അറിയാതെ പോലും kexart .com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യല്ലേ! മുട്ടൻ പണി കിട്ടും
text_fieldsവ്യാജ ലിങ്കുകളും സൈറ്റുകളും വഴി പണം കവരുന്ന സൈബർ തട്ടിപ്പുകൾ വ്യാപിച്ചിരിക്കുന്ന കാലഘട്ടമാണിപ്പോൾ. ഇതിനിടയിലിതാ ആളുകളെ നാണം കെടുത്തുന്ന ഒരു ലിങ്ക് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അറിയാതെ പോലും ആരും kexart.com എന്ന സൈറ്റിൽ പ്രവേശിക്കരുതെന്നാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ക്യാമ്പെയിൻ.
വളരെ പെട്ടെന്നു തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പ്രാങ്ക് വെബ്സൈറ്റാണ് kexart.com. ആകർഷണവും കൗതുകവും നിറഞ്ഞ വിഡിയോകളും പോസ്റ്റുകളുമായതിനാൽ ആളുകൾക്ക് ഈ സൈറ്റ് സന്ദർശിക്കാൻ താൽപര്യം കൂടുതലായിരിക്കും. ആർട്ട് ഗാലറിയായിട്ടോ സ്പോർട്സ് വെയർ വസ്ത്രങ്ങളുടെ ഷോപ്പിങ് സൈറ്റായിട്ടോ ആയിരിക്കും ഒരുപക്ഷേ ഈ സൈറ്റ് പ്രത്യക്ഷപ്പെടുക. എന്നാൽ സൈറ്റിൽ കയറിയാൽ മാത്രമേ അബദ്ധം മനസിലാക്കാൻ സാധിക്കൂ.
സൈറ്റിലെ വ്യൂ ഗാലറി, ആർട്ട് വിഭാഗങ്ങൾ എന്നിവയിൽ ക്ലിക്ക് ചെയ്താൽ ഉച്ചത്തിൽ ഭയപ്പെടുത്തുന്ന അല്ലെങ്കിൽ അശ്ലില വിഡിയോയുടെ ശബ്ദങ്ങൾ പുറത്തുവരും. ഈ ശബ്ദത്തിന്‍റെ വോളിയം കുറക്കാൻ കഴിയില്ലെന്നു മാത്രമല്ല, ഫോൺ മ്യൂട്ട് ചെയ്താലും ഉച്ചത്തിലുള്ള ഈ ശബ്ദം നിൽക്കില്ല. സ്ക്രീൻ അനിയന്ത്രിതമായി ബ്ലിങ്ക് ചെയ്യുകയും ചെയ്യും.
പൊതുസ്ഥലങ്ങളിൽ വെച്ചാണ് ഈ ലിങ്ക് ക്ലിക്ക് ചെയ്യുന്നതെങ്കിൽ നാണംകെടുമെന്ന കാര്യം ഉറപ്പാണ്. ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ വൈറസുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. എന്നാൽ സംശയാസ്പദമായ വെബ്സൈറ്റായി തന്നെയാണ് സുരക്ഷാ നിരീക്ഷകർ ഇതിനെ തരംതിരിച്ചിരിക്കുന്നത്. വെബ്സൈറ്റിന്‍റെ ഉടമസ്ഥരെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.
ഇനി എന്തെങ്കിലും കാരണവശാൽ നിങ്ങൾ ഈ വെബ്സൈറ്റ് തുറന്നുവെന്നിരിക്കട്ടെ. എങ്ങനെ പുറത്തു വരും? വൈബ്സൈറ്റിലെ പ്രത്യേക ബ്രൗസർ സ്ക്രിപ്റ്റ് കാരണം ഓഡിയോ പെട്ടെന്ന് നിർത്താനോ ടാബ് ക്ലോസ് ചെയ്യാനോ കഴിയില്ല. ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ റീസ്റ്റാർട്ട് ചെയ്യുക മാത്രമാണ് ഈ വെബ്സൈറ്റിന്‍റെ ശബ്ദത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏകവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

