
‘ഞാനും ഒന്ന് വാങ്ങും’; ഐഫോൺ 15 സീരീസിൽ ഇലോൺ മസ്കിനെ ആകർഷിച്ച ഫീച്ചർ ഇതാണ്..!
text_fieldsസെപ്തംബർ 22ന് വിൽപ്പനയാരംഭിച്ചതിന് പിന്നാലെ ഐഫോൺ 15 സീരീസിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മുൻ മോഡലുകളെ കവച്ചുവെക്കുന്ന ഫീച്ചറുകൾ വളരെ കുറവാണെങ്കിലും വൻ ഡിമാന്റ് കാരണം പ്രോ മോഡലുകൾ ആർക്കും ലഭിക്കാത്ത സാഹചര്യമാണ്.
ടെസ്‍ല തലവനും ലോകത്തെ ഏറ്റവും വലിയ കോടീശ്വരനുമായ ഇലോൺ മസ്ക് ഐഫോൺ ലോഞ്ചിന് മുമ്പായി ആപ്പിളിനെതിരെ രംഗത്തുവന്നിരുന്നു. ‘കാമറയിൽ അല്ലാതെ, എന്ത് മാറ്റമാണ് പുതിയ ഐഫോണുകളിൽ ആപ്പിൾ കൊണ്ടുവരുന്നത് എന്നായിരുന്നു അദ്ദേഹം എക്സിൽ അന്ന് ചോദിച്ചത്. താൻ ഇപ്പോൾ ഉപയോഗിക്കുന്ന ഐഫോണും പഴയ മോഡലുകളും തമ്മിൽ എന്താണ് വ്യത്യാസം..? എന്നും അദ്ദേഹം ചോദിച്ചിരുന്നു.
എന്നാലിപ്പോൾ ഐഫോൺ 15 വാങ്ങാൻ താൽപര്യമറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് മസ്ക്. ഫോട്ടോഗ്രാഫർമാരായ സ്റ്റീഫൻ വിൽക്‌സും റൂബൻ വുവും ഐഫോണിൽ പകർത്തിയ ചിത്രങ്ങൾ ആപ്പിൾ സിഇഒ ടിം കുക്ക് എക്സിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം.
‘‘ലോക പ്രശസ്ത ഫോട്ടോഗ്രാഫർമാരായ സ്റ്റീഫൻ വിൽക്‌സും റൂബൻ വുവും ഐഫോൺ 15 പ്രോ മാക്സുണ്ടെങ്കിൽ ക്രിയേറ്റിവിറ്റി പരിധിയില്ലാത്തതാണെന്ന് കാണിക്കുന്നു. അവർ പകർത്തിയ ഉജ്ജ്വലമായ ഫോട്ടോകൾ റോഡ് ഐലൻഡിലെ വേനൽക്കാലത്തെ ഭംഗിയും യൂട്ടാ മരുഭൂമിയുമൊക്കെ കാണിക്കുന്നു. -ടിം കുക്ക് ചില ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എക്സിൽ കുറിച്ചു. അതിന് മറുപടിയായാണ് മസ്ക് ‘ഞാൻ ഒരു ഐഫോൺ വാങ്ങുമെ’ന്ന് കുറിച്ചത്.
എക്സ് ഉടമയായ മസ്ക്, ചിത്രങ്ങളും വിഡിയോകളും പകർത്താനുള്ള ഐഫോണുകൾക്കുള്ള കഴിവിനെ പുകഴ്ത്തുകയും ചെയ്തു. ‘ഐഫോൺ ചിത്രങ്ങളുടെയും വിഡിയോകളുടെയും മനോഹാരിത അതിശയിപ്പിക്കുന്നതാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.