നികുതി വെട്ടിക്കാന്‍ ചൈനീസ് മൊബൈൽ കമ്പനി 62,476 കോടി കടത്തിയെന്ന് ഇ.ഡി
text_fieldsനികുതി വെട്ടിക്കാന്‍ മൊബൈല്‍ ഫോണ്‍ കമ്പനി വിവോ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കടത്തിയത് 62,476 കോടി രൂപ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് തിരിമറി കണ്ടെത്തിയത്. ഇന്ത്യയില്‍ നികുതി അടയ്ക്കുന്നത് ഒഴിവാക്കാന്‍ വരുമാനത്തിന്റെ 50 ശതമാനവും ചൈനയിലേക്ക് വിവോ കടത്തിയത്. 2017 മുതല്‍ 2021 വരെയുള്ള കണക്കാണിത്.
ഇക്കാലയളവില്‍ ഏകദേശം 1.25 ട്രില്യണ്‍ രൂപയുടെ ഇടപാടുകളാണ് വിവോ രാജ്യത്ത് നടത്തിയത്. നിലവില്‍ വിവോയുടെ 119 ബാങ്ക് അക്കൗണ്ടുകള്‍ (465 കോടി രൂപ), 66 കോടിയുടെ സ്ഥിര നിക്ഷേപം, 2 കിലോ സ്വര്‍ണം തുടങ്ങിയവ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമ പ്രകാരം പിടിച്ചെടുത്തിട്ടുണ്ട്.
പതിനെട്ടോളം കമ്പനികള്‍ ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നും ഇഡി അറിയിച്ചു. അനുബന്ധ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന് കാട്ടി പണം കടത്തുകയായിരുന്നു വിവോ. 2014ല്‍ ഹോങ്കോങ് ആസ്ഥാനമായ മള്‍ട്ടി അക്കോര്‍ഡ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായാണ് വിവോ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചത്. ചൈനീസ് കമ്പനി ബിബികെ ഇലക്ട്രോണിക്‌സിന് കീഴിലുള്ള ബ്രാന്‍ഡ് ആണ് വിവോ.
റിയല്‍മി, വണ്‍പ്ലസ്, ഓപ്പോ, ഐക്യൂ തുടങ്ങിയവയും ബിബികെ ഇലക്ട്രോണിക്‌സിന് കീഴിലുള്ള കമ്പനികളാണ്. 2018-21 കാലയളവിൽ മൂന്ന് ചൈനീസ് പൗരന്മാർ ഇന്ത്യ വിട്ടുപോയതായി കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. വിദേശികളിൽ, ബിൻ ലൂ എന്ന് തിരിച്ചറിഞ്ഞ ഒരാൾ വിവോയുടെ മുൻ ഡയറക്ടറായിരുന്നു. ഇ.ഡിയുടെ റിപ്പോർട്ട് അനുസരിച്ച്, ബിൻ ലൂ 2018 ഏപ്രിലിൽ ഇന്ത്യ വിട്ടു. മറ്റ് രണ്ടുപേർ ഷെങ്‌ഷെൻ ഔ, ഷാങ് ജി എന്നിവരാണ്. ഇവർ 2021ൽ രാജ്യം വിട്ടു.
കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ പിന്തുണയുള്ള ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കോ സ്ഥാപനങ്ങൾക്കോ എതിരെ നടപടി ശക്തമാക്കിയത്.വിവോ മൊബൈൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 48 ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം, കേസിൽ ഉൾപ്പെട്ട വിവിധ സ്ഥാപനങ്ങൾ 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ച 465 കോടി രൂപയുടെ ഫണ്ടുകളും 73 ലക്ഷം രൂപയും രണ്ട് കിലോ സ്വർണക്കട്ടികളും പിടിച്ചെടുത്തതായും ഇഡി അറിയിച്ചു.
'ഉത്തരവാദിത്തമുള്ള കോർപ്പറേറ്റ് എന്ന നിലയിൽ, നിയമങ്ങൾ പൂർണമായും പാലിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്' എന്ന് വിവോ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ആഭ്യന്തര ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനീസ് കമ്പനികൾ ആ രാജ്യത്ത് സൂക്ഷിച്ചിരിക്കുന്ന സെർവറുകളിലേക്ക് "നിയമവിരുദ്ധമായി" കൈമാറുന്നതായി അടുത്തിടെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

