Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right‘ഹായ് ജെമിനി’ ഇനി...

‘ഹായ് ജെമിനി’ ഇനി ‘ഹമ്പട ജെമിനി’; നൂറ് കോടി പ്രതിമാസ ഉപയോക്താക്കളുമായി ഗൂഗിൾ ജെമിനി, ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളർന്ന ഉൽപന്നം

text_fields
bookmark_border
Sundar Pichai
cancel
camera_alt

സുന്ദർ പിച്ചെ

ന്യൂഡൽഹി: ചരിത്രനേട്ടം കൈവരിച്ച് ഗൂഗിളിന്റെ എ.ഐ അസിസ്റ്റന്റ് ജെമിനി പുതിയ നാഴികക്കല്ല് പിന്നിട്ടു. ജെമിനിയുടെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം നൂറ് കോടി കടന്നിരിക്കുകയാണ്. ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളർന്ന ഉപഭോക്തൃ ഉൽപന്നമായി ജെമിനി മാറിയതായി ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെ അറിയിച്ചു.

നൂറ് കോടി ഉപയോക്താക്കളുടെ നേട്ടത്തിലെത്തുന്ന ഗൂഗിളിന്റെ 14ാമത്തെ ഉൽപന്നമാണ് ജെമിനി. പുതിയ ആശയങ്ങൾക്ക് രൂപം നൽകാനും കാര്യങ്ങൾ പൂർത്തിയാക്കാനും ഓരോ മാസവും നൂറ് കോടിയിലധികം ആളുകളാണ് ജെമിനി ഉപയോഗിക്കുന്നത്. ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദിയെന്നും ഇനിയും ഒരുപാട് കാര്യങ്ങൾ വരാനുണ്ടെന്നും പിച്ചെ എക്സിൽ കുറിച്ചു.

ജെമിനി ടീമിന്റെ നേട്ടത്തിൽ ഗൂഗിൾ ലാബ്സിനും ജെമിനി ആപ്പിനും എ.ഐ സ്റ്റുഡിയോക്കും നേതൃത്വം നൽകുന്ന വൈസ് പ്രസിഡന്റ് ജോഷ് വുഡ്വർഡും പ്രതികരിച്ചു. ആദ്യ നൂറ് കോടി ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പാഠങ്ങളും ഇനി വരാനിരിക്കുന്ന മാറ്റങ്ങളുമാണ് അടുത്ത ഘട്ടത്തെ നിർണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജെമിനിയെ കൂടുതൽ വ്യക്തിഗതവും മുൻകൂട്ടി പ്രവർത്തിക്കുന്നതും ശക്തവുമായ എ.ഐ അസിസ്റ്റന്റാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും വുഡ്വർഡ് വ്യക്തമാക്കി.

ആൻഡ്രോയിഡ് മേധാവി സമീർ സാമത്തും ജെമിനി ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗൂഗിളിന്റെ നൂറ് കോടി ഉപയോക്താക്കളുടെ ക്ലബ്ബിലേക്ക് ജെമിനി എത്തിയതിൽ സന്തോഷമുണ്ടെന്നും ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മികച്ച ജെമിനി അനുഭവം എത്തിക്കുന്നതിൽ നടന്ന സഹകരണം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിളിന്റെ കണക്കുകൾ ജെമിനിയുടെ വളർച്ചയുടെ വേഗം മാത്രമല്ല, ആളുകൾ എങ്ങനെ എ.ഐ ഉപയോഗിക്കുന്നു എന്നതിലുള്ള വലിയ മാറ്റവുമാണ് വ്യക്തമാക്കുന്നത്. ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്ന് മാറി വോയ്സ് കമാൻഡുകളിലേക്കും ദൃശ്യ ഇൻപുട്ടുകളിലേക്കും ഉപയോക്താക്കൾ വേഗത്തിൽ നീങ്ങുകയാണ്. നിലവിലെ സജീവ ഉപയോക്താക്കളിൽ 63 ശതമാനം പേരും വോയ്സിലൂടെയാണ് ജെമിനിയുമായി നേരിട്ട് ഇടപെടുന്നത്. ദൈനംദിന ആവശ്യങ്ങൾക്കായി പൂർണമായും ഹാൻഡ്സ്-ഫ്രീ വോയ്സ് ഇൻപുട്ടിനെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധിച്ചുവരുന്നു.

വോയ്സ് ഉപയോഗത്തിൽ മാതാപിതാക്കളുടെ പങ്കും ശ്രദ്ധേയമാണ്. ശരാശരി ഉപയോക്താവിനെ അപേക്ഷിച്ച് ദൈനംദിന ആവശ്യങ്ങൾക്കായി വോയ്സ് കൺട്രോൾ ഉപയോഗിക്കാൻ മാതാപിതാക്കൾക്ക് 43 ശതമാനം കൂടുതൽ സാധ്യതയുണ്ടെന്നാണ് ഗൂഗിളിന്റെ കണക്ക്.

വോയ്സിനപ്പുറം ക്യാമറയും സ്ക്രീനും ഉപയോഗിച്ചുള്ള തത്സമയ സഹായത്തിനും ആവശ്യക്കാർ ഏറുകയാണ്. ജെമിനി ലൈവ് സെഷനുകളിൽ അഞ്ചിലൊന്ന് ആളുകളും ഇപ്പോൾ വോയ്സിനൊപ്പം റിയൽ-ടൈം ക്യാമറ ഫീഡോ സ്ക്രീൻ ഷെയറിങ്ങോ ഉപയോഗിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലും ജെമിനിയുടെ ഉപയോഗം ശ്രദ്ധേയമാണ്. സ്കൂളുമായി ബന്ധപ്പെട്ട ജെമിനി പ്രോംപ്റ്റുകളിൽ 38 ശതമാനത്തിലും ഫയൽ അറ്റാച്ച്മെന്റുകളോ ഡോക്യുമെന്റ് ചിത്രങ്ങളോ ഉൾപ്പെടുന്നതായും ഗൂഗിൾ അറിയിച്ചു. പഠനാവശ്യങ്ങൾക്കായി ടെക്സ്റ്റിനൊപ്പം രേഖകളും ചിത്രങ്ങളും എ.ഐയിലേക്ക് നൽകുന്ന പ്രവണത ഇതിലൂടെ വ്യക്തമാകുന്നു.

ചെറുകിട ബിസിനസുകൾക്കുള്ള കണ്ടന്റ് നിർമാണത്തിലും ജെമിനി വലിയ തോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ടെക്സ്റ്റ്, ചിത്രം, വീഡിയോ, ഓഡിയോ എന്നിവ ഉൾപ്പെടെയുള്ള മാർക്കറ്റിങ് കണ്ടന്റ് തയ്യാറാക്കാൻ ആപ്പ് ഉപയോഗിക്കാം.

ഗൂഗിളിന്റെ കണക്കുപ്രകാരം പ്രതിദിനം 15 കോടിയിലധികം ചിത്രങ്ങളാണ് ജെമിനി ഉപയോഗിച്ച് സൃഷ്ടിക്കുന്നത്.

ആൻഡ്രോയിഡിലും ജെമിനിയുടെ പ്രവർത്തനശേഷി കൂടുതൽ വ്യാപിക്കുകയാണ്. 40 ലേറെ ജനപ്രിയ ആപ്പുകളിൽ പശ്ചാത്തല പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യാൻ ജെമിനിക്ക് സാധിക്കും. റൈഡ്-ഹെയിലിങ് സേവനങ്ങൾ ഉപയോഗിക്കുന്നതും റെസ്റ്റോറന്റ് റിസർവേഷൻ നടത്തുന്നതും പോലുള്ള ദൈനംദിന ജോലികൾ ഇതിലൂടെ എളുപ്പമാക്കാനാണ് ഗൂഗിളിന്റെ നീക്കം. ആപ്പിൾ ഉപകരണങ്ങളിലേക്കും ജെമിനിയുടെ വളർച്ച വ്യാപിച്ചിട്ടുണ്ട്. ഐ.ഒ.എസിൽ മാത്രം പത്ത് കോടിയിലധികം സജീവ ഉപയോക്താക്കളാണ് ഇപ്പോൾ ജെമിനിക്കുള്ളത്. അതേസമയം, മാക്ഒഎസിലെ പവർ യൂസർമാർ മറ്റ് പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കളെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളം പ്രോംപ്റ്റുകളാണ് സമർപ്പിക്കുന്നതെന്നും ഗൂഗിൾ പറയുന്നു.

ജെമിനിയുടെ നൂറ് കോടി ഉപയോക്താക്കളെന്ന നേട്ടം എ.ഐ മേഖലയിലെ മത്സരം കൂടുതൽ ശ്രദ്ധേയമാക്കുന്നതാണ്. ജൂലൈ 31 ന് ഓപ്പൺ എ.ഐയും തങ്ങളുടെ എ.ഐ മോഡലുകൾക്ക് നൂറ് കോടിയിലധികം സജീവ ഉപയോക്താക്കളുണ്ടെന്നും രണ്ട് ദശലക്ഷം ബിസിനസുകൾ അവ ഉപയോഗിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ചിരുന്നു.

ജെമിനിയുടെ വളർച്ച എത്ര വേഗത്തിലാണെന്നതിന് മറ്റൊരു സൂചനയും ഗൂഗിൾ പുറത്തുവിട്ടിട്ടുണ്ട്. ജൂലൈ 22 ന് രണ്ടാം പാദ സാമ്പത്തിക ഫലങ്ങൾ വിശദീകരിക്കുന്നതിനിടെ സുന്ദർ പിച്ചെ പറഞ്ഞത് ജെമിനിക്ക് 95 കോടി പ്രതിമാസ സജീവ ഉപയോക്താക്കളുണ്ടെന്നായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം മൂന്നിരട്ടിയായെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

നൂറ് കോടി ഉപയോക്താക്കളെന്ന നാഴികക്കല്ല് പിന്നിട്ടതോടെ ടെക്സ്റ്റ് ചാറ്റ്ബോട്ടിൽ നിന്ന് വോയ്സ്, ക്യാമറ, സ്ക്രീൻ, ഫയലുകൾ, വിവിധ ആപ്പുകൾ എന്നിവയുമായി സംയോജിച്ച് പ്രവർത്തിക്കുന്ന കൂടുതൽ സമഗ്രമായ എ.ഐ അസിസ്റ്റന്റിലേക്കുള്ള ജെമിനിയുടെ മാറ്റത്തിനാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:growthAI assistantGoogle GeminiAI ​​
News Summary - ജെമിനിക്ക് നൂറ് കോടി ഉപയോക്താക്കൾ
Next Story