മെക്സിക്കൻ ഉൾക്കടലിനെ അമേരിക്കൻ ഉൾക്കടലാക്കി ഗൂഗ്ൾ മാപ്പും; ഇന്ത്യയിൽ കാണുന്നതിങ്ങനെ...
text_fieldsമെക്സിക്കൻ ഉൾക്കടലിനെ അമേരിക്കൻ ഉൾക്കടൽ എന്ന് പുനർനാമകരണം ചെയ്യാനുള്ള യു.എസ് ഭരണകൂടത്തിന്റെ തീരുമാനത്തിനു പിന്നാലെ ഗൂഗ്ൾ മാപ്സും ഇതേ മാറ്റത്തിന് ഔദ്യോഗിക അംഗീകാരം നൽകി. യു.എസിലെ ഉപയോക്താക്കൾക്ക് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നായിരിക്കും ഇനി മുതൽ ഉൾക്കടലിന്റെ പേര് ഗൂഗ്ൾ മാപ്പിൽ കാണാനാകുക. എന്നാൽ മെക്സികോയിലെ ഉപയോക്താക്കൾക്ക് ‘ഗൾഫ് ഓഫ് മെക്സികോ’ എന്നുതന്നെ ആയിരിക്കും പേര് കാണിക്കുക. ഇന്ത്യ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് രണ്ട് പേരുകളും കാണാനാകും.
ഔദ്യോഗിക സർക്കാർ രേഖകൾ പ്രകാരം സ്ഥലനാമം കാണിക്കുകയെന്ന ദീർഘനാളായുള്ള നയത്തിന്റെ ഭാഗമായാണ് മാറ്റമെന്ന് ഗൂഗ്ൾ അറിയിച്ചു. ഓരോ മേഖലയിലെയും ഉപയോക്താക്കൾക്ക് വ്യത്യസ്ത രീതിയിലാകും ഇത് ലഭ്യമാകുകയെന്നും കമ്പനി വ്യക്തമാക്കി. ഉപയോക്താക്കളുടെ ലൊക്കേഷൻ, സിംകാർഡ് വിവരങ്ങൾ, നെറ്റ്വർക്ക് എന്നിവ ട്രാക്ക് ചെയ്താകും മാറിയ പേരുകൾ മാപ്പിൽ ലഭിക്കുക. ആപ്പിൾ മാപ്പ്, മാപ്ക്വസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് നാവിഗേഷൻ സർവീസുകളിൽ മാറ്റം വരുന്നതിനു മുമ്പാണ് ഗൂഗ്ളിന്റെ നീക്കം.
തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. പേര് മാറ്റേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പല ഉപയോക്താക്കളും ചോദിക്കുന്നു. യു.എസ്, മെക്സിക്കോ, ക്യൂബ എന്നീ രാജ്യങ്ങൾക്ക് നടുവിലാണ് ഉൾക്കടൽ സ്ഥിതിചെയ്യുന്നത്. കപ്പൽ ഗതാഗതം, മത്സ്യബന്ധനം, ഊർജോൽപാദനം തുടങ്ങിയവക്കായി ഈ മേഖല ഉപയോഗിക്കുന്നുണ്ട്. മേഖലയിലെ അമേരിക്കൻ ആധിപത്യം വ്യക്തമാക്കാനാണ് ട്രംപ് ഭരണകൂടം പേര് മാറ്റിയത്. പുനർനാമകരണം രാഷ്ട്രീയപ്രേരിതമാണെന്ന വിമർശനം ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.