
ഫേസ്ബുക്കിന് വട്ടായോ..! ഫീഡിൽ നിറയെ വിചിത്ര പോസ്റ്റുകൾ; പരാതിയുമായി യൂസർമാർ
text_fieldsഫേസ്ബുക്ക് പ്രവർത്തനരഹിതമായെന്ന പരാതിയുമായി ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾ രംഗത്ത്. ആപ്പിൽ പലതരത്തിലുള്ള പ്രശ്നങ്ങളുള്ളതായും ചിലർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധിയാളുകളാണ് സമൂഹ മാധ്യമങ്ങളിൽ 'ഫേസ്ബുക് ഡൗൺ' ഹാഷ്ടാഗുകളുമായി എത്തിയത്. തങ്ങളുടെ ഫേസ്ബുക്ക് ന്യൂസ്ഫീഡുകളിൽ വിചിത്രമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതായും ചിലർ പരാതിപ്പെടുന്നുണ്ട്.
ലേഡി ഗാഗ, നിർവാണ, ദ ബീറ്റിൽസ് അടക്കമുള്ള ലോകപ്രശസ്ത സെലിബ്രിറ്റികളുടെ അക്കൗണ്ടുകളിൽ നിന്നുള്ള വിചിത്രമായ സ്പാം പോസ്റ്റുകൾ ഫേസ്ബുക്ക് ഫീഡിൽ കാണിക്കുന്നതായാണ് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടത്. തങ്ങളുടെ സുഹൃത്തുക്കളും മറ്റും പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും സന്ദേശങ്ങളും കാണാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ബുധനാഴ്ച രാവിലെ ഏകദേശം 11:00 മണിയോടെ ആരംഭിച്ച പ്രശ്നം ഉച്ചയ്ക്ക് ഒരു മണിയോടെ ഉച്ചസ്ഥായിയിലെത്തി.
ആദ്യം അന്താരാഷ്ട്രതലത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ ഒടുവിൽ ഇന്ത്യയിൽ നിന്നുള്ള നിരവധി ഉപയോക്താക്കളും സമാന പരാതിയുമായി എത്താൻ തുടങ്ങിയിട്ടുണ്ട്. സ്‌പാം പോസ്റ്റുകളും സെലിബ്രിറ്റി അക്കൗണ്ടുകളിൽ നിന്നുള്ള മീമുകളും നിറഞ്ഞ തങ്ങളുടെ ടൈംലൈനുകളുടെ സ്‌ക്രീൻഷോട്ടുകൾ നിരവധി യൂസർമാർ പങ്കുവെച്ചിട്ടുണ്ട്. അതോടെ ചില തട്ടിപ്പുകാർ സാഹചര്യം മുതലെടുക്കാനുള്ള ശ്രമവും തുടങ്ങി. യൂസർമാരിൽ നിന്ന് പണവും ക്രിപ്‌റ്റോകറൻസിയും അപഹരിക്കാനായി നിരവധി വ്യാജ ലിങ്കുകളാണ് പ്രത്യക്ഷപ്പെട്ടത്.
പ്രതികരണവുമായി ഫേസ്ബുക്ക്:-
അതേസമയം, പ്രശ്നം ഗുരുതരമായതോടെ ഫേസ്ബുക്ക് അവരുടെ വക്താവ് മുഖേന തങ്ങളുടെ വിശദീകരണം അറിയിച്ചു. കോൺഫിഗറേഷൻ മാറ്റമാണ് ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നത്തിന് കാരണമായതെന്നും കമ്പനി ഇപ്പോൾ പിശക് പരിഹരിച്ചതായും ഫേസ്ബുക്ക് വക്താവ് പറഞ്ഞു. അസൗകര്യം നേരിട്ടതിൽ തങ്ങൾ ക്ഷമ ചോദിക്കുന്നതായും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
