തദ്ദേശീയമായി വികസിപ്പിച്ച ആളില്ലാ വിമാനം പുറത്തിറക്കി
text_fieldsഫ്ലയിങ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്റോ സ്പേസ് കമ്പനി ബംഗളൂരുവിൽ പുറത്തിറക്കിയ ‘കാല് ഭൈരവ് ഇ2എ2 വിമാനം
ബംഗളൂരു: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനം പുറത്തിറക്കി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലയിങ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്റോ സ്പേസ് കമ്പനി. ‘കാല് ഭൈരവ് ഇ2എ2’ എന്ന പേരിലാണ് മീഡിയം ആള്‍ട്ടിറ്റ്യൂഡ് ലോങ് എന്‍ഡ്യൂറന്‍സ്(എം.എ.എല്‍.ഇ) ചെറുവിമാനം വികസിപ്പിച്ചെടുത്തത്. പ്രതിരോധരംഗത്ത് സ്വയം പര്യാപ്ത കൈവരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആത്മനിര്‍ഭാരത് പദ്ധതിയുടെ ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഈ കാല്‍വെപ്പെന്ന് സി.ഇ.ഒ സുഹാസ് തേജസ്കന്ദ പറഞ്ഞു.
ബംഗളൂരുവില്‍ നിര്‍മിച്ച കാല ഭൈരവയുടെ 80 ശതമാനം ഭാഗങ്ങളും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തതാണ്. 20,000 അടി ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന വിമാനത്തിന്റെ ടേക് ഓഫ്, ലാന്‍ഡിങ് എന്നിവക്കായി ചെറിയ റണ്‍ വേ മാത്രമേ ആവശ്യമുള്ളൂ. സെക്കൻഡിൽ 80 മീറ്ററാണ് പരമാവധി വേഗം.
ഏഴ് വിവിധ തരത്തിലുള്ള എൻജിനുകള്‍ വിമാനത്തിലുണ്ട്. 3000 കിലോ മീറ്റർ പരിധിയിൽ 30 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ വിമാനത്തിന് സാധിക്കുമെന്നതാണ് സവിശേഷത. 6.5 മീറ്ററാണ് ചിറകുകൾ തമ്മിലെ അകലം. യു.എസ്, ഇസ്രായേല്‍, തുര്‍ക്കി, ഇറാന് എന്നീ രാജ്യങ്ങള്‍ വ്യോമ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് സഹായങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന പ്രതിരോധ വിമാനങ്ങള്‍ ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്ന് കമ്പനി സി.ഇ.ഒ പറഞ്ഞു.
അടുത്ത വിമാനം ഓപറേഷൻ 77 എന്ന പേരിൽ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോഞ്ചിങ് ചടങ്ങിൽ ഡി.ബി.വി നരസിംഹ, പ്രജ്വല്‍, ഡോ. ലീല, നുപുര്‍, ശുഭറാം എന്നിവരും പങ്കെടുത്തു. ശുഭറാം, ആര്.എസ്. റാവു, രാധാകൃഷ്ണന്, ഗിരീഷ് ദീക്ഷിത്, മഹേഷ്, നരഹരി, ഋഷി, രാം കുമാര്‍, ലെഫ്. കേണല്‍ സുനില്‍, സമ്പത്ത്, ബാല സുബ്രമണ്യം, നന്ദിനി എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

