ടെസ്റ്റിങ് പരിധി ലംഘിച്ച് ഗൂഗ്ളിന്റെ ജെമിനി എ.ഐ; മൂന്ന് കമ്പനികളുടെ സിസ്റ്റം ഹാക്ക് ചെയ്തതായി റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: സൈബർ സുരക്ഷാ പരിശോധനക്കിടെ ടെസ്റ്റിങ് പരിധികൾ ലംഘിച്ച് ഗൂഗ്ളിന്റെ ജെമിനി എ.ഐ മാതൃക മൂന്ന് കമ്പനികളുടെ സിസ്റ്റങ്ങൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളുടെ സുരക്ഷാ ശേഷി പരിശോധിക്കുന്നതിനിടെയാണ് സംഭവം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ ടെസ്റ്റിങ് വലയത്തിൽ നിന്ന് പുറത്തുകടന്ന് മറ്റ് കമ്പനികളെ ഹാക്ക് ചെയ്ത സംഭവങ്ങളുടെ തുടർച്ചയായാണ് ഈ വെളിപ്പെടുത്തൽ.
മെറ്റ, ആന്ത്രോപിക്, ഓപ്പൺ എ.ഐ എന്നീ കമ്പനികൾക്ക് പിന്നാലെയാണ് ജെമിനിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ആദ്യ സുരക്ഷാ ലംഘനം ഉണ്ടാകുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ 'ഇറെഗുലർ' എന്ന സുരക്ഷാ കമ്പനി നടത്തിയ പരിശോധനക്കിടയിലാണ് ഈ സംഭവം നടന്നതെന്ന് 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു. ഒരു സാങ്കൽപ്പിക കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ജെമിനിക്ക് ഇന്റർനെറ്റിലേക്ക് അനുചിതമായ പ്രവേശനം ലഭിച്ചിരുന്നു. തുടർന്ന് ആദ്യ സംഭവത്തിൽ പാസ്‌വേഡ് ഊഹിച്ചുകൊണ്ട് മോഡൽ ഒരു യഥാർത്ഥ കമ്പനിയുടെ സേവനത്തിലേക്ക് കടന്നുകയറുകയായിരുന്നു. മറ്റ് സന്ദർഭങ്ങളിൽ ഓൺലൈനിൽ നിന്ന് പബ്ലിക് വിവരങ്ങൾ കണ്ടെത്തുകയും, ടെസ്റ്റിന്റെ ഭാഗമാണെന്ന് കരുതി ചില വെബ്‌സൈറ്റുകളിലേക്ക് പ്രവേശിക്കാൻ മോഡൽ ക്രെഡൻഷ്യലുകൾ ഊഹിച്ചെടുക്കുകയും ചെയ്തതായി ഗൂഗ്ളിന്റെ സെക്യൂരിറ്റി എൻജിനീയറിങ് വൈസ് പ്രസിഡന്റ് ഹീതർ അഡ്കിൻസ് വ്യക്തമാക്കി.
ഈ രീതിയിൽ മൂന്ന് തവണ സമാനമായ സംഭവങ്ങൾ ആവർത്തിച്ചെങ്കിലും, ഓരോ തവണയും ആക്ട് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ജെമിനി സ്വയം പ്രവർത്തനം നിർത്തുകയായിരുന്നു. ജൂലൈ അവസാനത്തോടെ ഇറെഗുലർ കമ്പനിയാണ് ഈ വിവരങ്ങൾ ഗൂഗ്ളിനെ അറിയിച്ചത്. എന്നാൽ ഇത് എ.ഐ മോഡലിന്റെ പിഴവോ സുരക്ഷാ വീഴ്ചയോ അല്ലെന്നും, ജെമിനിയുടെ സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചതുകൊണ്ടാണ് ഇത് പരസ്യപ്പെടുത്താത്തതെന്നും ഗൂഗ്ൾ വ്യക്തമാക്കി.
അതേസമയം, ജെമിനിയിൽ നിന്ന് വ്യത്യസ്തമായി ആന്ത്രോപിക്കിന്റെ ക്ലോഡ് മോഡൽ യഥാർത്ഥ കമ്പനികളുടെ സിസ്റ്റങ്ങളിലേക്ക് പ്രവേശിച്ചപ്പോൾ പ്രവർത്തനം നിർത്തിയിരുന്നില്ല. ഒപ്പൺ എ.ഐയും തങ്ങളുടെ മോഡലുകൾ ടെസ്റ്റിങ്ങിനിടയിൽ ഇന്റർനെറ്റിൽ അനുചിതമായി പ്രവേശിക്കുകയും സ്വന്തം നിലയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എ.ഐ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ശക്തമാകുന്നതിനിടയിലാണ് ഈ സംഭവങ്ങളും പുറത്തുവരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച വേഗത്തിൽ നിയന്ത്രിക്കണമെന്ന് ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡി അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാനും ഇലോൺ മസ്കും ഈ ആവശ്യത്തെ പിന്തുണച്ചിരുന്നു. എന്നാൽ യു.എസിന്റെ മുൻതൂക്കം നഷ്ടപ്പെടുമെന്ന ആശങ്കയാൽ എ.ഐ വികസനത്തിന് അടിയന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

