മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ ഭീതി; മേയ് 20 മുതൽ 8,000 പേരെ ഒഴിവാക്കിയേക്കും
text_fieldsന്യൂയോർക്ക്: ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിൽ വീണ്ടുമൊരു വൻ പിരിച്ചുവിടൽ ഭീതി. 2026-ൽ മാത്രം ഏകദേശം 22,000 ജീവനക്കാരെ ഒഴിവാക്കാൻ കമ്പനി ലക്ഷ്യമിടുന്നതായും ഇതിന്റെ ആദ്യ ഘട്ടമായി 8,000 പേരെ മേയ് 20-ഓടെ പിരിച്ചുവിടുമെന്നുമാണ് റിപ്പോർട്ടുകൾ. മുൻപ് നടന്ന ഒരു പിരിച്ചുവിടലിന്റെ തലേദിവസം ജോലി നഷ്ടപ്പെടുമെന്നുറപ്പായ ജീവനക്കാർ ഓഫീസിലെ സൗജന്യ ലഘുഭക്ഷണങ്ങളും ചാർജറുകളും ബാഗുകളിൽ വാരിനിറച്ചെന്ന മുൻ ജീവനക്കാരി അദെൽ വുവിന്റെ വെളിപ്പെടുത്തൽ പുതിയ കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുകയാണ്.
തന്റെ അവസാന വർഷത്തിൽ മെറ്റയിൽ പലതവണ പിരിച്ചുവിടൽ നേരിട്ട വ്യക്തിയാണ് അദെൽ വു. എന്നാൽ ഇത്തവണത്തെ സാഹചര്യം വളരെ ഭീതിജനകമാണെന്ന് അവർ പറയുന്നു. അവിടെയുള്ള ജീവനക്കാർ വലിയ ആശങ്കയിലാണ്. ഇപ്പോഴത്തെ അന്തരീക്ഷം വളരെ ദയനീയമാണെന്നും സമാധാനമുള്ള അന്തരീക്ഷമുണ്ടായിരുന്ന 2021-ലെ നാളുകളെ തങ്ങൾ മിസ്സ് ചെയ്യുന്നുണ്ടെന്നും നിലവിലെ ചില ജീവനക്കാർ പറയുന്നു.
ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ജീവനക്കാർക്കിടയിൽ ഇപ്പോൾ വിചിത്രമായ ചില കാര്യങ്ങൾ നടക്കുന്നുണ്ട്. ഓഫീസിലെ ലീഡർ ബോർഡുകൾ ഇപ്പോൾ ജീവനക്കാരെ റാങ്ക് ചെയ്യുന്നത് അവർ എത്രത്തോളം മെറ്റയുടെ എ.ഐ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഈ റാങ്കിങിൽ താഴെപ്പോയാൽ ജോലി പോകുമെന്ന് പേടിച്ച് ജീവനക്കാർ മെറ്റയുടെ ചാറ്റ്ബോട്ടിനോട് അർത്ഥമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് റാങ്ക് കൂട്ടാൻ ശ്രമിക്കുകയാണ്.
പിരിച്ചുവിടൽ തീരുമാനങ്ങളിൽ എ.ഐ ഉപയോഗം ഒരു ഘടകമാകില്ല എന്ന് എച്ച്.ആർ വ്യക്തമാക്കിയെങ്കിലും ജീവനക്കാർക്കതിൽ വിശ്വാസമില്ല. വീഡിയോ മീറ്റിംഗുകളിൽ സ്വയം പ്രവർത്തിക്കുന്ന എ.ഐ നോട്ട്-ടേക്കിങ് സംവിധാനം ജീവനക്കാർ തന്നെ ഓഫ് ചെയ്യുകയാണ്. തങ്ങളിൽ ആർക്കൊക്കെയാണ് അടുത്തതായി ജോലി നഷ്ടപ്പെടുക എന്ന് എ.ഐ അറിയാതെ രഹസ്യമായി സംസാരിക്കാനാണ് അവർ ഇങ്ങനെ ചെയ്യുന്നത്.
മെറ്റയിലെ പിരിച്ചുവിടൽ രീതികളും വളരെ പെട്ടെന്നുള്ളതാണ്. രാവിലെ 7 മണിക്ക് ജീവനക്കാരുടെ വ്യക്തിഗത ഇമെയിലിലേക്ക് സന്ദേശമെത്തും. ആ മെയിൽ തുറക്കുമ്പോഴേക്കും കമ്പനിയിലെ അവരുടെ ഔദ്യോഗിക അക്കൗണ്ടുകളെല്ലാം ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകും. സഹപ്രവർത്തകരിൽ ആരുടെയൊക്കെ അക്കൗണ്ടുകളാണ് റദ്ദാക്കപ്പെട്ടതെന്ന് തത്സമയം ട്രാക്ക് ചെയ്യാൻ ഒരു എഞ്ചിനീയർ പ്രത്യേക സ്ക്രിപ്റ്റ് വരെ തയ്യാറാക്കിയിട്ടുണ്ട്.
ഇതിനിടയിൽ തങ്ങളുടെ ജോലിക്ക് പകരമായി ഒരു എ.ഐ സിസ്റ്റം നിർമ്മിക്കുന്ന ടീമുകൾക്ക് അവരെ ജോലിയിൽ നിന്ന് ഒഴിവാക്കുന്നതിന് മുൻപ് അഞ്ച് വർഷത്തെ ശമ്പളം ഒന്നിച്ച് നൽകണമെന്ന് ആവശ്യപ്പെടുന്ന ഒരു പോസ്റ്റും കമ്പനിക്കുള്ളിൽ വന്നിട്ടുണ്ട്.
എ.ഐ രംഗം വളരെ വേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നതെന്നും ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കൃത്യമായി പ്രവചിക്കാൻ ആർക്കും കഴിയില്ലെന്നും അടുത്തിടെ നടന്ന ഒരു മീറ്റിംഗിൽ മെറ്റാ മേധാവി മാർക്ക് സുക്കർബർഗ് ജീവനക്കാരോട് പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും കമ്പനി മാനേജ്‌മെന്റ് ജീവനക്കാർക്കായി തങ്ങളുടെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

