
ഷവോമിക്ക് മുട്ടൻ പണി; 5551 കോടി രൂപ കണ്ടുകെട്ടാൻ അനുമതി
text_fieldsന്യൂഡൽഹി: വിദേശ നാണയ വിനിമയ ചട്ടലംഘനത്തിന് ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമിയുടെ 5551 കോടി രൂപ കണ്ടുകെട്ടാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവിന് വിദേശ നാണയവിനിമയ മാനേജ്മെന്റ് നിയമപ്രകാരമുള്ള അതോറിറ്റിയുടെ അനുമതി. ഇതോടെ വിദേശ കമ്പനിയുടെ രാജ്യത്തെ ഏറ്റവും വലിയ ഫണ്ട് മരവിപ്പിക്കലിനാണ് കളമൊരുങ്ങുന്നത്.
യു.എസ് ആസ്ഥാനമായ രണ്ട് സ്ഥാപനങ്ങൾക്കും ഒരു സ്വന്തം ഗ്രൂപ് കമ്പനിക്കുമാണ് ഷവോമി, 5,551.27 കോടി രൂപക്ക് തുല്യമായ വിദേശ കറൻസി അനധികൃതമായി കൈമാറിയത്. ഇത് ചട്ടലംഘനമായതിനാൽ ഫെമ പ്രകാരം ഈ ബാങ്ക് നിക്ഷേപങ്ങൾ പിടിച്ചെടുക്കാൻ ഏപ്രിൽ 29ന് ഇ.ഡി നിർദേശം നൽകിയിരുന്നു. വിദേശ വിനിമയ ചട്ടലംഘനങ്ങൾ സംബന്ധിച്ച അതോറിറ്റി ഈ നിർദേശങ്ങൾ പരിശോധിച്ച് അനുമതി നൽകണമെന്നാണ് ചട്ടം. ജോയന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയാണ് ഇതിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തേണ്ടതെന്നും ഫെമ ചട്ടത്തിൽ നിർദേശിക്കുന്നുണ്ട്.
5,551.27 കോടി രൂപക്ക് തുല്യമായ വിദേശനാണ്യം ഷവോമി ഇന്ത്യ, അനധികൃതമായി ഇന്ത്യക്ക് പുറത്തേക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായതായി ഇ.ഡി ഉത്തരവിന് അനുമതി നൽകിക്കൊണ്ട് അതോറിറ്റി പറഞ്ഞു. പണം കൈമാറ്റം ചെയ്ത കമ്പനികളിൽനിന്നും ഷവോമി ഒരുതരത്തിലുള്ള സേവനവും കൈപ്പറ്റിയിട്ടില്ലെന്നും അതിനാൽ ഈ ഇടപാട് അനധികൃതമാണെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. പണം വിദേശത്തേക്ക് അയക്കുന്നത് സംബന്ധിച്ച് ബാങ്കുകളെ കമ്പനി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. 2014ൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ ഷവോമി 2015 മുതൽ ഇങ്ങനെ പണം അയച്ചിരുന്നതായും കണ്ടെത്തി. ഇന്ത്യയിൽ എം.ഐ എന്ന ബ്രാൻഡ് മൊബൈൽ ഫോണുകളുടെ വ്യാപാരിയും വിതരണക്കാരനുമാണ് ഷവോമി ഇന്ത്യ.
ഇ.ഡി ഉത്തരവിനെതിരെ ഷവോമി ഇന്ത്യ കർണാടക ഹൈകോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നെങ്കിലും ജൂലൈ അഞ്ചിന് കോടതി തള്ളിയിരുന്നു.
