
‘ചാറ്റ്ജിപിടിയെ വെല്ലുവിളിച്ച്’ ഇലോൺ മസ്കിന്റെ പുതിയ എ.ഐ സ്റ്റാർട്ടപ്പ്
text_fields2015-ൽ ലാഭേച്ഛയില്ലാതെ ആരംഭിച്ച ഓപ്പൺഎഐ എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകരിൽ ഒരാളായിരുന്നു ശതകോടീശ്വരനും ടെസ്‍ല തലവനുമായ ഇലോൺ മസ്ക്. സാം ആള്‍ട്ട്മാന്‍, റെയ്ഡ് ഹോഫ്മാന്‍, ജസിക ലിവിങ്സ്റ്റണ്‍, ഇല്യ സുറ്റ്സ്‌കെവര്‍, പീറ്റര്‍ തീയെല്‍ എന്നിവർക്കൊപ്പംചേര്‍ന്നാണ് മസ്ക് ഓപണ്‍എഐയ്ക്ക് തുടക്കമിട്ടത്. എന്നാൽ, 2018ൽ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കമ്പനിയുടെ ബോർഡിൽ നിന്ന് അദ്ദേഹം പടിയിറങ്ങി. അതിന് ശേഷം ചാറ്റ്ജിപിടി അത്ഭുതപ്പെടുത്തുന്ന വളർച്ച നേടുന്ന കാഴ്ചയായിരുന്നു. ഇപ്പോൾ ലോകമെമ്പാടുമായി കോടിക്കണക്കിന് യൂസർമാരുള്ള വൈറൽ ചാറ്റ്ബോട്ടിന്റെ ഉടമകളുടെ മൂല്യം 29 ബില്യൺ ഡോളറാണ്.
ഭാവിയില്‍ മനുഷ്യവംശം നേരിടാന്‍ പോവുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സായിരിക്കും എന്ന അഭിപ്രായക്കാരനാണ് ഇലോൺ മസ്‌ക്. ഓപൺഎ.ഐയുടെ ചാറ്റ്ജി.പി.ടി-4നേക്കാൾ ശക്തമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾ ഇപ്പോൾ നിർത്തിവെക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എന്നാലിപ്പോൾ ഓപൺഎഐയുടെ വൈറൽ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയോട് മുട്ടാനായി പുതിയ ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് സ്റ്റാർട്ടപ്പുമായി ഇലോൺ മസ്ക് എത്തുന്നതായാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹം അമേരിക്കയിലെ നെവാഡ സംസ്ഥാനത്ത് X.AI കോർപ്പറേഷൻ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി സ്ഥാപിച്ചതായി പുതുതായി പുറത്തുവന്ന ചില ബിസിനസ് രേഖകൾ വെളിപ്പെടുത്തുന്നു.
ടെസ്‍ല തലവൻ ഗവേഷകരുടെയും എഞ്ചിനീയർമാരുടെയും ടീം രൂപികരിക്കുകയും നിരവധി നിക്ഷേപകരുമായി സംരംഭത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ആൽഫബെറ്റ് അടക്കമുള്ള മറ്റ് മുൻനിര എഐ സ്ഥാപനങ്ങളിൽ നിന്നും അദ്ദേഹം ജീവനക്കാരെ റിക്രൂട്ട്മെന്റ് ചെയ്യുന്നതായും സൂചനകളുണ്ട്.