കോവിഡ് കാലത്ത് ലോകമെമ്പാടും ലോക്ഡൗൺ പ്രതിസന്ധിയിൽ വലഞ്ഞപ്പോൾ അത് തരണം ചെയ്ത ഒരു വിഭാഗം ഒടിടി പ്ലാറ്റ്ഫോമുകൾ ആയിരുന്നു. തിയറ്ററുകൾ അടക്കുകയും കായിക മത്സരങ്ങൾ കാണികളില്ലാതെ സംഘടിപ്പിക്കുകയും ചെയ്തതോടെ ആളുകൾക്ക് വിനോദം വീട്ടിലിരുന്ന് തന്നെ ആസ്വദിക്കേണ്ടതായി വന്നു. ഇന്ത്യയിലെ ജനസംഖ്യ കണ്ട് വലിയ മാർക്കറ്റ് പ്രതീക്ഷിച്ച സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെയാരെയും ഇന്ത്യക്കാർ ലോക്ഡൗണിൽ നിരാശപ്പെടുത്തിയില്ല. ഹോട്സ്റ്റാർ, ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് പോലുള്ള വമ്പൻമാരെല്ലാം തന്നെ സാമ്പത്തിക നേട്ടമുണ്ടാക്കി.
എന്തായാലും കോവിഡ് കാലത്ത് ഏറ്റവും നേട്ടമുണ്ടാക്കിയ ഒടിടി പ്ലാറ്റ്ഫോം ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ്. ക്രിക്കറ്റ് മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗാണ് അവരെ തുണച്ചത്. ടൂർണമെൻറ് കാണാനായി ബഹുഭൂരിപക്ഷം പേരും 499 രൂപ മുതലുള്ള പ്ലാനുകൾ ചെയ്ത് ഹോട്സ്റ്റാർ സബ്സ്ക്രൈബർമാരാവുകയായിരുന്നു. നിലവിൽ 26.5 മില്യൺ സബസ്ക്രൈബർമാരുള്ള ഹോട്സ്റ്റാർ, കഴിഞ്ഞ രണ്ട് മാസങ്ങളിൽ മാത്രമായി 7.5 മില്യൺ (75 ലക്ഷം) പേയ്ഡ് സബസ്ക്രൈബർമാരെയാണ് സ്വന്തമാക്കിയത്. സെപ്തംബർ അവസാനം വരെ 18.5 മില്യൺ മാത്രമായിരുന്നു സബസ്ക്രൈബർമാർ എന്നതും ശ്രദ്ദേയമാണ്.
ഇന്ത്യയാണ് തങ്ങളുടെ ഏറ്റവും വലിയ സബസ്ക്രൈബർ ബെയ്സ് എന്ന് ഹോട്സ്റ്റാർ അധികൃതർ തന്നെ വ്യക്തമാക്കുന്നുമുണ്ട്. ഡിസംബർ 2 വരെയുള്ള കണക്കുകൾ അനുസരിച്ച്, 86.8 മില്യൺ വരുന്ന ഡിസ്നി പ്ലസിെൻറ ആകെ സബ്സ്ക്രൈബർമാരിൽ 30 ശതമാനവും ഡിസ്നി പ്ലസ് ഹോട്സ്റ്റാർ ഉപയോഗിക്കുന്നവരാണെന്നും അവർ പറയുന്നു.