
ന്യൂറാലിങ്കിന്റെ ചിപ്പ് തലച്ചോറിൽ ഘടിപ്പിക്കാൻ തയ്യാറുണ്ടോ..? രജിസ്ട്രേഷൻ തുടങ്ങി മസ്കിന്റെ കമ്പനി
text_fieldsഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് എന്ന കമ്പനി വർഷങ്ങളായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിക്കാവുന്ന ചിപ്പിന്റെ പരീക്ഷണങ്ങളിലായിരുന്നു. ഒടുവിൽ ബ്രെയിൻ ചിപ്പ് മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ് മസ്കിന്റെ കമ്പനിക്ക്.
പക്ഷാഘാതം ബാധിച്ച രോഗികളെ കേന്ദ്രീകരിച്ച് നടത്തുന്ന ആറ് വർഷത്തെ പഠനത്തിന്റെ ഭാഗമായി ബ്രെയിൻ ഇംപ്ലാന്റ് ടെസ്റ്റ് ചെയ്യുന്നതിനുള്ള രോഗികളെ റിക്രൂട്ട് ചെയ്യാൻ തയ്യാറെടുപ്പ് തുടങ്ങിയതായി ന്യൂറോ ടെക്നോളജി കമ്പനി കഴിഞ്ഞ ചൊവ്വാഴ്ച അറിയിച്ചിരുന്നു. റിവ്യു ബോർഡിന്റെ അനുമതി കിട്ടുന്ന മുറക്ക് ചിപ്പ് മനുഷ്യരുടെ തലച്ചോറിൽ ഘടിപ്പിച്ചുള്ള പരീക്ഷണം തുടങ്ങും. പദ്ധതിയുമായി സഹകരിച്ച് ബ്രെയിൻ ഇംപ്ലാന്റ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാകാനും തയ്യാറുള്ള രോഗികളെ ക്ഷണിച്ചിരിക്കുകയാണ് ന്യൂറാലിങ്ക്. ഇതിനായുള്ള റജിസ്ട്രേഷൻ ഫോം കമ്പനി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
റോയിട്ടേഴ്‌സ് റിപ്പോർട്ടനുസരിച്ച്, ബ്രെയിൻ ഇംപ്ലാന്റിനായുള്ള ക്ലിനിക്കൽ ട്രയലിൽ കഴുത്തിലെ ക്ഷതം അല്ലെങ്കിൽ അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്) കാരണം തളർവാതം ബാധിച്ച രോഗികളും ഉൾപ്പെടാം. അതുപോലെ, അല്‍ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കും ചിപ്പ് ഭാവിയിൽ ഉപകാരപ്പെട്ടേക്കാം.
ആളുകളുടെ ചിന്തകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ കഴ്‌സറോ കീബോർഡോ നിയന്ത്രിക്കാൻ സഹായിക്കുന്നതിൽ ഇംപ്ലാന്റിന്റെ സുരക്ഷയും ഫലപ്രാപ്തിയും പഠനം പരിശോധിക്കും. അതിനായി, ന്യൂറലിങ്ക് ഗവേഷകർ റോബോട്ട് ഉപയോഗിച്ച് ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ മനുഷ്യ ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗത്ത് ഇംപ്ലാന്റ് സ്ഥാപിക്കും.
പഠനം പൂർത്തിയാകാൻ ഏകദേശം ആറ് വർഷമെടുക്കും, അതേസമയം, തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കുന്നതിനായി എത്ര രോഗികളെ എൻറോൾ ചെയ്യുമെന്ന് ഗവേഷകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 10 രോഗികളിൽ ഉപകരണം ഘടിപ്പിക്കുന്നതിന് അംഗീകാരം നേടാനാണ് ന്യൂറാലിങ്ക് മുമ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കമ്പനിയും യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്.ഡി.എ) തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെ രോഗികളുടെ എണ്ണം കുറച്ചതായി റിപ്പോർട്ടുകളുണ്ട്. എഫ്.ഡി.എ ഉന്നയിച്ച സുരക്ഷാ ആശങ്കകൾക്ക് പിന്നാലെയായിരുന്നു രോഗികളുടെ എണ്ണം കുറച്ചത്. FDA അംഗീകരിച്ച രോഗികളുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ല.
പരീക്ഷണം കുരങ്ങൻമാരിൽ
നേരത്തെ ബ്രെയിൻ ചിപ്പ് കുരങ്ങൻമാരിൽ പരീക്ഷണം നടത്തിയതുമായി ബന്ധപ്പെട്ട് ഇലോൺ മസ്‌കിന്റെ ബയോടെക് കമ്പനിയായ ന്യൂറാലിങ്കിനെതിരെ യുഎസ് ആസ്ഥാനമായുള്ള മൃഗാവകാശ സംഘടന രംഗത്തുവന്നിരുന്നു. മസ്തിഷ്ക ഇംപ്ലാന്റുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകർ കുരങ്ങുകളെ അങ്ങേയറ്റം ദുരിതമനുഭവിപ്പിക്കുന്നതായി സംഘടന പറഞ്ഞിരുന്നു.
പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന 'കുരങ്ങുകളെ ഒറ്റയ്ക്ക് കൂട്ടിലടച്ചിരിക്കുകയാണെന്നും, തലയോട്ടിയിൽ സ്റ്റീൽ പോസ്റ്റുകളും മറ്റും കുത്തിക്കയറ്റിയതിനാൽ അവ ഫേഷ്യൽ ട്രോമയടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും' അവർ പറയുകയുണ്ടായി. കമ്പനിയുടെ അപര്യാപ്തമായ മൃഗസംരക്ഷണ നടപടികളും കഠിനമായ പരീക്ഷണ രീതികളും വെളിപ്പെടുത്തുന്ന രേഖകൾ തങ്ങൾക്ക് ലഭിച്ചതായും അവർ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ, അതുമായി ബന്ധപ്പെട്ട് ന്യൂറലിങ്ക് കാര്യമായ നടപടികളൊന്നും നേരിട്ടിരുന്നില്ല.
വൈകാതെ, ന്യൂറാലിങ്ക് നിർമിച്ച ബ്രെയിൻ ചിപ്പ് തലച്ചോറിൽ ഘടിപ്പിച്ച ഒരു കുരങ്ങൻ വെർച്വൽ കീബോർഡ് ഉപയോഗിച്ച് ടെലിപതിക് ടൈപ്പിങ് നടത്തുന്ന വീഡിയോ ഇലോൺ മസ്ക് പങ്കുവെക്കുകയും ചെയ്തു.