ഫേസ്ബുക്ക് ഫീഡ് ഇനി നിങ്ങളുടെ ഇഷ്ടത്തിന് ക്രമീകരിക്കാം; യുവർ അൽഗൊരിതം ഫീച്ചർ അവതരിപ്പിച്ച് മെറ്റ
text_fieldsഇനി മുതൽ നിങ്ങളുടെ ഫീഡിൽ എന്ത് വരണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തവും അനുയോജ്യവുമായ ഉള്ളടക്കങ്ങൾ ലഭ്യമാക്കുന്നതിനായി പുതിയ എഐ ടൂളുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. ഉപയോക്താക്കൾക്ക് തങ്ങൾക്ക് കാണേണ്ട വിവരങ്ങൾ സ്വന്തം വാക്കുകളിൽ തന്നെ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെടാനും അതിനനുസരിച്ച് ഫീഡും റീൽസും തത്സമയം ക്രമീകരിക്കാനും സൗകര്യമൊരുക്കുന്നതാണ് ഈ പുതിയ രീതി.
ഓരോ പോസ്റ്റിന്റെയും വശത്തുള്ള ത്രീ-ഡോട്ട് മെനുവിലൂടെ ഉപയോക്താക്കൾക്ക് ഈ പുതിയ നിയന്ത്രണങ്ങൾ ലഭ്യമാകും. പുതിയ എഐ സംവിധാനത്തിലൂടെ യുവർ അൽഗൊരിതം എന്ന പ്രത്യേക ഫീച്ചർ ഫേസ്ബുക്ക് അവതരിപ്പിച്ചു. തങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങൾ ഏതൊക്കെയാണെന്ന് ഉപയോക്താക്കൾക്ക് നേരിട്ട് ചേർക്കാനും മാനേജ് ചെയ്യാനും ഇതുവഴി സാധിക്കും. ത്രീ ഡോട്ട് മെനുവിലൂടെ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഫീഡിലോ റീൽസിലോ കാണുന്ന പോസ്റ്റുകളിൽ ഇൻട്രസ്റ്റഡ് അല്ലെങ്കിൽ നോട്ട് ഇൻട്രസ്റ്റഡ് എന്ന് നൽകിയ ശേഷം എന്തുകൊണ്ടാണ് ആ പോസ്റ്റ് ഇഷ്ടപ്പെട്ടതെന്നോ ഇഷ്ടപ്പെടാത്തതെന്നോ സ്വന്തം വാക്കുകളിൽ ഫേസ്ബുക്കിനോട് വിശദീകരിക്കാം. ഉപയോക്താക്കളുടെ പ്രതികരണങ്ങൾക്കനുസരിച്ച് ഡിസ്പ്ലേയിൽ കാണിക്കുന്ന ഉള്ളടക്കങ്ങൾ ആ സമയത്തുതന്നെ മാറിവരുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ലഭ്യമായ ഡാറ്റ അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന പഴയ രീതിയിൽ നിന്ന് മാറി, ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM) ഉപയോഗിച്ചാണ് പുതിയ റാങ്കിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വാഭാവിക ഭാഷയിലുള്ള നിർദ്ദേശങ്ങളും താല്പര്യങ്ങളും മനസ്സിലാക്കാൻ എൽഎൽഎമ്മിന് സാധിക്കും.
ഇതുവരെ ലൈക്കുകളിലൂടെയും കമന്റുകളിലൂടെയും ഫേസ്ബുക്ക് മനസ്സിലാക്കിയിരുന്ന താല്പര്യങ്ങൾക്ക് പുറമേ നേരിട്ടുള്ള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഫീഡും റീൽസും ഉപയോക്താവിന് ഏറ്റവും അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുകയാണ് ഈ പുതിയ ഫീച്ചറിലൂടെ മെറ്റ ലക്ഷ്യമിടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

