ഗൂഗ്ൾ അസിസ്റ്റന്‍റ് പണി നിർത്തുന്നു; ആൻഡ്രോയിഡ് ഉപയോക്താക്കളെ സഹായിക്കാൻ ഇനി ജെമിനൈ
text_fields2016ലാണ് ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗ്ൾ അസിസ്റ്റന്‍റ് അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് വോയിസ് കമാൻഡിലൂടെ ഫോണിനെ നിയന്ത്രിക്കാനാകുമെന്ന സവിശേഷതയുമായെത്തിയ ‘അസിസ്റ്റന്‍റി’ന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൂടി സംയോജിപ്പിച്ച ജെമിനൈയുടെ വരവോടെ ഗൂഗ്ൾ അസിസ്റ്റന്‍റ് അപ്രസക്തമായിരിക്കുകയാണ്. ഈ വർഷം തന്നെ അസിസ്റ്റന്റിന്‍റെ സേവനം അവസാനിപ്പിച്ച് ജെമിനൈയെ പകരക്കാരനാക്കാനുള്ള തയാറെടുപ്പിലാണ് ഗൂഗ്ൾ.
‘ഒരു ദശാബ്ദത്തിനിപ്പുറം, മറ്റൊരു പ്ലാറ്റ്ഫോം ഷിഫ്റ്റിനുള്ള തയാറെടുപ്പിലാണ് ഞങ്ങൾ. സാങ്കേതിക വിദ്യയുമായുള്ള ആശയവിനിമയത്തിൽ ജെനറേറ്റിവ് എ.ഐ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു’ -ഗൂഗ്ൾ പ്രസ്താവനയിൽ പറയുന്നു. ആൻഡ്രോയിഡ് 9, അതിനു മുമ്പുള്ള വേർഷനുകളിലും രണ്ട് ജി.ബിയിൽ കുറവ് റാം ശേഷിയിലും പ്രവർത്തിക്കുന്ന ഫോണുകളിൽ ഗൂഗ്ൾ അസിസ്റ്റന്‍റ് സേവനം തുടരും.
പിക്സൽ, സാംസങ്, വൺപ്ലസ്, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളിൽ പുറത്തിറങ്ങുന്ന പുതിയ ആൻഡ്രോയിഡ് ഫോണുകളിൽ ജെമിനൈയാണ് ഡിഫോൾട്ട് അസിസ്റ്റന്‍റ്. ഈ സാഹചര്യത്തിലാണ് പൂർണമായും ഇത്തരത്തിൽ ഷിഫ്റ്റ് ചെയ്യാൻ ഗൂഗ്ൾ തയാറെടുക്കുന്നത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇപ്പോൾതന്നെ ജെമിനൈയിലേക്ക് മാറിയെന്ന് ഗൂഗ്ൾ ചൂണ്ടിക്കാണിക്കുന്നു.
ഈ വർഷം അവസാനത്തോടെ പൂർണമായും മാറ്റം നിലവിൽവരും. ഉപയോക്താക്കൾക്ക് പേഴ്സനലൈസ്ഡ് എക്സ്പീരിയൻസ് നൽകുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗൂഗ്ൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

