Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൂഗിൾ എ.ഐ മോഡിലും ഇനി പരസ്യങ്ങൾ; ഇന്ത്യയിലേക്കും വ്യാപിപ്പിച്ച് കമ്പനി

text_fields
bookmark_border
ഗൂഗിൾ എ.ഐ മോഡിലും ഇനി പരസ്യങ്ങൾ; ഇന്ത്യയിലേക്കും വ്യാപിപ്പിച്ച് കമ്പനി
cancel

ഗൂഗിളിൽ ഒരു സംശയം തിരയുമ്പോൾ ഇനി എ.ഐ നൽകുന്ന മറുപടികൾക്കിടയിലും പരസ്യങ്ങൾ കണ്ടേക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത തിരച്ചിൽ കൂടുതൽ ജനകീയമാകുന്ന സാഹചര്യത്തിൽ, എ.ഐ സെർച്ച് അനുഭവത്തിലേക്ക് പരസ്യങ്ങൾ വ്യാപിപ്പിക്കുകയാണ് ഗൂഗിൾ. ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിലേക്കാണ് പുതിയ മാറ്റം എത്തുന്നത്.2026 ഒക്ടോബർ 28-നാണ് ഗൂഗിൾ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആസ്‌ട്രേലിയ, കാനഡ, ഇന്ത്യ, കെനിയ, മലേഷ്യ, ന്യൂസിലൻഡ്, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് എ.ഐ മോഡിലെ പരസ്യങ്ങൾ വ്യാപിപ്പിക്കുന്നത്. അമേരിക്കയിൽ നേരത്തേ ആരംഭിച്ച സംവിധാനത്തിന്റെ തുടർച്ചയാണിത്. ബ്രസീൽ, മെക്സിക്കോ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കും 2026-ന്റെ അവസാനത്തോടെ ഇത്​ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

എന്താണ് ഗൂഗിളിന്റെ എ.ഐ മോഡ്?

സാധാരണ ഗൂഗിൾ സെർച്ചിൽ ഉപയോക്താക്കൾ ഏതാനും വാക്കുകളോ കീവേഡുകളോ ടൈപ്പ് ചെയ്യുമ്പോൾ വെബ്‌സൈറ്റുകളുടെ ലിങ്കുകളാണ് പ്രധാനമായും ലഭിക്കുന്നത്. എന്നാൽ എ.ഐ മോഡിൽ കൂടുതൽ വിശദമായ ചോദ്യങ്ങൾ ചോദിക്കാനും അവയ്ക്ക് സംഭാഷണരീതിയിൽ മറുപടി നേടാനും കഴിയും.ഉദാഹരണത്തിന്, 'നല്ലൊരു മൊബൈൽ ഫോൺ ഏതാണ്?' എന്ന് തിരയുന്നതിന് പകരം, '30,000 രൂപയിൽ താഴെ മികച്ച കാമറയും നല്ല ബാറ്ററി ലൈഫുമുള്ള ഫോൺ ഏതാണ്?' എന്ന് വിശദമായി ചോദിക്കാം. ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചും വിവരങ്ങൾ താരതമ്യം ചെയ്തും മുന്നോട്ടുപോകാം.ഇത്തരത്തിൽ തുടർച്ചയായ സംഭാഷണത്തിലൂടെ തിരച്ചിൽ നടത്താൻ സഹായിക്കുന്ന സംവിധാനമാണ് എ.ഐ മോഡ്. ഗൂഗിളിന്റെ കണക്കനുസരിച്ച്, പരമ്പരാഗത സെർച്ച് ചോദ്യങ്ങളേക്കാൾ ശരാശരി മൂന്നിരട്ടി നീളമുള്ളവയാണ് എഐ മോഡിലെ ചോദ്യങ്ങൾ.

എ.ഐ മറുപടികൾക്കിടയിൽ പരസ്യങ്ങൾ എങ്ങനെ വരും?

ഉപയോക്താവിന്റെ ചോദ്യം ഒരു ഉൽപ്പന്നവുമായോ സേവനവുമായോ ബന്ധപ്പെട്ടതാണെങ്കിൽ എ.ഐ നൽകുന്ന മറുപടിക്കുള്ളിലോ അതിനോട് ചേർന്നോ പരസ്യങ്ങൾ പ്രത്യക്ഷപ്പെടാം. ഉദാഹരണത്തിന്, ഒരു യാത്രയ്ക്കുള്ള ഹോട്ടൽ തിരയുകയോ പുതിയ ലാപ്‌ടോപ്പ് വാങ്ങാനുള്ള നിർദേശങ്ങൾ തേടുകയോ ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പരസ്യങ്ങൾ കാണാൻ സാധ്യതയുണ്ട്.

എന്നാൽ എല്ലാ ചോദ്യങ്ങൾക്കും പരസ്യം വരുമെന്ന് ഇതിനർഥമില്ല. വാണിജ്യപരമായ പ്രസക്തിയുള്ള തിരച്ചിലുകളിലാണ് പരസ്യങ്ങൾ കാണിക്കാനുള്ള സാധ്യത കൂടുതൽ. ഉപയോക്താവിന്റെ ചോദ്യം മാത്രമല്ല, എഐ മറുപടിയിൽ ഉയർന്നുവരുന്ന ആവശ്യങ്ങളും പരിഗണിച്ചായിരിക്കും പരസ്യങ്ങൾ തിരഞ്ഞെടുക്കുക.

പരസ്യവും എ.ഐ മറുപടിയും തിരിച്ചറിയാൻ കഴിയുമോ?

പരസ്യങ്ങളെ സാധാരണ എ.ഐ മറുപടികളിൽനിന്ന് വേർതിരിച്ചറിയാൻ കഴിയുന്ന രീതിയിലായിരിക്കും ഗൂഗിൾ അവതരിപ്പിക്കുക. പണം നൽകി പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾക്ക് 'Sponsored' എന്ന ലേബൽ ഉണ്ടായിരിക്കും.പരസ്യദാതാക്കൾ പണം നൽകുന്നതുകൊണ്ട് എഐയുടെ സ്വാഭാവിക മറുപടികൾക്ക് മാറ്റം വരില്ലെന്നും പരസ്യങ്ങൾ വ്യക്തമായി വേർതിരിച്ചായിരിക്കും കാണിക്കുകയെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഒരു ഉൽപ്പന്നത്തിന്റെ പരസ്യം കാണുന്നു എന്നതുകൊണ്ട് എഐ ആ ഉൽപ്പന്നത്തെ ഏറ്റവും മികച്ചതെന്ന് വിലയിരുത്തിയെന്നർഥമില്ല.

മലയാളത്തിൽ തിരയുന്നവർക്ക് മലയാളം പരസ്യങ്ങൾ ലഭിക്കുമോ?

ഇന്ത്യയിലേക്ക് സേവനം വ്യാപിപ്പിക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ പരസ്യങ്ങൾ ലഭിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ ഗൂഗിളിന്റെ നിലവിലെ പരസ്യസഹായ വിവരങ്ങൾ പ്രകാരം എഐ അധിഷ്ഠിത തിരച്ചിലിലെ പരസ്യങ്ങൾ ഇംഗ്ലീഷിലാണ് ലഭ്യമാകുന്നത്. പുതിയ രാജ്യങ്ങളിലേക്കുള്ള വ്യാപനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാ പ്രാദേശിക ഭാഷകളിലേക്കും പരസ്യങ്ങൾ ഒരേസമയം എത്തിയെന്ന് അർഥമില്ല. അതിനാൽ മലയാളത്തിൽ തിരയുന്നവർക്ക് മലയാളം പരസ്യങ്ങൾ ലഭ്യമാകുമെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാവില്ല.

പരസ്യദാതാക്കൾക്ക് എന്താണ് നേട്ടം?

പുതിയ സംവിധാനം വ്യാപാരികൾക്കും ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവർക്കും ഉപഭോക്താക്കളിലേക്ക് എത്താൻ മറ്റൊരു അവസരം തുറക്കുന്നു. പരമ്പരാഗത പരസ്യങ്ങളിൽ കൃത്യമായ കീവേഡുകൾ അടിസ്ഥാനമാക്കിയാണ് പലപ്പോഴും ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. എന്നാൽ എഐ മോഡിൽ ഒരാൾ വിശദമായി ചോദിക്കുന്ന ചോദ്യത്തിന്റെയും അതിന് ലഭിക്കുന്ന മറുപടിയുടെയും പശ്ചാത്തലത്തിൽ പ്രസക്തമായ പരസ്യങ്ങൾ നൽകാൻ കഴിയും. ഇതിനായി പരസ്യദാതാക്കൾ പ്രത്യേകം പുതിയ ക്യാംപെയ്‌നുകൾ ആരംഭിക്കേണ്ടതില്ലെന്നാണ് ഗൂഗിളിന്റെ വിശദീകരണം. നിലവിലുള്ള Search, Shopping, Performance Max ക്യാംപെയ്‌നുകൾക്ക് അനുയോജ്യമായ സാഹചര്യങ്ങളിൽ എഐ അധിഷ്ഠിത തിരച്ചിലിലും പരസ്യം പ്രദർശിപ്പിക്കാനുള്ള അവസരമുണ്ട്. എ.ഐ മോഡിൽ പരസ്യങ്ങളിൽനിന്ന് വരുമാനം നേടാനുള്ള ശേഷി പരമ്പരാഗത സെർച്ചിനെ അപേക്ഷിച്ച് ഇപ്പോഴും കുറവാണെന്നും ഇത് വളർച്ചയെ സ്വാധീനിച്ച ഘടകങ്ങളിലൊന്നാണെന്നും ആൽഫബെറ്റിന്റെ സാമ്പത്തിക ഫലങ്ങളുമായി ബന്ധപ്പെട്ട വിശദീകരണങ്ങളിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കറൻസി വ്യതിയാനങ്ങളും ചില പരസ്യ മേഖലകളിലെ ചെലവിടലിലെ മാറ്റങ്ങളും വളർച്ചയെ ബാധിച്ച ഘടകങ്ങളാണ്.

ഉപയോക്താക്കൾക്ക് എന്ത് മാറ്റമുണ്ടാകും?

ഗൂഗിളിന്റെ എഐ മോഡ് കൂടുതൽ ഉപയോഗിക്കുന്നവർക്കിടയിൽ പരസ്യങ്ങൾ തിരച്ചിലിന്റെ ഭാഗമാകുന്നതോടെ, ഇനി ലഭിക്കുന്ന മറുപടികളിൽ സ്പോൺസേർഡ് നിർദേശങ്ങളും ശ്രദ്ധിക്കേണ്ടിവരും. ഉൽപ്പന്നങ്ങളോ സേവനങ്ങളോ തിരഞ്ഞെടുക്കുമ്പോൾ പരസ്യവും സ്വതന്ത്രമായ വിവരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതും പ്രധാനമാണ്.

എഐ നൽകുന്ന മറുപടികൾക്കൊപ്പം പരസ്യങ്ങൾ കൂടി എത്തുന്നതോടെ ഡിജിറ്റൽ പരസ്യലോകത്തും വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്. ഉപയോക്താക്കൾക്ക് കൂടുതൽ പ്രസക്തമായ ഉൽപ്പന്നങ്ങളും സേവനങ്ങളും കണ്ടെത്താൻ ഇത് സഹായിക്കുമോ, അതോ എഐ മറുപടികളിലുള്ള വിശ്വാസത്തെ ബാധിക്കുമോ എന്നത് വരുംകാലത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Google AI Mode Ads Now Expand to India
Next Story