എല്ലാം എ.ഐക്ക് വിടണോ? ചിന്തിക്കൂ
text_fieldsമനുഷ്യന്റെ ജീവിതത്തിൽ അനിവാര്യമായ ഒന്നായി എ.ഐ മാറിക്കഴിഞ്ഞു. ജോലി സംബന്ധമായും അല്ലാതെയും നിത്യജീവിതത്തിൽ നിർമിത ബുദ്ധിയെ ആശ്രയിക്കാത്തവർ കുറവായിരിക്കും. ചാറ്റ്ജിപിടി, ഗൂഗ്‌ൾ ജമിനി പോലുള്ള നിരവധി എ.ഐ ചാറ്റ്ബോട്ടുകൾ ഇന്ന് അക്കാദമിക് ആവശ്യങ്ങൾക്കടക്കം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ എ.ഐയെ ആശ്രയിക്കുമ്പോൾ നമ്മൾ എത്രത്തോളം കരുതിയിരിക്കേണ്ടതുണ്ടെന്ന ഓർമപ്പെടുത്തലാണ് ഷികാഗോ സർവകലാശാലയിലെ പ്രഫസറുടെ അനുഭവം നമ്മോട് പറയുന്നത്.
നിയമ വിഭാഗം പ്രഫസറായ വില്യം ബോഡ് (William baude) തന്റെ പഴയ ലെക്ചർ നോട്ടിന്റെ ചില ഫയലുകൾ എഡിറ്റ് ചെയ്യാൻ claude Ai എന്ന ചാറ്റ്ബോട്ടിനോട് നിർദേശിച്ചു. തന്റെ ഫയലുകൾ എഡിറ്റ് ചെയ്യാൻ നൽകിയ പ്രഫസർക്ക് ലഭിച്ചതാകട്ടെ ഒരു ഉഗ്രൻ പണിയും. നിർഭാഗ്യവാശാൽ ഫയലെല്ലാം ഡിലീറ്റ് ആയിപ്പോയി. പിന്നാലെ തന്നെ claude ഒരു സന്ദേശവും നൽകി. ‘നിങ്ങളുടെ ഫയലുകൾ എന്റെ അശ്രദ്ധ കാരണം ഡിലീറ്റ് ആയി. നിങ്ങൾക്ക് ദേഷ്യം തോന്നുന്നത് തികച്ചും ന്യായമാണ്’. ഫയലുകൾ ഡിലീറ്റ് ചെയ്തതോടൊപ്പം മാപ്പപേക്ഷിച്ച ചാറ്റ്ബോട്ടാണ് ഇവിടെ ഏറെ കൗതുകമുണർത്തുന്നത്.
എ.ഐയെ പേടിക്കണോ
ഡിലീറ്റായ ഫയലുകളെല്ലാം ഡ്രോപ്പ്ബോക്സിന്റെ സഹായത്തോടെ പ്രഫസർ വീണ്ടെടുത്തു. എന്നാൽ, തന്റെ ഈ അനുഭവം മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പാകണമെന്ന ലക്ഷ്യത്തോടെ അദ്ദേഹം ഇക്കാര്യം സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. എ.ഐ ഉപയോഗിക്കുമ്പോൾ നമ്മൾ എത്രത്തോളം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഈ സംഭവം ഓർമപ്പെടുത്തുന്നു. നമ്മൾ ചെയ്യുന്ന ജോലി എളുപ്പത്തിലാക്കാൻ വേണ്ടിയാണ് പലപ്പോഴും എ.ഐ ഉപയോഗിക്കാറുള്ളത്. എന്നാൽ, ചെറിയൊരു പിഴവു പോലും വലിയ നഷ്ടങ്ങളിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പും ഇത് നൽകുന്നു.
നമ്മുടെ പ്രധാനപ്പെട്ട രേഖകളുടെ പൂർണനിയന്ത്രണം എ.ഐക്ക് നൽകുമ്പോൾ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ചോദ്യങ്ങളിലും ഉത്തരങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല ഇത്തരം ചാറ്റ്ബോട്ടുകളുടെ പ്രവർത്തനങ്ങൾ. മറിച്ച് നമ്മുടെ കമ്പ്യൂട്ടറുകളിലെ ഫയലുകൾ തുറക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്ന തലത്തിലേക്ക് അവ മാറിയിട്ടുണ്ട്. അതിനാൽ ഏറെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.

