എ.ഐ രംഗത്ത് സഹകരണം ശക്തിപ്പെടുത്തണം -മന്ത്രി
text_fieldsന്യൂഡൽഹിയിൽ നടന്ന ‘എ.ഐ ഇംപാക്ട് സമ്മിറ്റി’ലെ സെഷനിൽ പങ്കെടുക്കുന്ന യു.എ.ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമ
ദുബൈ: നിർമിതബുദ്ധി (എ.ഐ) രംഗത്ത് അർഥപൂർണവും ഫലപ്രദവുമായ ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിന് യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി യു.എ.ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമ. ന്യൂഡൽഹിയിൽ നടന്ന ‘എ.ഐ ഇംപാക്ട് സമ്മിറ്റ്’ സമ്മേളനത്തിലെ ‘ദി ഗ്ലോബൽ വിഷൻ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേഗത്തിൽ മാറുന്ന സാങ്കേതിക സാഹചര്യത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും, തുടർച്ചയായ ചർച്ചകൾ ഉറപ്പാക്കുകയും വേണം. വരാനിരിക്കുന്ന സമ്മിറ്റിന് യു.എ.ഇ സഹ അധ്യക്ഷത വഹിക്കുന്നതും തുടർന്ന് നടക്കുന്ന പതിപ്പിന് ആതിഥേയത്വം വഹിക്കുന്നതും ആഗോള സഹകരണത്തിനും നയപരമായ ഏകോപനത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കും -അദ്ദേഹം പറഞ്ഞു.
എ.ഐയുടെ ഭാവി രൂപപ്പെടുത്തുന്നത് പ്രായോഗിക ഫലങ്ങളും സ്വാധീനവും മുൻനിർത്തിയാകണമെന്നും അൽ ഉലമ വ്യക്തമാക്കി. വലിയ ഡേറ്റ സെന്ററുകൾ, ക്ലൗഡ് പങ്കാളിത്തങ്ങൾ, സോവറിന് എ.ഐ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ നേരത്തേ നടത്തിയ നിക്ഷേപങ്ങൾ യു.എ.ഇയെ പ്രാദേശികവും ആഗോളവുമായ കമ്പ്യൂട്ടിങ് ഹബ്ബായി മാറ്റിയതായി അദ്ദേഹം പറഞ്ഞു. സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ എ.ഐ നടപ്പാക്കിയതിലൂടെ സേവന ഗുണമേന്മയും കാര്യക്ഷമതയും വർധിപ്പിക്കുകയാണ് യു.എ.ഇയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐയുടെ ദുരുപയോഗം മാത്രമല്ല, ഉപയോഗമില്ലായ്മയും വലിയ വെല്ലുവിളിയാണെന്ന് അൽ ഉലമ ചൂണ്ടിക്കാട്ടി.
സമ്മേളനത്തിൽ കോസ്റ്ററീകയുടെ ശാസ്ത്ര, സാങ്കേതികവിദ്യ, ടെലികമ്യൂണിക്കേഷൻസ് മന്ത്രി പോൾ ബോഗാന്തസ് സമോറയും വൈറ്റ് ഹൗസിലെ സീനിയർ പോളിസി അഡ്വൈസർ ശ്രീരാം കൃഷ്ണനും പങ്കെടുത്തു. ഫെബ്രുവരി 16ന് ആരംഭിച്ച് വെള്ളിയാഴ്ച അവസാനിച്ച സമ്മിറ്റിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പ്രതിനിധിയായി അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

