ഗൂഗ്ളിലും ദീപാവലി ഓഫർ; 11 രൂപക്ക് രണ്ട് ടെറാബൈററ് വരെ സ്റ്റോറേജ്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉത്സവകാലത്ത് ഓൺലൈൻ, ഓഫ്ലൈൻ വിപണികളിൽ സർവത്ര ഓഫറുകളുടെ പൂരമാണ്. ഇപ്പോഴിതാ ഗൂഗ്ളും തങ്ങളുടെ ദീപാവലി ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്ളൗഡ് സ്റ്റോറേജ് ലഭ്യമാവുന്ന ഗൂഗ്ൾ വൺ സബ്സ്ക്രിപ്ഷനുകളാണ് കുറഞ്ഞ നിരക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഓഫറനുസരിച്ച്, 11 രൂപക്ക് ഉപയോക്താക്കൾക്ക് രണ്ട് ടെറാബൈററ് വരെ സ്റ്റോറേജ് ലഭ്യമാവും. ഫോട്ടോകൾ, ഗൂഗ്ൾ ഡ്രൈവ്, ജിമെയിൽ എന്നിവയിലുടനീളം ഈ സ്റ്റോറേജ് പങ്കിടാനുമാവും. നിലവിൽ ബേസിക്, സ്റ്റാൻഡേർഡ്, ലൈറ്റ്, പ്രീമിയം പ്ലാനുകളുടെ വരിക്കാരായ ഉപയോക്താക്കൾക്കാണ് ഓഫർ ലഭ്യമാവുക.
ഉത്സവ സീസണിൽ, ലൈറ്റ്, ബേസിക്, സ്റ്റാൻഡേർഡ്, പ്രീമിയം പ്ലാനുകൾക്കുള്ള ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷനുകളുടെ വില 11 രൂപയായിരിക്കും. മൂന്ന് മാസത്തിന് ശേഷം, സാധാരണ നിരക്കുകൾ ഈടാക്കിത്തുടങ്ങും.
ഡ്രൈവ്, ജിമെയിൽ, ഫോട്ടോസ് എന്നിവയിലുടനീളം 30 ജിബി ക്ലൗഡ് സ്റ്റോറേജ് ലഭ്യമാക്കുന്നതാണ് ഗൂഗിൾ ലൈറ്റ് സബ്സ്ക്രിപ്ഷൻ. സാധാരണ പ്രതിമാസം 30 രൂപ ഈടാക്കുന്ന ഈ പ്ലാൻ നിലവിൽ 11 രൂപക്ക് മൂന്ന് മാസം വരെ ലഭ്യമാകും.
സമാനമായി, 130 രൂപക്ക് 100 ജി.ബി സ്റ്റോറേജ് ലഭ്യമാക്കുന്ന ബേസിക്, 210 രൂപക്ക് 200 ജി.ബി ലഭ്യമാക്കുന്ന സ്റ്റാൻഡേർഡ് പ്ലാനുകളും 11 രൂപക്ക് ലഭ്യമാവും. മൂന്ന് മാസത്തിന് ശേഷം ഇവയും സാധാരണ നിരക്കുകളിലേക്ക് മടങ്ങും.
പ്രതിമാസം 650 രൂപക്ക് രണ്ട് ടി.ബി വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്ന ഗൂഗിൾ വൺ പ്രീമിയം പ്ലാനും മൂന്ന് മാസത്തേക്ക് 11 രൂപക്ക് ഓഫറിലുണ്ട്. ഈ കാലയളവിൽ പുതിയ ഉപയോക്താക്കൾക്കും പ്ളാൻ വാങ്ങാനാവും.
വാർഷിക ഗൂഗിൾ വൺ പ്ലാനുകളിലും ദീപാവലിയുടെ തിളക്കമുണ്ട്. വർഷം 708 രൂപ നിരക്കുള്ള ലൈറ്റ് പ്ലാൻ 479 രൂപക്കാണ് ഗൂഗ്ൾ വാഗ്ദാനം ചെയ്യുന്നത്. 200 ജി.ബി സ്റ്റോറേജ് നൽകുന്ന ബേസിക്, 200 ജി.ബി നൽകുന്ന സ്റ്റാൻഡേർഡ് വാർഷിക പ്ലാനുകൾ യഥാക്രമം 1,560 രൂപയും 2,520 രൂപയുമായിരുന്നെങ്കിൽ ഓഫർ നിരക്ക് യഥാക്രമം 1,000 രൂപയും 1,600 രൂപയുമാണ്.
ഓഫറിൽ പ്രീമിയം പ്ലാൻ വാങ്ങുന്നവർക്ക് 2,900 രൂപ വരെ ലാഭിക്കാനാകുമെന്ന് ഗൂഗ്ൾ പറയുന്നു. മുമ്പ് 7,800 രൂപയായിരുന്ന പ്രീമിയം പ്ളാനിന് ഓഫർ നിരക്ക് പ്രതിവർഷം 4,900 രൂപയായി കുറച്ചിട്ടുണ്ട്.
പ്രതിമാസ പ്ലാനുകൾ പോലെ തന്നെ ഒക്ടോബർ 31 വരെ ഉപഭോക്താക്കൾക്ക് ഈ വാർഷിക പ്ലാനുകളും വാങ്ങാം. കൂടാതെ, ബേസിക്, സ്റ്റാൻഡേർഡ്, പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളിലുടനീളം ഉപയോക്താക്കൾക്ക് അവരുടെ ക്ളൗഡ് സംഭരണശേഷി മറ്റുള്ളവരുമായി പങ്കിടാൻ കഴിയുമെന്നും ഗൂഗ്ൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

