
'ഇന്ത്യ പറക്കുന്നു' പദ്ധതിയുമായി ഗൂഗ്ൾ
text_fieldsന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയുടെ കഥ പറയുന്ന 'ഇന്ത്യ കി ഉഡാൻ' പദ്ധതിയുമായി സോഫ്റ്റ്വെയർ ഭീമൻ ഗൂഗ്ൾ. സ്വാതന്ത്ര്യം മുതലിങ്ങോട്ട് രാജ്യം കൈവരിച്ച നേട്ടങ്ങളും നാഴികക്കല്ലുകളും പ്രതിഫലിപ്പിക്കുന്ന ചിത്രീകരണങ്ങളും മറ്റും അവതരിപ്പിക്കുന്ന ഓൺലൈൻ പദ്ധതിയാണിത്.
ഗൂഗ്ൾ ആർട്സ് ആൻഡ് കൾച്ചർ ആവിഷ്കരിച്ച പദ്ധതി വെള്ളിയാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര സാംസ്കാരിക- ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഢിയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി പ്രകാശനം ചെയ്തു.75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ചുള്ള വിവിധ പദ്ധതികളും ഗൂഗ്ൾ പ്രഖ്യാപിച്ചു.
ജനപ്രിയമായ 'ഡൂഡ്ൽ 4 ഗൂഗ്ൾ ' മത്സരം 'അടുത്ത 25 വർഷത്തിൽ, എന്റെ ഇന്ത്യ' എന്ന വിഷയത്തിൽ സംഘടിപ്പിക്കും. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കായാണ് മത്സരം. വിജയിക്കുന്ന ഡൂഡ്ൽ നവംബർ 14ലെ ഗൂഗ്ൾ ഹോം പേജിൽ അവതരിപ്പിക്കും. കൂടാതെ ജേതാവിന് അഞ്ചു ലക്ഷം രൂപ കോളജ് സ്കോളർഷിപ്പായി സമ്മാനിക്കും. നാലു ഗ്രൂപ് ജേതാക്കൾക്കും 15 ഫൈനലിസ്റ്റുകൾക്കും സമ്മാനമുണ്ട്. 'ഓരോ വീട്ടിലും ത്രിവർണ പതാക' എന്ന പദ്ധതിയുടെ പേരിൽ ഡൂഡ്ൽ നിർമിക്കാൻ മന്ത്രി ഗൂഗ്ളിനോട് ആവശ്യമുന്നയിച്ചു.