ആയുധ നിർമാണത്തിനും രഹസ്യ നിരീക്ഷണത്തിനും എ.ഐ ഉപയോഗിക്കില്ലെന്ന നയം തിരുത്തി ഗൂഗ്ൾ
text_fieldsആയുധ നിർമാണത്തിനും രഹസ്യ നിരീക്ഷണത്തിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിക്കില്ലെന്ന നയം ഗൂഗ്ൾ ദ്രുതഗതിയിൽ മാറ്റി. ‘റെസ്പോൺസിബിൾ എ.ഐ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ബ്ലോഗ്പോസ്റ്റിലാണ് ധാർമിക മാർഗനിർദേശങ്ങളിലെ മാറ്റം വ്യക്തമാക്കുന്നത്. ദോഷകരമായ എന്തെങ്കിലും പ്രത്യാഘാതമുണ്ടാകുന്ന ആപ്ലിക്കേഷനുകൾ തയാറാക്കാൻ എ.ഐ ഉപയോഗിക്കില്ലെന്ന മുൻ നിലപാടിൽനിന്ന് വ്യത്യസ്തമാണ് കമ്പനിയുടെ പുതിയ നയമെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
2018ൽ ആദ്യമായി പുറത്തിറക്കിയ എ.ഐ നയരേഖയിൽ ആയുധ നിർമാണം, രഹസ്യ നിരീക്ഷണം, ദോഷകരമായ ആപ്ലിക്കേഷനുകൾ, അന്താരാഷ്ട്ര നിയമങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും എതിരായ ഉപയോഗങ്ങൾ എന്നിവയിൽനിന്ന് മാറി നിൽക്കുമെന്ന് ഗൂഗ്ൾ വ്യക്തമാക്കിയിരുന്നു. എന്നാൽ പുതുക്കിയ മാർഗരേഖയിൽ ഇതേപ്പറ്റി പരാമർശമില്ല. അതേസമയം ആളുകൾക്കും സമൂഹത്തിനും പ്രയോജനകരമായ ഉൽപ്പന്ന ഗവേഷണത്തിന് കൂടുതൽ നിക്ഷേപം നടത്തുമെന്നും സുരക്ഷാ കാര്യങ്ങളിൽ ശ്രദ്ധിക്കുമെന്നും ഗൂഗ്ൾ എ.ഐ വിഭാഗം മോധാവി ഡെമിസ് ഹസബിസ് വ്യക്തമാക്കി.
എഐ എന്തിനൊക്കെ ഉപയോഗിക്കില്ല എന്ന് വിശദീകരിച്ചിരുന്ന നാലിന പട്ടിക ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് എ.ഐ നയത്തിൽ നിന്ന് അപ്പാടെ വെട്ടിമാറ്റിത് ആശങ്ക ഉയർത്തുന്നുണ്ട്. സർക്കാർ പ്രതിരോധ കരാറുകൾ സ്വന്തമാക്കാൻ വേണ്ടിയാണ് ഗൂഗിൾ ഈ നയംമാറ്റം വരുത്തിയതെന്നാണ് സൂചന. ഗൂഗിളിന്‍റെ നയം മാറ്റം എ.ഐയെ ആയുധവത്കരിക്കുമെന്ന ആശങ്ക ശക്തമാക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.