ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളതെന്ന് ഇലോൺ മസ്ക്; സ്ത്രീവിരുദ്ധ പരാമർശമെന്ന് വിമർശനം
text_fieldsവാഷിങ്ടൺ: സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കായി രൂപപ്പെടുത്തിയതാണെന്ന സ്‍പേസ് എക്സ് സ്ഥാപകനും ടെക് ഭീമനുമായ ഇലോൺ മസ്‌കിന്റെ പ്രതികരണം വിവാദത്തിൽ. സമൂഹമാധ്യമ ശീലങ്ങൾ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ എങ്ങനെ വെളിപ്പെടുത്തുന്നു എന്ന് ചർച്ച ചെയ്യുന്ന ഒരു പോസ്റ്റിന് മറുപടി നൽകുന്നതിനിടെ ആയിരുന്നു മസ്‌കിന്റെ പരാമർശം.
സ്റ്റോറികൾ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കാനും വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ വിശേഷങ്ങൾ പറയാനും സെക്ഷ്വൽ കണ്ടന്റുകൾ ഇടാനും വേണ്ടിയാണ് ഈ പ്ലാറ്റ്ഫോം എന്നുപറഞ്ഞു തുടങ്ങിയ പരിഹാസരൂപേണയുള്ള പോസ്റ്റിൽ ‘ഇൻസ്റ്റാഗ്രാം പെൺകുട്ടികൾക്കുള്ളതാണ്’ എന്നുകൂടി പറഞ്ഞുവെച്ചു ഇലോൺ മസ്ക്. വളരെ പെട്ടന്നുതന്നെ ഈ പ്രസ്താവന വൈറലായി.
അതേസമയം മസ്കിന്റെ പ്രതികരണം സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപവുമായി നിരവധിപേർ രംഗത്തുവന്നു. പ്രതികരണങ്ങളുടെ എണ്ണം കൂടിയപ്പോൾ അദ്ദേഹം മറ്റൊരു പോസ്റ്റ് കൂടി എഴുതി: ‘ചിലപ്പോൾ മുതിർന്ന പുരുഷന്മാരിൽ പലരും അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകൾ എനിക്ക് അയക്കാറുണ്ട്, അത് കാണുമ്പോൾ നിങ്ങൾ പരിവർത്തനത്തിലാണോ എന്നാണ് ഞാൻ സംശയിക്കുന്നത്’ എന്ന്. ഈ പോസ്റ്റ്കൂടി വന്നതോടെ മസ്കിന് വിമർശന കമന്റുകൾ നിരവധി നേരിടേണ്ടിവന്നു. സാമൂഹിക മാധ്യമ ഉപയോക്താക്കളെ പ്രകോപിപ്പിക്കാൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് മസ്ക് എന്നും വിമർശനമുയരുന്നുണ്ട്. മസ്ക് തന്റെ പോസ്റ്റുകളിൽ ലിംഗഭേദത്തെക്കുറിച്ചും സ്ത്രീവിരുദ്ധ വീക്ഷണങ്ങളെക്കുറിച്ചും എത്തുന്നത് പതിവായിട്ടുണ്ടെന്നും ആളുകൾ പറയുന്നു.
തന്റെ പ്രസ്താവനകളിലുടെ പലപ്പോഴും മറ്റുള്ള സമൂഹ മാധ്യമങ്ങളെ തള്ളിപ്പറയാറുള്ള മസ്ക് തന്റെ ‘എക്സ്’ പ്ലാറ്റ്ഫോമിനെ പുകഴ്ത്താറുമുണ്ട്. തനിക്ക് ആത്മാർഥമായി ഇഷ്ടപ്പെടാൻ കഴിയുന്ന ഒരു സാമൂഹിക മാധ്യമമുണ്ടെങ്കിൽ അത് ‘എക്സ്’ എന്ന പഴയ ട്വിറ്റർ മാത്രമാണെന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളെ മസ്‌ക് പരസ്യമായി ലക്ഷ്യം വക്കുന്നത് ഇതാദ്യമല്ല. മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗുമായി നല്ല ബന്ധമല്ല കുറേക്കാലമായി മസ്ക് തുടരുന്നത്. കമ്പനിയുടെ ആപ്പുകളെയും സേവനങ്ങളെയും മസ്‌ക് പലപ്പോഴും വിമർശിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ‘വാട്ട്‌സ്ആപ്പിനെ വിശ്വസിക്കാൻ കഴിയില്ല’ എന്ന് മസ്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രസ്താവന നടത്തിയിരുന്നു. കൂടുതൽ സുരക്ഷിതമായ ഓഡിയോ, വിഡിയോ കോളുകൾക്കായി ഉപയോക്താക്കൾ എക്‌സിലേക്ക് മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

