ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്‍റെ പേരിൽ സൈബർ തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന്‍റെ ഗോട്ട് സെയിൽ ഓഫറിന്‍റെ പേരിൽ ഫേസ്ബുക്ക് ഉൾപ്പെടെ സാമൂഹികമാധ്യമങ്ങളിൽ വ്യാജ പേജുകളും പരസ്യങ്ങളും സൃഷ്ടിച്ച് പൊതുജനങ്ങളിൽനിന്ന് പണം തട്ടാനുള്ള ശ്രമം വ്യാപകമാകുന്നതായി പൊലീസ്. ‘Flipkart GOAT SALE’, ‘Goat Sale Live’, ‘Offers Sale’, ‘FK Goats Offer's’ തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ഫേസ്ബുക്ക് പേജുകൾ പോലെ തോന്നിക്കുന്ന വ്യാജപേജുകൾ സൃഷ്ടിച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. വിലകൂടിയ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അസാധാരണമായി കുറഞ്ഞ വിലക്ക് ലഭിക്കുമെന്ന പരസ്യങ്ങൾ പ്രദർശിപ്പിച്ച് ഉപഭോക്താക്കളെ ആകർഷിച്ച് തട്ടിപ്പ് നടത്തുന്നതാണ് രീതി.
പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരെ ഫ്ലിപ്കാർട്ടിന്‍റെ ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റുകളിലേക്കോ സ്വകാര്യ വാട്ട്സ്ആപ്പ് നമ്പറുകളിലേക്കോ റീഡയറക്ട് ചെയ്യുന്നു. തുടർന്ന് ‘ലിമിറ്റഡ് സ്റ്റോക്ക്’, ‘ഓഫർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം’ തുടങ്ങിയ സന്ദേശങ്ങളിലൂടെ അടിയന്തരമായി ബുക്കിങ് തുക, അഡ്വാൻസ്, ഡെലിവറി ചാർജ്, ഓഫർ കൺഫർമേഷൻ ഫീസ് തുടങ്ങിയ പേരുകളിൽ പണം അടക്കാൻ പ്രേരിപ്പിക്കുന്നു. പണം ലഭിച്ച ശേഷം ഉൽപന്നം അയയ്ക്കാതിരിക്കുകയോ, കൂടുതൽ തുക ആവശ്യപ്പെടുകയോ, പിന്നീട് ബന്ധപ്പെടാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യുകയാണ്.
പൊതുജനങ്ങൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഓഫറുകൾ പരിശോധിക്കാതെ വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഫ്ലിപ്കാർട്ടിന്‍റെ ഔദ്യോഗിക മൊബൈൽ ആപ്പ് അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ഓഫറുകളുടെ ആധികാരികത ഉറപ്പാക്കാവൂ.
സോഷ്യൽ മീഡിയ ലിങ്കുകൾ വഴി പണമടക്കുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. അപരിചിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കോ യു.പി.ഐ ഐഡികളിലേക്കോ പണം അയക്കുന്നതും ഒഴിവാക്കണം. ഒ.ടി.പി , ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സിവിവി, പിൻ തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്.
വിപണിയിലേതിനേക്കാൾ വളരെ കുറഞ്ഞ വിലയിൽ, വിലകൂടിയ ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ പലപ്പോഴും സൈബർ തട്ടിപ്പുകാരുടെ കെണിയായിരിക്കാം. ഏതെങ്കിലും ഓഫർ വിശ്വസിക്കുന്നതിന് മുമ്പ് അതിന്‍റെ ആധികാരികത ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ഉറപ്പുവരുത്തണം. ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലേക്ക് വിളിക്കുകയോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലൂടെ പരാതി രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

