ഓൺലൈൻ ഫോമുകൾ ഇനി എളുപ്പം പൂരിപ്പിക്കാം; എഐ ഓട്ടോഫിൽ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ ക്രോം
text_fieldsഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുന്നത് കൂടുതൽ എളുപ്പമാക്കാൻ പുതിയ എഐ ഫീച്ചറുമായി ഗൂഗിൾ ക്രോം. ഇതിനായി സജസ്റ്റഡ് ബൈ ജെമിനി എന്ന പുതിയ ഓട്ടോഫിൽ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു. പുതിയ ഫീച്ചർ ജിമെയിലിലെ വിവരങ്ങൾ വിശകലനം ചെയ്ത് വെബ്‌സൈറ്റുകളിലെ ഫോമുകൾ സ്വയം പൂരിപ്പിക്കാൻ സഹായിക്കും.
നിലവിൽ പേര്, വിലാസം, ബാങ്ക് വിവരങ്ങൾ എന്നിവ മാത്രം സേവ് ചെയ്ത് വെച്ച് നൽകിയിരുന്ന പരമ്പരാഗത ഓട്ടോഫിൽ സംവിധാനങ്ങളെയാണ് ഗൂഗിൾ ഈ പുതിയ എഐ അപ്‌ഡേറ്റിലൂടെ നവീകരിച്ചിരിക്കുന്നത്. ജിമെയിൽ ഇൻബോക്സിലെ ഫ്ലൈറ്റ് ടിക്കറ്റ് വിവരങ്ങൾ, പാക്കേജ് ട്രാക്കിംഗ് നമ്പറുകൾ, ഓർഡർ വിശദാംശങ്ങൾ തുടങ്ങിയവ പരിശോധിക്കാൻ ജെമിനി എഐ സഹായിക്കുന്നു.
ഉപയോക്താക്കൾ ഓൺലൈൻ ഫോമുകളിൽ എത്തുമ്പോൾ, ജെമിനി കണ്ടെത്തുന്ന വിവരങ്ങൾ Suggested by Gemini എന്ന ലേബലോടെ ഡ്രോപ്പ് ഡൗൺ മെനുവിൽ കാണിച്ചുകൊടുക്കും. യൂസർ ക്ലിക്ക് ചെയ്താൽ മാത്രമേ വിവരങ്ങൾ ഫോമിൽ പൂരിപ്പിക്കപ്പെടുകയുള്ളൂ. കൂടാതെ വിവരങ്ങൾ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്യുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത പക്ഷം ഈ ഫീച്ചർ സെറ്റിങ്സിൽ പോയി പൂർണ്ണമായി ഓഫ് ചെയ്യാനും സാധിക്കും.
പ്രാരംഭ ഘട്ടത്തിൽ യുഎസിലെ ഡെസ്‌ക്ടോപ്പ്, ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമായിതുടങ്ങിയിരിക്കുന്നത്. വ്യക്തിഗത അക്കൗണ്ടുകൾക്ക് മാത്രമാണ് നിലവിൽ ഇതിനുള്ള അനുമതിയുള്ളത്. ഔദ്യോഗിക, സ്കൂൾ അക്കൗണ്ടുകളിൽ ഈ ഫീച്ചർ ലഭ്യമാകില്ല.

