പ്രതിമാസം 399 രൂപയുടെ പ്ലാൻ; ഇന്ത്യയിൽ സബ്സ്ക്രിപ്ഷനുമായി 'ചാറ്റ് ജി.പി.ടി ഗോ'
text_fieldsഇന്ത്യയിൽ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുമായി ഓപ്പൺ എ.ഐ. പ്രതിമാസം 399ക്ക് ചാറ്റ് ജി.പി.ടി ഗോ ഇനി ഉപയോഗിക്കാനാകും. ഇമേജ് ജനറേഷൻ, ഫയൽ അപ്‌ലോഡുകൾ, ഇരട്ടി മെമ്മറി, ഉയര്‍ന്ന മെസേജ് പരിധി തുടങ്ങിയവ അടങ്ങിയ പ്ലാനാണിത്. പ്ലസ് പ്ലാനിന്റെ ചെറിയൊരു ഭാഗം മാത്രം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ പുറത്തിറക്കിയതാണിത്.
ഇന്ത്യയിലാണ് ചാറ്റ് ജി.പി.ടി ഗോ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നതെന്ന് ചാറ്റ് ജി.പി.ടി വൈസ് പ്രസിഡന്റും മേധാവിയുമായ നിക്ക് ടർലി പറഞ്ഞു. പ്ലാനുകളുടെ വില കുറക്കണമെന്നും പ്രാദേശിക പേയ്‌മെന്റ് ഓപ്ഷനുകൾ ഉൾപ്പെടുത്തണമെന്ന ഇന്ത്യക്കാരുടെ ആവശ്യത്തെ തുടർന്നാണ് ഈ പ്ലാൻ നിലവിൽ കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് സൗജന്യ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപയോക്താക്കൾക്ക് പത്തിരട്ടി കൂടുതൽ സന്ദേശ പരിധികൾ, പത്തിരട്ടി കൂടുതൽ ഇമേജ് ജനറേഷനുകൾ, പത്തിരട്ടി കൂടുതൽ ഫയൽ അപ്‌ലോഡുകൾ, ഇരട്ടി മെമ്മറി ദൈർഘ്യം എന്നിവ ചാറ്റ് ജി.പി.ടി ഗോ വഴി ലഭിക്കും. പ്ലസ് അല്ലെങ്കിൽ പ്രോ പ്ലാനുകളിലെ മുഴുവൻ സവിശേഷതകളും ആവശ്യമില്ലാത്ത വിദ്യാർഥികൾക്കും, ഫ്രീലാൻസർമാർക്കും, പ്രൊഫഷണലുകൾക്കും ഗോ പ്ലാൻ കൂടുതൽ ഉപകാരപ്പെടും.
ഇന്ത്യന്‍ രൂപയില്‍ പണമടക്കാൻ സാധിക്കും. എല്ലാ ഉപയോക്താക്കള്‍ക്കും പ്ലാൻ നിരക്കുകൾ ഇന്ത്യന്‍ രൂപയില്‍ തന്നെ കാണാന്‍ സാധിക്കും. കറന്‍സിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാൻ ഇത് സഹായകമാണ്. നിലവിൽ ചാറ്റ് ജി.പി.ടി നാല് പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. പരിമിതമായ ഉപയോഗമുള്ള സൗജന്യ പ്ലാൻ, 399 രൂപയ്ക്ക് പുതിയ Go പ്ലാൻ, 1,999 രൂപക്ക് പ്ലസ് പ്ലാൻ, 19,999 രൂപക്ക് പ്രോ പ്ലാൻ. സൗജന്യത്തിനും പ്ലസിനും ഇടയിലുള്ള വിടവ് നികത്തുക, കുറഞ്ഞ ചെലവിൽ ദൈനംദിന ഉപയോഗത്തിന് സാധ്യമാക്കുക എന്നിവയാണ് ഗോ പ്ലാൻ ലക്ഷ്യമിടുന്നത്.
ജനറേറ്റീവ് എ.ഐ ടൂളുകള്‍ വലിയ സ്ഥാപനങ്ങള്‍ക്കും പ്രീമിയം ഉപയോക്താക്കള്‍ക്കും മാത്രമല്ല, പഠനത്തിനും ക്രിയേറ്റീവ് പ്രോജക്റ്റുകൾക്കും ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്ന വിദ്യാർഥികൾക്കും വ്യക്തികൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് അവതരിപ്പിക്കാനുള്ള നീക്കമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

