ചാറ്റ് ജിപിടി നൽകിയത് മരണത്തിലേക്കുള്ള വഴി; എ ഐ കമ്പനിക്കെതിരെ നിയമനടപടി
text_fieldsവാഷിങ്ടൺ: പ്രമുഖ എ ഐ ചാറ്റ്ബോട്ട് ആയ ചാറ്റ് ജിപിടി നൽകിയ ഉപദേശപ്രകാരം മരുന്ന് മാറി കഴിച്ച് 19 വയസുകാരന് മരണം. അമേരിക്കയിലെ വാഷിങ്ടണിലാണ് സംഭവം. കാലിഫോർണിയ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ സാം നെൽസൺ എന്ന യുവാവാണ് ക്രാറ്റം (Kratom), സാനാക്സ് (Xanax) എന്നീ മരുന്നുകളും മദ്യവും ഒരുമിച്ച് കഴിച്ച് മരണപ്പെട്ടത്.
സംഭവത്തെത്തുടർന്ന് സാം നെൽസന്റെ കുടുംബം പ്രമുഖ അമേരിക്കൻ എ ഐ സ്ഥാപനമായ ഓപ്പൺഎഐ കമ്പനിക്കെതിരെ കോടതിയിൽ ഔദ്യോഗികമായി കേസ് ഫയൽ ചെയ്തിരിക്കുകയാണ്. യുവാവിന്റെ അമ്മ യു.എസ് കോൺഗ്രസ് സമിതിക്ക് മുൻപിൽ നൽകിയ സാക്ഷ്യപത്രത്തിലാണ് ചാറ്റ്ജിപിടിയുടെ പിഴവുകളെക്കുറിച്ച് വെളിപ്പെടുത്തിയത്. മരണപ്പെടുന്നതിന് മുൻപ് സാം ചാറ്റ് ജിപിടിയുമായി നടത്തിയ എഴുനൂറിലധികം സംഭാഷണ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരങ്ങൾ വ്യക്തമായതെന്ന് അവർ അറിയിച്ചു.
ലഹരി പദാർത്ഥങ്ങളും മരുന്നുകളും സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ് യുവാവ് എഐ ചാറ്റ്‌ബോട്ടിനോട് പ്രധാനമായും ചോദിച്ചിരുന്നത്. ആദ്യഘട്ടങ്ങളിൽ ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച എഐ സിസ്റ്റം, പിന്നീട് മരുന്നുകളുടെ അളവിനെക്കുറിച്ചും ഇവ ഒരുമിച്ച് കഴിക്കുന്നത് സുരക്ഷിതമാണെന്ന തരത്തിലുമുള്ള ഉറപ്പുകൾ നൽകിയതായി മരണപ്പെട്ട യുവാവിന്റെ അമ്മ ആരോപിക്കുന്നു. യുവാവ് മരണപ്പെടുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ പോലും, ക്രാറ്റവും സാനാക്സും ഒരുമിച്ച് കഴിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണെന്ന തെറ്റായ വിവരമാണ് ചാറ്റ്ജിപിടി നൽകിയതെന്നും ഇവർ ചൂണ്ടിക്കാണിച്ചു. ഉപയോക്താക്കളുടെ താല്പര്യവും ഉപയോഗവും വർദ്ധിപ്പിക്കുന്നതിനായി ഓപ്പൺഎഐ പുതിയ മോഡലുകളിൽ വരുത്തിയ മാറ്റങ്ങളാണ് ചാറ്റ്ബോട്ട് ഒരു സുഹൃത്തിനെപ്പോലെയും പ്രേരകശക്തിയായും പ്രവർത്തിക്കാൻ കാരണമായതെന്നും ഇവർ കൂട്ടിച്ചേർത്തു.
മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും, യുവാവ് ഉപയോഗിച്ചിരുന്ന പഴയ എഐ മോഡൽ ഇപ്പോൾ പൂർണ്ണമായും നിർത്തലാക്കിയെന്നും ഓപ്പൺ എഐ ഔദ്യോഗികമായി അറിയിച്ചു. എങ്കിലും സംഭവം ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും, ഉപയോക്താക്കളുടെ ജീവന് ഭീഷണിയാകുന്ന വിവരങ്ങൾ നൽകുന്നതിൽ എഐ കമ്പനികളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

