ഗൂഗ്ൾ ഡ്രൈവിലൂടെ ഫോട്ടോ ബാക്കപ്പ് ചെയ്യാറുണ്ടോ? ഇനി അത് നടക്കില്ല! ഗൂഗ്ൾ ഡ്രൈവ് ഓട്ടോമാറ്റിക് ഫോട്ടോ ബാക്കപ്പ് നിർത്തലാക്കുന്നു
text_fieldsഗൂഗ്ൾ ഡ്രൈവ്
കമ്പ്യൂട്ടറിലെ ഫോട്ടോകളും വിഡിയോകളും ഗൂഗ്ൾ ഫോട്ടോസിലേക്ക് ഓട്ടോമാറ്റിക്കായി ബാക്കപ്പ് ചെയ്യുന്ന രീതി ഇന്ന് മുതൽ നിർത്തലാക്കുന്നു. കമ്പ്യൂട്ടറിലെ ഫയലുകൾ ഡ്രൈവ് വഴി ആപ്പിലേക്ക് സിങ്ക് ചെയ്തിരുന്ന ഉപയോക്താക്കൾക്ക് ഇനി മുതൽ പുതിയ മീഡിയ ഫയലുകൾ ഓട്ടോമാറ്റിക്കായി ബാക്കപ്പ് ചെയ്യാൻ സാധിക്കില്ല. ബാക്കപ്പ് ടൂളുകൾ ലളിതമാക്കുന്നതിന്റെയും ഫോട്ടോ മാനേജ്‌മെന്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ തീരുമാനമെന്ന് ഗൂഗ്ൾ വ്യക്തമാക്കി.
നിലവിൽ ഗൂഗ്ൾ ഡ്രൈവ് ഡെസ്‌ക്‌ടോപ്പ് ആപ്പ് ഉപയോഗിച്ച് കമ്പ്യൂട്ടറിലെ ഒരു ഫോൾഡർ തിരഞ്ഞെടുത്ത് ഫോട്ടോകൾ ഓട്ടോമാറ്റിക്കായി ക്ലൗഡിലേക്ക് സേവ് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കുമായിരുന്നു. എന്നാൽ ഈ ഓട്ടോമാറ്റിക് കണക്ഷൻ ഇനിമുതൽ പൂർണമായും നിലക്കും. ഈ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഫോൾഡറുകളിൽ പുതിയ ഫോട്ടോകളോ വിഡിയോകളോ ഇനി ഓട്ടോമാറ്റിക്കായി അപ്‌ലോഡ് ആകില്ല.
എന്നാൽ ഗൂഗ്ൾ ഡ്രൈവോ ഗൂഗ്ൾ ഫോട്ടോസോ പൂർണമായി നിർത്തലാക്കുകയല്ല ചെയ്യുന്നത്. ഡ്രൈവ് ഡെസ്‌ക്‌ടോപ്പ് ആപ്പ് വഴിയുള്ള സാധാരണ ഫയൽ സിങ്കിങ് പതിവുപോലെ തുടരും. ഡ്രൈവ് ഫോൾഡറുകളിൽ നിന്ന് ഫോട്ടോകൾ നേരിട്ട് ഗൂഗ്ൾ ഫോട്ടോസിലേക്ക് മാറ്റിയിരുന്ന ഓട്ടോമാറ്റിക് ബ്രിഡ്ജ് സംവിധാനമാണ് ഒഴിവാക്കിയിരിക്കുന്നത്. മാത്രമല്ല ഇതിനോടകം ഈ രീതിയിൽ ബാക്കപ്പ് ചെയ്ത ചിത്രങ്ങളും വിഡിയോകളും സുരക്ഷിതമായി തുടരുമെന്നും അവക്ക് യാതൊരുവിധ നഷ്ടവും സംഭവിക്കില്ലെന്നും ഗൂഗ്ൾ ഉറപ്പ് നൽകുന്നുണ്ട്.
തുടർന്നും ഓട്ടോമാറ്റിക്കായി ഫോട്ടോ ബാക്കപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഗൂഗ്ൾ പുതിയ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഗൂഗ്ൾ ഡ്രൈവിന് പകരം നേരിട്ട് ഗൂഗ്ൾ ഫോട്ടോസ് വഴി തന്നെ ബാക്കപ്പ് സജ്ജീകരിക്കാനാണ് കമ്പനി ആവശ്യപ്പെടുന്നത്. ഇതിനായി പ്രധാനമായും രണ്ട് വഴികളാണുള്ളത്. ഒന്നാമതായി, ഗൂഗ്ൾ ഫോട്ടോസ് വെബ്‌സൈറ്റിലെ ‘+’ ബട്ടൺ ഉപയോഗിച്ച് ബാക്കപ്പ് ഫോൾഡേഴ്സ് തിരഞ്ഞെടുത്ത് കമ്പ്യൂട്ടറിലെ ആവശ്യമായ ഫോൾഡറുകൾ സെറ്റ് ചെയ്യാം. രണ്ടാമതായി, ഗൂഗ്ൾ ഡ്രൈവിൽ ഇതിനകം സൂക്ഷിച്ചിട്ടുള്ള ഫോട്ടോകൾ നേരിട്ട് ഗൂഗ്ൾ ഫോട്ടോസിലേക്ക് മാറ്റാനും സാധിക്കും. എന്നാൽ പഴയതുപോലെ തനിയെ പ്രവർത്തിക്കുന്നതിന് പകരം, ഗൂഗ്ൾ ഫോട്ടോസ് വെബ്‌സൈറ്റ് ബ്രൗസറിൽ തുറന്നിരിക്കുമ്പോൾ മാത്രമേ പുതിയ ബാക്കപ്പുകൾ നടക്കൂ എന്നത് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഫോണുകളിൽ നിന്ന് ഫോട്ടോകൾ ബാക്കപ്പ് ചെയ്യുന്ന സാധാരണ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ മാറ്റം ബാധിക്കില്ല. ഫോണുകളിലെ ഗൂഗ്ൾ ഫോട്ടോസ് ആപ്പ് വഴിയുള്ള ബാക്കപ്പ് പതിവുപോലെ തുടരും. എന്നാൽ കാമറയിൽ നിന്നുള്ള ചിത്രങ്ങളോ സ്കാൻ ചെയ്ത രേഖകളോ കമ്പ്യൂട്ടറിൽ സൂക്ഷിച്ച് ഡ്രൈവ് വഴി ബാക്കപ്പ് ചെയ്തിരുന്നവരെ ഈ മാറ്റം നേരിട്ട് ബാധിക്കും. സമയപരിധി കഴിഞ്ഞതുകൊണ്ട് പഴയ ബാക്കപ്പുകൾ ഒന്നും നഷ്ടപ്പെടില്ലെങ്കിലും, പുതിയ ക്രമീകരണങ്ങൾ വരുത്തുന്നത് വരെ പുതിയ ഫോട്ടോകൾ ഓട്ടോമാറ്റിക്കായി ബാക്കപ്പ് ആകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

