ഇനി സെൽഫിയിലൂടെ ഹെൽത്ത് ചെക് അപ് ചെയ്യാം
text_fieldsമുഖം വിശകലനംചെയ്ത് രോഗിയുടെ ആരോഗ്യം വിശകലനംചെയ്യാൻ ഡോക്ടർമാരെ സഹായിക്കുന്ന എ.ഐ ടൂൾ വന്നിരിക്കുന്നു. FaceAge എന്ന പേരിലുള്ള, വൈദ്യരംഗത്തുള്ളവർ പറയുന്ന ‘ഐബാൾ ടെസ്റ്റ്’ അടിസ്ഥാനമാക്കിയുള്ള മോഡലാണിത്. ഒരാളുടെ ഏകദേശ ആരോഗ്യം, ഒറ്റനോട്ടത്തിലൂടെ വിലയിരുത്തുന്നു എന്നർഥം. ബോസ്റ്റണിലെ മാസ് ജനറൽ ബ്രിഗ്ഹാം എന്ന നോൺ പ്രോഫിറ്റ് ഹെൽത്ത്കെയർ ഇനീഷ്യേറ്റിവാണ് ടൂൾ വികസിപ്പിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ ഉപയോഗത്തിനായി ചികിത്സാരംഗത്ത് അവതരിപ്പിക്കുന്നതിനു മുമ്പ് ഇനിയും ഗവേഷണം നടത്തുമെന്നും നിർമാതാക്കൾ പറയുന്നു.
ബയോളജിക്കൽ & ക്രോണോളജിക്കൽ ഏജ്
ഒരാൾ ജനിച്ച വർഷം മുതൽ കണക്കാക്കുന്നതാണല്ലോ ക്രോണോളജിക്കൽ ഏജ് എന്നത്. എന്നാൽ, ഒരാളുടെ ആരോഗ്യത്തിന്റെയും ജീവിതശൈലിയുടെയും അടിസ്ഥാനത്തിൽ അയാളുടെ ശരീരത്തിന് എത്ര പ്രായമായെന്ന് കണക്കാക്കുന്നതിനെയാണ് ബയോളജിക്കൽ ഏജ് എന്നു പറയുന്നത്. ശാരീരികനിലയുടെയും പ്രവർത്തനക്ഷമതയുടെയും ആകത്തുകയെ, ജന്മദിനം അടിസ്ഥാനമാക്കിയുള്ള വയസ്സുമായി താരതമ്യംചെയ്താണ് ഇത് കണ്ടെത്തുക.
ഫേസ് ഏജ് എങ്ങനെ?
ഒരു സെൽഫിയിലൂടെ ഒരാളുടെ ബയോളജിക്കൽ വയസ്സ് വിശകലനംചെയ്ത് പറയാൻ സാധിക്കുന്ന ഒരു ഡീപ് ലേണിങ് അൽഗോരിതമാണ് ഫേസ് ഏജ്. രോഗിക്ക് ഏറ്റവും അനുയോജ്യമായ ചികിത്സ നൽകുന്നതിൽ ബയോളജിക്കൽ ഏജ് സുപ്രധാനമാണ്. ഉദാഹരണത്തിന്, ഒരു അർബുദ രോഗിക്ക്, അയാളുടെ ജന്മദിനാടിസ്ഥാനമായ വയസ്സിനേക്കാൾ കുറവാണ് ബയോളജിക്കൽ ഏജ് എങ്കിൽ കടുപ്പമേറിയ ചികിത്സകൾ ഡോക്ടർക്ക് നിർദേശിക്കാൻ കഴിയും. അത്തരം ചികിത്സകൾ താങ്ങാനുള്ള ആരോഗ്യം രോഗിക്ക് ഉണ്ടെന്ന് ഡോക്ടർക്ക് മനസ്സിലായത് ബയോളജിക്കൽ ഏജ് വിലയിരുത്തിയതിൽകൂടി ആണ്.
60 വയസ്സു മുതലുള്ള, ആരോഗ്യവാൻമാരാണെന്ന് കരുതുന്ന 9000 പേരുടെ ഫോട്ടോകൾ നൽകിയാണ് ഫേസ് ഏജിനെ പരിശീലിപ്പിച്ചത്. വിക്കിമീഡിയ, സിനിമ ഡാറ്റാബേസായ ഐ.എം.ഡി.ബി തുടങ്ങിയവയിൽനിന്ന് ഡൗൺലോഡ് ചെയ്ത ചിത്രങ്ങളായിരുന്നു അത്. UTKFace എന്ന ഡേറ്റാസെറ്റിൽനിന്നുള്ള, 116 വയസ്സു വരെയുള്ളവരുടെ ചിത്രങ്ങളും പരിശീലനത്തിനായി നൽകിയിരുന്നു.
‘മനുഷ്യർ വിലയിരുത്തുംപോലെയല്ല അൽഗോരിതം വയസ്സ് കണക്കാക്കുക. കഷണ്ടി, നര തുടങ്ങിയവക്ക് അൽഗോരിതം ചെറിയ പ്രാധാന്യം മാത്രമേ നൽകൂ’ -ഗവേഷകസംഘാംഗമായ ഹ്യൂഗോ അയേർട്സ് വിശദീകരിക്കുന്നു.
കൃത്യത എത്രമാത്രം?
ഐബാൾ ടെസ്റ്റ് എന്ന് ഡോക്ടർമാർ വിളിക്കുന്ന, ഒറ്റനോട്ടത്തിൽ ആളുടെ ആരോഗ്യാവസ്ഥ വിലയിരുത്തുന്ന പതിവ് പ്രവർത്തനത്തിന് സഹായിയാവുക എന്നതാണ് ഫേസ് ഏജിന്റെ കടമയെന്നും ഡോക്ടർക്കു പകരമാവുകയല്ല ലക്ഷ്യമെന്നും നിർമാതാക്കൾ പറയുന്നു. 6200 അർബുദ രോഗികളുടെ ചിത്രങ്ങൾ ഫേസ് ഏജിന് നൽകി പരീക്ഷിച്ചപ്പോൾ, ക്രോണോളജിക്കൽ വയസ്സിനേക്കാൾ ശരാശരി അഞ്ചു വയസ്സ് കൂടുതലായാണ് ബയോളജിക്കൽ വയസ്സ് അൽഗോരിതം കണ്ടെത്തിയതെന്നും ഗവേഷകർ വ്യക്തമാക്കുന്നു. യഥാർഥ ചികിത്സാരംഗത്ത് ഇത് വിന്യസിക്കണമെങ്കിൽ ഇനിയും ഗവേഷണം പൂർത്തിയാക്കാനുണ്ടെന്നും അണിയറക്കാർ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

