കൽപറ്റ: സര്‍ക്കാറിെൻറ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷ ബോധവത്കരണ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് അമ്മമാർക്ക് ക്ലാസ് നൽകുന്നത്. പനമരം ജി.എച്ച്.എസ് സ്കൂളിലായിരുന്നു ജില്ലതല ഉദ്ഘാടനം. ജില്ലയിലെ ആദ്യ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത് ജി.എച്ച്.എസ്.എസ് പനമരം യൂനിറ്റിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ റോഷിൻ, ഹരിപ്രീത്, ആദിത്യ, നിഹാല ഫാത്തിമ എന്നിവരും കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്മാരായ ടി.സി. അനിൽ, കെ.സി. സരിത എന്നിവരുമാണ്. കൈറ്റ് ജില്ല കോഓഡിനേറ്റർ സി. മുഹമ്മദലി, മാസ്റ്റർ ട്രെയിനർ കോഓഡിനേറ്റർ ബാലൻ കൊളമക്കൊല്ലി എന്നിവര്‍ നേതൃത്വം നല്കി.
ജില്ലയില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന 69 ലിറ്റില്‍ കൈറ്റ്സ് യൂനിറ്റുകളാണ് പരിശീലനത്തിന് ചുക്കാൻപിടിക്കുക. ഈ വര്‍ഷം 12000 അമ്മമാരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. മേയ് ഏഴു മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ 30 പേര് വീതമുള്ള ബാച്ചുകളായി തിരിച്ച് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്മാരും ചേര്‍ന്ന് ക്ലാസുകൾ നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് പ്രദേശത്തെ ഹൈസ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്സ് യൂനിറ്റുകളുമായി ബന്ധപ്പെടണമെന്ന് ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു.
• ലക്ഷ്യം
മാറുന്ന കാലത്തെ സൈബര്‍ സാങ്കേതികവിദ്യയുടെ പ്രായോഗികതലങ്ങള് സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ അമ്മമാരെ പരിചയപ്പെടുത്തുക, കുരുക്കില്‍പ്പെടാതെ സുരക്ഷിതമായി മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള അറിവ് പകരുക എന്നിവയാണ് പ്രധാന ലക്ഷ്യം. രക്ഷിതാക്കള്‍ക്ക് പല കാര്യങ്ങളും അറിയാത്തതിനാല്‍ കുട്ടികള്‍ ഇന്റര്‍നെറ്റ് ദുരുപയോഗംചെയ്യുന്നത് കൂടുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.
ബോധവത്കരണത്തിനായി സ്കൂള്‍തലത്തില്‍ 'സൈബര്‍ അവേര്‍നസ് ആന്‍ഡ് റീഡ്രെസല്‍ ഫോറം' എന്ന സമിതി രൂപവത്കരിക്കും. പ്രധാനാധ്യാപകൻ , ഐ.ടി ചുമതലയുള്ള അധ്യാപകന് (എസ്.ഐ.ടി.സി.) 'കൈറ്റ് മാസ്റ്റര്‍', 'കൈറ്റ് മിസ്ട്രസ്', താൽപര്യമുള്ള വിദഗ്ധയായ അധ്യാപിക എന്നിവര്‍ ഉള്‍പ്പെടുന്നതായിരിക്കും സമിതി.
പരിശീലനത്തിൽ ഉൾപ്പെടുന്നത്
• മൊബൈൽ ഫോൺ സ്വയവും കുട്ടികളും ഉപയോഗിക്കുമ്പോൾ ഓർക്കേണ്ടവ
• ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ പുലർത്തേണ്ട ജാഗ്രത
• സമൂഹ മാധ്യമങ്ങളിൽ ഏതൊക്കെ വ്യക്തിവിവരങ്ങൾ പങ്കുവെക്കാം.
• സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന വ്യക്തിവിവരങ്ങൾ എങ്ങനെ സംരക്ഷിക്കാം
• ഓൺലൈൻ ഷോപ്പിങ്ങിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ
• നെറ്റ് ബാങ്കിങ്, മൊബൈൽ പേമന്റ് ആപ്പുകൾ, ഡെബിറ്റ്/ക്രഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടവ
• പാസ്വേഡുകൾ തെരഞ്ഞെടുക്കുമ്പോൾ മനസ്സിലുണ്ടാവേണ്ട കാര്യങ്ങൾ
• ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട മുൻകരുതലുകൾ
• മൊബൈൽ ഫോൺ റിപ്പയറിങ്ങിന് നൽകുമ്പോൾ ശ്രദ്ധിക്കേണ്ടവ
കുറ്റകൃത്യങ്ങൾ അധികൃതരെ അറിയിക്കാം:
• സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ സൈബർ 1930 ൽ വിളിക്കാവുന്നതാണ്. * https://cybercrime.gov.in വെബ്സൈറ്റിൽ പ്രവേശിച്ചും സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാം.
• സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള ഓൺലൈൻ അധിഷ്ഠിത പീഡനങ്ങളുടെ പരാതി പരിഹാരത്തിനുള്ള ഇമെയിൽ സംവിധാനമാണ് aparajitha.pol@kerala.gov.in
ഫോൺ ഉപയോഗിക്കുമ്പോൾ
• കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് രക്ഷിതാക്കളുടെ കൈയിൽ തിരിച്ചേൽപിക്കുന്ന രീതി നടപ്പാക്കാൻ ശ്രമിക്കുക.
• അപരിചിതരുടെ ഫോൺ കാളുകൾക്ക് കുട്ടികൾ മറുപടി കൊടുക്കുന്നത് ഒഴിവാക്കുക.
• അനുചിതമായ വിളികൾ, പരസ്യങ്ങൾ തുടങ്ങിയവ വന്ന ഫോൺനമ്പരുകൾ ബ്ലോക്ക് ചെയ്യുക.
• നമ്മുടെ ഫോണുകൾ അപരിചിതർക്ക് കൈമാറരുത്.
• അപരിചിതരുടെ ഫോണുകൾ സ്വീകരിക്കുകയും ചെയ്യരുത്.
• മൊബൈൽഫോണുകൾ ഒരു കളിപ്പാട്ടമല്ല എന്ന് കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക.
• ഫോൺ സംസാരത്തിെൻറ സമയം പരമാവധി കുറയ്ക്കുക
പങ്കുവെക്കാം...എന്തെല്ലാം ?
• സമൂഹ മാധ്യമങ്ങളിൽ വ്യക്തി വിവരങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ അപ് ലോഡ് ചെയ്യുന്നതിന് മുമ്പായി ആലോചിക്കേണ്ടതുണ്ട്. ഈ വിവരങ്ങൾ ആർക്കെല്ലാം കിട്ടുന്നുവെന്നോ, ആരെല്ലാം ഉപയോഗിക്കുന്നുവെന്നോ നമുക്ക് മനസ്സിലാക്കാനാവില്ലെന്ന കാര്യവും ഓർമയിലുണ്ടാവണം.
• തെറ്റായതോ, മറ്റുള്ളവർക്ക് അപകീർത്തിയുണ്ടാക്കുന്നതോ, രാജ്യതാൽപര്യത്തിന് വിരുദ്ധമായതോ, മതസ്പർധ ഉണ്ടാക്കുന്നതോ, പരസ്പരവിദ്വേഷം ഉണ്ടാക്കാൻ സാധ്യതയുള്ളതോ ആയ സന്ദേശങ്ങൾ തയാറാക്കുകയോ, സൂക്ഷിക്കുകയോ, മറ്റൊരാൾക്ക് അയക്കുകയോ ചെയ്യരുത്. ഇവ അറിഞ്ഞോ അറിയാതെയോ ഫേർവേഡ് ചെയ്യുകയും അരുത്.
• സോഷ്യൽ മീഡിയ ഡി.പി/പ്രൊഫൈൽ എന്നിവ സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റ് ചെയ്യുക. ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, മറ്റു വ്യക്തിവിവരങ്ങൾ എന്നിവ പ്രൊഫൈലിൽ ചേർക്കാതിരിക്കാം.
• നെറ്റ്ബാങ്കിങ്, മൊബൈൽ പേമെന്റ് ആപ്പുകൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിക്കുമ്പോൾ പണമോ സഹായമോ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളിൽ കൃത്യമായ രീതിയിലെല്ലാം ഉറപ്പുവരുത്തി മാത്രം പ്രതികരിക്കുക. അപരിചിതരിൽനിന്നുള്ള ഇത്തരം അഭ്യർഥനകൾ അവഗണിക്കുക.