നിങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ കഥകളാക്കും ‘ഡ്രീംബീൻസ്'; എന്താണീ പുതിയ എ.ഐ ആപ്പ്?
text_fieldsനിങ്ങൾ അടുത്തിടെ ഒരു യാത്ര പോയോ? പുതിയൊരു ഹോബി തുടങ്ങാൻ ആലോചിക്കുന്നുണ്ടോ? അതോ ജിമെയിലിൽ വന്ന ഒരു മെയിൽ മറന്നുപോയോ? ഇതൊക്കെ ഓർത്തെടുക്കാൻ ഇനി പല ആപ്പുകളും മാറിമാറി പരിശോധിക്കേണ്ടി വരില്ലെങ്കിലോ? നിങ്ങളുടെ ഡിജിറ്റൽ ജീവിതത്തിലെ വിവിധ വിവരങ്ങൾ കൂട്ടിച്ചേർത്ത് നിങ്ങൾക്കായി പുതിയ കഥകളും നിർദേശങ്ങളും തയ്യാറാക്കുന്ന ഒരു എഐ ആപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. പേര് ‘ഡ്രീംബീൻസ്'!വാർത്തകളും വിവരങ്ങളും അറിയാൻ നമ്മൾ ദിവസവും എത്രയോ സമയം ഫോണിൽ ചെലവഴിക്കുന്നുണ്ട്. എന്നാൽ എല്ലാവർക്കും ഒരേ വാർത്തകളും ഒരേ നിർദേശങ്ങളും നൽകുന്നതിന് പകരം, ഓരോരുത്തരുടെയും താൽപ്പര്യങ്ങൾ മനസ്സിലാക്കി അവർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ മാത്രം മുന്നിലെത്തിച്ചാലോ? ഈ ആശയത്തിലാണ് ഗൂഗിൾ ലാബ്സ് ‘ഡ്രീംബീൻസ്' അവതരിപ്പിച്ചിരിക്കുന്നത്. 2026 ജൂണിൽ അമേരിക്കയിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ഈ ആപ്പ് നവംബർ 3 മുതൽ ഇന്ത്യയിലും ലഭ്യമായിരിക്കുകയാണ്.
എന്താണ് ഗൂഗിൾ ‘ഡ്രീംബീൻസ്'?
ഗൂഗിൾ ലാബ്സിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു എഐ ആപ്പാണ് Dreambeans. ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ താൽപ്പര്യങ്ങളും ഗൂഗിൾ സേവനങ്ങളിലെ വിവരങ്ങളും അടിസ്ഥാനമാക്കി ദിവസവും നിങ്ങൾക്കായി വ്യക്തിഗതമായ സ്റ്റോറികളുടെ ഒരു ശേഖരം തയ്യാറാക്കുന്ന ഡിജിറ്റൽ അസിസ്റ്റന്റാണിത്.
സാധാരണ വാർത്താ ആപ്പുകളിലോ സോഷ്യൽ മീഡിയയിലോ നമ്മൾ സ്വയം തിരഞ്ഞാണ് വിവരങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ‘ഡ്രീംബീൻസ്'ൽ അങ്ങനെയല്ല. നിങ്ങൾ തിരഞ്ഞെടുത്ത ഗൂഗിൾ സേവനങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്ത് നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങൾ എഐ സ്വയം കണ്ടെത്തി അവതരിപ്പിക്കും.
ഉദാഹരണത്തിന്, നിങ്ങൾ യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ പുതിയതായി സന്ദർശിക്കാവുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ ലഭിക്കാം. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് യൂട്യൂബിൽ വീഡിയോകൾ കാണുന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുതിയ ആശയങ്ങളും മുന്നിലെത്താം.
എങ്ങനെയാണ് ‘ഡ്രീംബീൻസ്' പ്രവർത്തിക്കുന്നത്?
ഇവിടെയാണ് ഈ ആപ്പിന്റെ പ്രധാന സവിശേഷത. ഗൂഗിളിന്റെ പേഴ്സനൽ ഇന്റലിജൻ്സ് സംവിധാനത്തിന്റെ സഹായത്തോടെ ഉപയോക്താവ് അനുമതി നൽകിയിട്ടുള്ള വിവിധ ഗൂഗിൾ സേവനങ്ങളിലെ വിവരങ്ങൾ തമ്മിൽ ബന്ധപ്പെടുത്തി വിശകലനം ചെയ്യുകയാണ് ചെയ്യുന്നത്.
ഇതിനായി ഇനി പറയുന്ന സേവനങ്ങൾ ബന്ധിപ്പിക്കാം.
- Gmail – ഇമെയിലുകളിലെ വിവരങ്ങളും സ്ഥിരീകരണങ്ങളും.
- Google Calendar – വരാനിരിക്കുന്ന പരിപാടികൾ, ഓർമപ്പെടുത്തലുകൾ.
- Google Photos – ചിത്രങ്ങളും വ്യക്തിഗത ഓർമകളും.
- YouTube – കാണുന്ന വീഡിയോകളും താൽപ്പര്യമുള്ള വിഷയങ്ങളും.
- Google Search – മുൻകാല തിരയലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ.
- Gemini – ഗൂഗിളിന്റെ എഐ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ.
ഇവയെല്ലാം നിർബന്ധമായും ബന്ധിപ്പിക്കണമെന്നില്ല. പ്രവർത്തിക്കാൻ കുറഞ്ഞത് ഒരു ഗൂഗിൾ സേവനമെങ്കിലും ബന്ധിപ്പിക്കണം. ഏതൊക്കെ സേവനങ്ങളിലെ വിവരങ്ങൾ ഉപയോഗിക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം.
ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. നിങ്ങൾ ഗൂഗിൾ കലണ്ടറിൽ അടുത്തയാഴ്ച ഒരു സുഹൃത്ത് വീട്ടിലെത്തുമെന്ന് ഓർമപ്പെടുത്തൽ നൽകിയിട്ടുണ്ടെന്ന് കരുതുക. അതേസമയം, ജിമെയിലിൽ വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം വാങ്ങിയതിന്റെ ഓർഡർ സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്.
ഈ വിവരങ്ങൾ തമ്മിൽ ബന്ധപ്പെടുത്തി ‘ഡ്രീംബീൻസ്' നിങ്ങൾക്ക് വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളോ സുഹൃത്തിനൊപ്പം പോകാവുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ സ്റ്റോറിയായി നൽകാൻ സാധ്യതയുണ്ട്.
അതായത്, നിങ്ങൾ പ്രത്യേകം ചോദ്യം ടൈപ്പ് ചെയ്ത് തിരയണമെന്നില്ല. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് എഐ കരുതുന്ന വിവരങ്ങൾ സ്വയം കണ്ടെത്തി അവതരിപ്പിക്കുകയാണ് ഇതിന്റെ രീതി.
വാർത്തകൾ മാത്രമല്ല, ചിത്രങ്ങളും സ്റ്റോറികളും!
‘ഡ്രീംബീൻസ്'നെ സാധാരണ വിവരശേഖരണ ആപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം അതിന്റെ അവതരണരീതിയാണ്. ഓരോ സ്റ്റോറിയും എഐ തയ്യാറാക്കുന്ന ചിത്രങ്ങളോടെയാണ് അവതരിപ്പിക്കുന്നത്. Nano Banana 2 എന്ന ഗൂഗിളിന്റെ ഇമേജ് ജനറേഷൻ സാങ്കേതികവിദ്യയും ഇതിനായി ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്, നിങ്ങളുടെ യാത്രകളുമായി ബന്ധപ്പെട്ട ഒരു സ്റ്റോറിയാണെങ്കിൽ അതിനനുസരിച്ചുള്ള ചിത്രങ്ങൾ തയ്യാറാക്കാം. Google Photos ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളെയും അടുത്തറിയാവുന്നവരെയും ഉൾപ്പെടുത്തിയുള്ള വ്യക്തിഗതമാക്കിയ ചിത്രങ്ങളും ചില സ്റ്റോറികളിൽ പ്രത്യക്ഷപ്പെടാം. ഇതിനായി Google Photos-ൽ Face Grouping സംവിധാനം പ്രവർത്തനക്ഷമമായിരിക്കണം.തിരഞ്ഞെടുത്ത ചില സ്റ്റോറികളിലെ ചിത്രങ്ങൾ Veo എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചലിക്കുന്ന ദൃശ്യങ്ങളാക്കി മാറ്റാനും കഴിയും.
അനന്തമായ സ്ക്രോളിങ്ങിന് പകരം പരിമിതമായ സ്റ്റോറികൾ
സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് കണ്ടുതുടങ്ങിയാൽ അടുത്തതും അതിനടുത്തതുമായി എത്ര നേരം വേണമെങ്കിലും സ്ക്രോൾ ചെയ്യാം. എന്നാൽ ‘ഡ്രീംബീൻസ്' ആശയം അതിൽനിന്ന് വ്യത്യസ്തമാണ്.
ദിവസവും ഉപയോക്താവിനായി തിരഞ്ഞെടുത്ത ഒരു നിശ്ചിത ശേഖരം മാത്രമാണ് അവതരിപ്പിക്കുന്നത്. ഇഷ്ടപ്പെട്ട സ്റ്റോറിയിൽ ക്ലിക്ക് ചെയ്ത് കൂടുതൽ വിവരങ്ങൾ അറിയാം. പിന്നീട് വായിക്കാൻ ബുക്ക്മാർക്ക് ചെയ്യാം. മറ്റുള്ളവരുമായി പങ്കുവെക്കാനും സാധിക്കും. ഒരു നിർദേശം ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിനെക്കുറിച്ച് പ്രതികരിക്കാനും കഴിയും. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ പരിഗണിച്ച് തുടർന്നുള്ള ദിവസങ്ങളിലെ സ്റ്റോറികൾ മെച്ചപ്പെടുത്താനാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സ്വകാര്യതയുടെ കാര്യത്തിൽ ആശങ്ക വേണ്ടേ?
നിങ്ങളുടെ വ്യക്തിഗത ഇമെയിലുകളും ചിത്രങ്ങളും കലണ്ടർ വിവരങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ആപ്പ് പ്രവർത്തിക്കുന്നത്. എന്നാൽ എല്ലാ വിവരങ്ങളും സ്വമേധയാ ആപ്പിന് കൈമാറേണ്ട സാഹചര്യമില്ല. ഏതൊക്കെ ഗൂഗിൾ സേവനങ്ങൾ ബന്ധിപ്പിക്കണമെന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാം. ആവശ്യമെങ്കിൽ പിന്നീട് ഈ അനുമതികളിൽ മാറ്റം വരുത്താനും കഴിയും.‘ഡ്രീംബീൻസ്' ക്രമീകരണങ്ങളിൽ നിന്ന് ബന്ധിപ്പിച്ച ആപ്പുകൾ മാറ്റാനും ആപ്പിൽ ശേഖരിച്ച വിവരങ്ങൾ ഇല്ലാതാക്കാനും സാധിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നുണ്ട്. ‘ഡ്രീംബീൻസ്'ൽ നൽകുന്ന അനുമതികൾ ജെമിനി പോലുള്ള മറ്റ് ഗൂഗിൾ സേവനങ്ങളിലെ അനുമതികളെ സ്വാധീനിക്കില്ലെന്നും കമ്പനി പറയുന്നു.എങ്കിലും വ്യക്തിഗത വിവരങ്ങളിലേക്ക് പ്രവേശനം നൽകുന്നതിനാൽ ആപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് അനുമതികളും സ്വകാര്യതാ ക്രമീകരണങ്ങളും ശ്രദ്ധാപൂർവം പരിശോധിക്കുന്നത് നല്ലതാണ്.
മലയാളത്തിലും ലഭിക്കും
നവംബർ 3 മുതൽ ഇന്ത്യയിൽ ലഭ്യമായ ‘ഡ്രീംബീൻസ്' ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ഡൗൺലോഡ് ചെയ്യാം. 18 വയസ്സ് പൂർത്തിയായവർക്ക് വ്യക്തിഗത ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ആരംഭിക്കാം.ഇംഗ്ലീഷ് ഉൾപ്പെടെ 14 ഭാഷകളിലാണ് ഇന്ത്യയിൽ സേവനം ലഭ്യമാക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി, ഗുജറാത്തി, ഉറുദു, ഒഡിയ, പഞ്ചാബി, അസമീസ്, നേപ്പാളി എന്നിവയാണ് മറ്റ് ഭാഷകൾ. ആദ്യമായി ആപ്പുമായി ബന്ധിപ്പിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് സ്റ്റോറികൾ തയ്യാറാക്കാൻ ഒരു ദിവസം വരെ എടുത്തേക്കാം. അതിനുശേഷം ദിവസവും പുതിയ സ്റ്റോറികൾ ലഭിക്കും.
പരീക്ഷണാടിസ്ഥാനത്തിലുള്ള ആപ്പ്; പൂർണമായും വിശ്വസിക്കാമോ?
‘ഡ്രീംബീൻസ്' ഇപ്പോഴും Google Labs-ന്റെ പരീക്ഷണ പദ്ധതിയാണ്. അതിനാൽ എല്ലാ നിർദേശങ്ങളും കൃത്യമായിരിക്കുമെന്ന് ഉറപ്പില്ല. ചിലപ്പോൾ താൽപ്പര്യമില്ലാത്ത സ്റ്റോറികളോ തെറ്റായ ചിത്രങ്ങളോ വിവരങ്ങളോ ലഭിക്കാം. അത്തരം സന്ദർഭങ്ങളിൽ പ്രതികരണം നൽകാനുള്ള സംവിധാനവും ആപ്പിലുണ്ട്.
മൊത്തത്തിൽ നോക്കിയാൽ, ഓരോ ഉപയോക്താവിനും അനുയോജ്യമായ വിവരങ്ങൾ സ്വയം കണ്ടെത്തി അവതരിപ്പിക്കുന്ന ഡിജിറ്റൽ അസിസ്റ്റന്റ് എന്ന ആശയത്തിലേക്കുള്ള ഗൂഗിളിന്റെ പുതിയ ചുവടുവെപ്പാണ് ‘ഡ്രീംബീൻസ്'. നമ്മുടെ ഡിജിറ്റൽ ജീവിതത്തിലെ വിവരങ്ങൾ എങ്ങനെ കൂടുതൽ പ്രയോജനകരമായി ഉപയോഗിക്കാമെന്നതിന്റെ ഒരു പരീക്ഷണം കൂടിയാണിത്.

