ആൾക്കൂട്ടത്തിന് നടുവിൽ നൃത്തം ചെയ്യുന്ന റോബോട്ട് അബദ്ധത്തിൽ കുട്ടിയുടെ മുഖത്ത് അടിച്ചു -വിഡിയോ വൈറൽ
text_fieldsബെയ്ജിങ്: ചൈനയിലെ ഷാൻസി പ്രവിശ്യയിൽ ആൾക്കൂട്ടത്തിന് നടുവിൽ ഹ്യൂമനോയ്ഡ് റോബോട്ട് നൃത്തം ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഒരു ആൺകുട്ടിയുടെ മുഖത്ത് അടിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ആളുകൾ കൂടി നിൽക്കുന്ന ഒരു പ്രദേശത്തിനുള്ളിൽ റോബോട്ട് നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം. നൃത്തം ചെയ്യുന്നതിനിടെ കൈകൾ നീട്ടിയ സമയത്ത് കുട്ടിയുടെ മുഖത്ത് അടിയേൽക്കുകയായിരുന്നു. പ്രോഗ്രാം ചെയ്ത നൃത്തം തുടരുന്നതിനിടെ റോബോട്ടിനെ ഉടൻതന്നെ അവിടെനിന്ന് മറ്റൊരു സ്ഥാനത്തേക്ക് സുരക്ഷാജീവനക്കാർ മാറ്റിനിർത്തി.
ചൈനീസ് ടെക്‌നോളജി സ്ഥാപനമായ യൂണിട്രീ റോബോട്ടിക്‌സ് നിർമിച്ച ജി1 ഹ്യൂമനോയിഡ് മോഡലാണ് ഈ റോബോട്ട്. ഏകദേശം 35 കിലോഗ്രാം ഭാരമുള്ള ഈ റോബോട്ടിന്റെ വില 12,500 ഡോളറാണ്. ഗവേഷണം, വിദ്യാഭ്യാസം, വാണിജ്യ ഉപയോഗം എന്നിവക്കായാണ് ഈ റോബോട്ടിനെ രൂപകൽപന ചെയ്‌തിരിക്കുന്നത്.
വിഡിയോ വൈറലായതോടെ പൊതു ഇടങ്ങളിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ വിന്യസിക്കുന്നതിന്റെ സുരക്ഷയെക്കുറിച്ചായി പുതിയ ചർച്ച. ‘എന്തൊരു അപകടകരമായ പ്രകടനം...’ -എന്നായിരുന്നു ഒരു ഉപയോക്താവ് എഴുതിയത്. ലോഹം കൊണ്ട് അടിയേൽക്കുമ്പോൾ ശരിക്കും വേദനിക്കുമെന്ന് മറ്റൊരാൾ പറഞ്ഞു. യൂണിട്രീ റോബോട്ടുകൾ മനുഷ്യനെ ആക്രമിക്കുന്ന സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഈ വർഷം ആദ്യം റോബോട്ടിനെ കൈകാര്യം ചെയ്യുന്ന വ്യക്തിയെ അബദ്ധത്തിൽ ചവിട്ടിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ മക്കാവുവിൽ ഒരു വൃദ്ധയെ ഭയപ്പെടുത്തിയതിന് മറ്റൊരു യൂണിട്രീ റോബോട്ടിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

