ഡീപ്സീക്ക്; നിരോധനം ഏർപ്പെടുത്തിയ രാജ‍്യങ്ങളും ഏജൻസികളും
text_fieldsജനുവരി അവസാനത്തോടെയാണ് ചൈനീസ് എ.ഐ കമ്പനിയായ ഡീപ്സീക്കിന്റെ എ.ഐ മോഡലുകളും ചാറ്റ്ബോട്ട് ആപ്പുകളും വൈറലായത്. എന്നാൽ, ദിവസങ്ങൾക്ക് ശേഷം ചൈനീസ് സ്റ്റാർട്ടപ്പിന്റെ എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം ചില രാജ്യങ്ങളും കമ്പനികളും നിരോധിച്ച വാർത്തയാണ് പുറത്തുവരുന്നത്. അയർലൻഡ്, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലെ സ്വകാര്യത നിരീക്ഷകർ ഡീപ്‌സീക്ക് ആപ്പിന്റെ ഡാറ്റാ ശേഖരണ രീതികളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.
ചൈനീസ് സർക്കാറിലേക്കുള്ള ഡാറ്റ ചോർച്ചയാണ് ഏറ്റവും വലിയ ആശങ്കയെന്നാണ് റിപ്പോർട്ട്.
ഡീപ്‌സീക്കിന്റെ സ്വകാര്യത നയമനുസരിച്ച്, കമ്പനി എല്ലാ ഉപയോഗൃത ഡാറ്റയും ചൈനയിലാണ് സൂക്ഷിക്കുന്നത്.
ചൈനയിലെ പ്രാദേശിക നിയമ പ്രകാരം, സംഘടനകൾക്ക് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ഡാറ്റ പങ്കുവെക്കാൻ അധികാരമുണ്ട്.
ഡീപ്സീക്കിന്റെ എ.ഐ ഉപയോഗം നിരോധിച്ച രാജ്യങ്ങളും ഏജൻസികളും
ഇറ്റലി
ഡീപ്സീക്ക് നിരോധിച്ച ആദ്യ രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്. ഡീപ്സീക്കിന്റെ വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് രാജ്യത്തെ സ്വകാര്യത നിരീക്ഷണ ഏജൻസി നടത്തിയ അന്വേഷണത്തെത്തുടർന്നാണ് നിരോധിച്ചത്.
ഇറ്റലിയിലെ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി (ഡി.പി.എ) ഡീപ്സീക്കിന്‍റെ ഡാറ്റ ശേഖരണ രീതികളെക്കുറിച്ചും യൂറോപ‍്യൻ യൂനിയന്‍ പ്രദേശങ്ങളിൽ നിലനിൽക്കുന്ന വ്യക്തിഗത ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്ന നിയമമായ ജി.ഡി.പി.ആർ പാലിക്കുന്നതിനെക്കുറിച്ചും അന്വേഷിക്കുകയും ചെയ്തു.
തുടർന്ന് വിഷയത്തിൽ വ‍്യക്തത വരുത്താനായും മറുപടി പറയാനായും 20 ദിവസം നൽകുകയും ചെയ്തു. എന്നാൽ അവ യൂറോപ‍്യൻ യൂനിയന്‍ നിയമ പരിധിയിൽ വരുന്നവയല്ല എന്ന പ്രതികരണത്തെ തുടർന്ന് ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി ഡീപ്സീക്ക് നിരോധിച്ചു.
തായ്‍വാൻ
ഡീപ്സീക്ക് ദേശീയ വിവര സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് തായ്‌വാൻ ഡിജിറ്റൽ മന്ത്രാലയം വ്യക്തമാക്കുകയും എ.ഐ ഉപയോഗിക്കുന്നതിൽ നിന്ന് സർക്കാർ ഏജൻസികളെ വിലക്കുകയും ചെയ്തു. ഡീപ്സീക്ക് ഉപയോഗിക്കുന്നത് വിവര ചോർച്ചക്ക് കാരണമാകുമെന്നും വ്യക്തമാക്കി. അതിനാൽ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുൾപ്പെടെ സർക്കാറിന് കീഴിൽ വരുന്ന സ്ഥാപനങ്ങളെല്ലാം ഡീപ്സീക്ക് ഉപയോഗിക്കുന്നത് തായ്‍വാൻ സർക്കാർ വിലക്കി.
യു.എസ് കോൺഗ്രസ്
ഡീപ്സീക്ക് സാങ്കേതികവിദ്യ ഉപയോഗിക്കരുതെന്ന് യു.എസ് കോൺഗ്രസ് ഓഫിസുകൾക്ക് മുന്നറിയിപ്പ് നൽകി.
ആക്സിയോസ് റിപ്പോർട്ട് പ്രകാരം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (സി.എ.ഒ), ഡീപ്സീക്കിന്റെ സാങ്കേതികവിദ്യ നിരീക്ഷണത്തിലാണെന്ന് സൂചിപ്പിക്കുന്ന നോട്ടീസ് കോൺഗ്രസ് ഓഫിസുകൾക്ക് അയച്ചതായി വ്യക്തമാക്കുന്നു.
ആക്‌സിയോസ് റിപ്പോർട്ടനുസരിച്ച് , ഔദ്യോഗിക സ്‌മാർട്ട്‌ഫോണുകളിലോ കമ്പ്യൂട്ടറുകളിലോ ടാബ്‌ലെറ്റുകളിലോ ഡീപ്‌സീക്ക് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിൽ നിന്ന് ജീവനക്കാർക്ക് സി.എ.ഒ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
യു.എസ് നാവികസേന
ഡീപ്‌സീക്ക് ആപ്പുകളോ സാങ്കേതികവിദ്യയോ ഉപയോഗിക്കരുതെന്ന് യു.എസ് നാവികസേന അംഗങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് സി.എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി അവസാനത്തിൽ, ഡീപ്‌സീക്ക് ഉപയോഗവുമായി ബന്ധപ്പെട്ട സുരക്ഷയും ധാർമിക ആശങ്കകളുമായി ബന്ധപ്പെട്ട് ഡീപ്‌സീക്ക് ഉപയോഗിക്കുന്നതിൽ നിന്ന് സേവന അംഗങ്ങളെ വിലക്കുന്ന ഒരു ഇമെയിൽ നാവികസേന പുറത്തിറക്കി.
ഡീപ്‌സീക്ക് ജോലി ആവശ്യത്തിന് പുറമെ വ‍്യക്തിഗത ആവശ‍്യങ്ങൾക്കും ഉപയോഗിക്കരുതെന്നും ഇൻസ്റ്റാൾ ചെയ്യരുതെന്നും പരാമർശിക്കുന്നു.
പെന്റഗൺ
ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, പെന്റഗണിന്റെ ഡിഫൻസ് ഇൻഫർമേഷൻ സിസ്റ്റംസ് ഏജൻസി, ജനുവരിയിൽ ഡീപ്‌സീക്കിന്റെ വെബ്‌സൈറ്റ് നിരോധിച്ചു. പെന്റഗൺ ജീവനക്കാർ അനുമതിയില്ലാതെ ഡീപ്‌സീക്കിന്റെ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് നിരോധിച്ചത്.
നിരോധനം നിലനിൽക്കുമ്പോൾ തന്നെ, ചൈനീസ് സെർവറുകളുമായി നേരിട്ട് കണക്റ്റ് ചെയ്യാത്ത അംഗീകൃത പ്ലാറ്റ്‌ഫോമായ ആസ്ക് സേജ് വഴി പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഡീപ്‌സീക്കിന്റെ എ.ഐ ഉപയോഗിക്കാൻ കഴിയുമെന്ന് ബ്ലൂംബെർഗ് വ‍്യക്തമാക്കി.
നാസ
ഡീപ്‌സീക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് നാസ ജീവനക്കാരെ വിലക്കിയിട്ടുണ്ട്.
ഏജൻസിക്ക് കീഴിലുള്ള ഉപകരണങ്ങളിലും നെറ്റ്‌വർക്കുകളിലും ഡീപ്‌സീക്ക് ആപ്പുകളുടെ ഉപയോഗം നാസ തടഞ്ഞതായി സി.എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.