
കുക്കീസ് ഉപയോഗത്തിൽ തിരിമറി: ഗൂഗ്ളിനും ഫേസ്ബുക്കിനും വൻ തുക പിഴയിട്ട് ഫ്രാൻസ്
text_fieldsപാരിസ്: കുക്കീസ് ഉപയോഗത്തിൽ തിരിമറി നടത്തിയതിന് ഗൂഗ്ളിനും ഫേസ്ബുക്കിനും വന്‍തുക പിഴയിട്ട് ഫ്രാന്‍സ്. ഫേസ്ബുക്കിന് 210 ദശലക്ഷം യൂറോയും (ഏകദേശം 17,68,28,40,000 രൂപ) ഗൂഗ്ളിന് 150 ദശലക്ഷം യൂറോയു(12,62,83,54,108 രൂപ)മാണ് പിഴ. ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്തുടരുന്നതിന് ഉപയോഗിക്കുന്ന കുക്കീസ് വേണ്ടെന്നുവെക്കാനുള്ള നടപടി സങ്കീര്ണമാക്കിയതിനെ തുടര്‍ന്നാണ് നടപടി.
ഗൂഗ്ളിലും ആമസോണിലും എന്തെങ്കിലും തിരഞ്ഞാൽ പിന്നീട് വെബ്സൈറ്റുകളിലെല്ലാം അതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് അവയുമായി ബന്ധമുള്ള കുക്കീസ് പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ്. ഇത് വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഒരാളുടെ സെര്‍ച്ചുമായി ബന്ധപ്പെട്ട് കുക്കീസ് ഉപയോഗിക്കുന്നതിന് അവരില്‍ നിന്ന് മുന്‍കൂര്‍ സമ്മതം വാങ്ങണമെന്നാണ് യൂറോപ്പിലെ സ്വകാര്യത നിയമം. ഫ്രാന്‍സിലെ സ്വകാര്യത പാലന ഏജന്‍സിയായ സി.എന്‍.ഐ.എല്ലും ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചുവരുന്നത്.
തുടർന്ന് കുക്കീസിന് അനുമതി നല്കുന്ന പ്രക്രിയ ഒറ്റ ക്ലിക്കില്‍ എളുപ്പമാക്കുകയും അതു വേണ്ടെന്നു വെക്കുന്ന നടപടി സങ്കീര്‍ണമാക്കുകയും ചെയ്തതാണ് അധികൃതരെ പ്രകോപിപ്പിച്ചത്. ഫേസ്ബുക്ക്, ഗൂഗ്ള്‍, യൂട്യൂബ് പോലുള്ള വെബ്സൈറ്റുകളിലെ കുക്കീസ് വേണ്ടെന്നു വെക്കുന്ന പ്രക്രിയ സങ്കീര്‍ണമാണെന്ന് സി.എന്‍.ഐ.എല്‍ കണ്ടെത്തി. മൂന്ന് മാസത്തിനുള്ളില്‍ ഉത്തരവ് പാലിച്ചില്ലെങ്കില്‍ ഒരു ലക്ഷം യൂറോ അധിക പിഴ ലഭിക്കുമെന്നും സി.എന്‍.ഐ.എല്‍. കമ്പനികളോട് പറഞ്ഞു.