ ഫീച്ചർ അവതരിപ്പിച്ചുകൊണ്ടുള്ള ആപ്പിളിന്റെ പുതിയ ചുവടുവെപ്പ് ഡിജിറ്റൽ ലോകത്തെ മനുഷ്യരുടെ യാത്രകളെ എത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടുതന്നെയറിയാം.

