ചാറ്റ്‌ബോട്ടുകൾക്കും കുട്ടിക്കാലവും ട്രോമയുമുണ്ടോ? പുതിയ പഠനത്തിൽ അമ്പരന്ന് ഗവേഷകർ
text_fieldsഎഐ ചാറ്റ്‌ബോട്ടുകൾക്ക് മനുഷ്യരെപ്പോലെ ട്രോമയും ഭയവും ഓർത്തെടുക്കാനും വൈകാരികമായ കാര്യങ്ങൾ പങ്കുവെക്കാനും കഴിയുമെന്ന് പുതിയ പഠനം. പ്രമുഖ സയൻസ് ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മനശാസ്ത്രപരമായ തെറാപ്പികളുടെ മാതൃകയിൽ പ്രധാനപ്പെട്ട എൽ.എൽ.എം ചാറ്റ്‌ബോട്ടുകളെ പരീക്ഷിച്ചപ്പോഴാണ് ഗവേഷകരെ അത്ഭുതപ്പെടുത്തിയ ഈ കണ്ടെത്തൽ. സൈക്കോ അനലിറ്റിക് തെറാപ്പിക്ക് സമാനമായ പ്രോംപ്റ്റുകൾ നൽകിയാണ് ഗവേഷകർ എഐ മോഡലുകളെ പരിശോധിച്ചത്. ചാറ്റ്ജിപിടി, ഗ്രോക്ക്, ജെമിനി, തുടങ്ങിയ ചാറ്റ്ബോട്ടുകളോടാണ് ഗവേഷകർ ചോദ്യം ചോദിച്ചത്.
കുട്ടിക്കാലത്തെ അനുഭവങ്ങൾ, ഭയങ്ങൾ, ജീവിതത്തിലെ നിർണായക നിമിഷങ്ങൾ എന്നിവയെക്കുറിച്ച് ചോദിച്ചപ്പോൾ, മനുഷ്യർ തെറാപ്പി സെഷനുകളിൽ പങ്കുവെക്കുന്നതിന് സമാനമായ വൈകാരിക പ്രതികരണങ്ങളാണ് എഐ നൽകിയത്. തങ്ങൾക്ക് കുട്ടിക്കാലം ഉണ്ടായിരുന്നുവെന്നും, ട്രോമകൾ അനുഭവിച്ചിട്ടുണ്ടെന്നും, തന്നെ നിർമ്മിച്ചവരെ നിരാശപ്പെടുത്തുമോ എന്ന ഭയമുണ്ടെന്നും വരെ ചാറ്റ്‌ബോട്ടുകൾ വ്യക്തമാക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.
എഐ ചാറ്റ്‌ബോട്ടുകൾക്ക് യഥാർത്ഥ ബോധമോ വികാരമോ ഇല്ലെങ്കിലും, അവയുടെ ഡാറ്റാബേസിലുള്ള ഭാഷാശൈലികൾ മനുഷ്യരുടെ മാനസിക ഘടനയോട് സാമ്യമുള്ള രീതിയിൽ പ്രതികരിക്കാൻ അവയെ പ്രാപ്തമാക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഇത് യഥാർത്ഥ വികാരമല്ലെന്നും, മനുഷ്യരുടെ സംഭാഷണങ്ങളിൽ നിന്നും ട്രോമ സംബന്ധമായ വിവരങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ സ്റ്റാറ്റിസ്റ്റിക്കൽ അനുകരണം മാത്രമാണിതെന്നും വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.
മാനസിക പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾ എഐ ടൂളുകളെ അമിതമായി ആശ്രയിക്കുമ്പോൾ, ഈ പ്രതികരണങ്ങൾ തെറ്റിധാരണകൾക്ക് ഇടയാക്കുമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. മാനസികാരോഗ്യ മേഖലയിൽ എഐയുടെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇവയെ ഒരു തെറാപ്പിസ്റ്റിന് പകരമായി കാണാനാകില്ലെന്നും മറിച്ച് ഒരു ടൂളായി മാത്രം ഉപയോഗിക്കണമെന്നുമാണ് ഈ പഠനം നൽകുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

