സ്വദേശി കരുത്ത് കടലിൽ; ആദ്യ മൾട്ടി പർപ്പസ് വെസൽ ‘സമർഥക്’ നാവികസേനക്ക് കൈമാറി
text_fieldsന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ആദ്യ തദ്ദേശീയ ബഹുമുഖ കപ്പലായ (മൾട്ടി പർപ്പസ് വെസൽ) ‘സമർഥക്’ നാവികസേനക്ക് ഔദ്യോഗികമായി കൈമാറി. ചെന്നൈക്ക് സമീപമുള്ള കാട്ടുപള്ളിയിലെ ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) കപ്പൽനിർമാണശാലയിൽ നിർമിച്ച കപ്പലാണ് ഓഗസ്റ്റ് 27-ന് നാവികസേനയുടെ സേവനത്തിനായി കൈമാറിയത്.
കപ്പലിന്റെ 75 ശതമാനത്തിലധികം ഘടകങ്ങളും ഇന്ത്യയിൽ നിർമിച്ചതാണ്. പുതിയ നാവിക ആയുധങ്ങൾ, സെൻസറുകൾ, മറ്റ് സാങ്കേതിക സംവിധാനങ്ങൾ എന്നിവയുടെ പരീക്ഷണത്തിനും മൂല്യനിർണയത്തിനുമാണ് പ്രധാനമായും സമർഥക് ഉപയോഗിക്കുക. കൂടാതെ സമുദ്രനിരീക്ഷണം, സർവേ, ഓഫ്‌ഷോർ പട്രോളിങ്, ദുരന്തനിവാരണ-മാനുഷിക സഹായ പ്രവർത്തനങ്ങൾ എന്നിവക്കും കപ്പൽ വിനിയോഗിക്കും.
3,750 ടണ്ണിലധികം ഭാരം വഹിച്ചുകൊണ്ട് സഞ്ചരിക്കാൻ കഴിവുളള സമർഥക്കിന് 15 നോട്ട്സ് വരെ വേഗത കൈവരിക്കാൻ കഴിയും. 107 മീറ്റർ നീളവും 18.6 മീറ്റർ വീതിയുമുള്ള കപ്പലിന് വ്യോമ, ഉപരിതല, ജലാന്തർ ലക്ഷ്യങ്ങളെ വിക്ഷേപിക്കാനും തിരിച്ചുപിടിക്കാനും ശേഷിയുണ്ട്. ഗണ്ണറി പരിശീലനങ്ങൾക്കും സബ്മറൈൻ വിരുദ്ധ യുദ്ധാഭ്യാസങ്ങൾക്കും ഇത് സഹായകമാകും.
ആളില്ലാ വ്യോമ-ഉപരിതല വാഹനങ്ങൾ പ്രവർത്തിപ്പിക്കാനും ടോർപിഡോകൾ വിക്ഷേപിക്കാനും മറ്റ് കപ്പലുകളെ വലിച്ചുനീക്കാനും കപ്പലിന് കഴിയും. രക്ഷാപ്രവർത്തനങ്ങൾ, കടൽമലിനീകരണ നിയന്ത്രണം, ദ്വീപ് പ്രദേശങ്ങളിലേക്കുള്ള ലോജിസ്റ്റിക് പിന്തുണ എന്നിവക്കും സമർഥക് ഉപയോഗിക്കാനാകും. പരിമിതമായ ആശുപത്രി സൗകര്യങ്ങളും കപ്പലിലുണ്ട്.
2022 മാർച്ച് 25-ന് പ്രതിരോധ മന്ത്രാലയവും എൽ ആൻഡ് ടിയും തമ്മിൽ ഒപ്പുവെച്ച 887 കോടി രൂപയുടെ ‘ബൈ (ഇന്ത്യൻ)’ കരാറിന്റെ ഭാഗമായാണ് കപ്പൽ നിർമിച്ചത്. കരാറിന്റെ ഭാഗമായി നിർമിക്കുന്ന രണ്ട് ബഹുമുഖ കപ്പലുകളിൽ ആദ്യത്തേതാണ് സമർഥക്. രണ്ടാമത്തെ കപ്പലായ ഐ.എൻ.എസ്. ഉത്കർഷ് നിലവിൽ പരീക്ഷണഘട്ടത്തിലാണ്.
പ്രതിരോധ ഉൽപ്പാദന മേഖലയിലെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിൽ സമർഥകിന്റെ സേവനം നിർണായകമാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കപ്പലിന്റെ ഔദ്യോഗിക കമ്മീഷൻ തീയതി പിന്നീട് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

