ഭുവനേശ്വർ: യുദ്ധ വിമാനത്തിൽ നിന്ന് ദീർഘദൂര ശേഷിയുള്ള ബോംബ് (എൽ.ആർ.ബി) ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) അറിയിച്ചു. ഒഡീഷ തീരത്തെ ബാലസോറിലെ ആകാശത്തുനിന്നാണ് ഇന്ത്യൻ സൈന്യത്തിന് കരുത്ത് പകരുന്ന ബോംബ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.
വ്യോമസേനയുടെയും ഡി.ആർ.ഡി.ഒയുടെയും വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു പരീക്ഷണം. പരീക്ഷണത്തിനിടെ പ്രാദേശികമായി വികസിപ്പിച്ച എൽ.ആർ.ബി ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
പശ്ചിമബംഗാളിലെ കലൈക്കുണ്ട എയർ ബേസിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനത്തിൽ നിന്നാണ് പരീക്ഷണം നടന്നത്. പരീക്ഷണത്തിൻ്റെ വിവിധ ഘട്ടങ്ങൾ ഇലക്ട്രോ - ഒപ്ടിക്കൽ ട്രാക്കിങ് സിസ്റ്റം പോലുള്ള സെൻസറുകൾ മുഖേനയും ഒഡീഷയിലെ ചന്ദിപുരിലെ ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ ടെലിമെട്രി, റഡാർ എന്നിവ വഴിയും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു. പരീക്ഷണം പൂർണ വിജയമായിരുന്നെന്ന് ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു. ഈ പരീക്ഷണത്തിൻ്റെ വിജയം ഇന്ത്യയുടെ തദ്ദേശീയമായ ആയുധ നിർമ്മാണത്തിൽ നാഴികക്കല്ല് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡി.ആർ.ഡി.ഒയുടെ ഹൈദരാബാദ് ഘടകമായ റിസർച്ച് സെന്റർ ഇമാറാറ്റ് (ആർ.സി.ഐ)ലാണ് എൽ.ആർ.ബി വികസിപ്പിച്ചത്. പരീക്ഷണം വിജയിപ്പിച്ച ഡി.ആർ.ഡി.ഒയിലെയും ഇന്ത്യൻ വ്യോമസേനയിലെയും ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.