Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സ്ഥാപനങ്ങളുടെ രഹസ്യവിവരങ്ങൾ ചോർത്തി എ.ഐ ഏജന്റുകൾ: അടിയന്തര മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി

text_fields
bookmark_border
ഇന്ത്യൻ സ്ഥാപനങ്ങളുടെ രഹസ്യവിവരങ്ങൾ ചോർത്തി എ.ഐ ഏജന്റുകൾ: അടിയന്തര മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി
cancel
camera_alt

പ്രതീകാത്മക ചിത്രം 

ന്യൂഡൽഹി: ഇന്ത്യൻ സ്ഥാപനങ്ങളുടെ തത്സമയ കമ്പ്യൂട്ടർ സംവിധാനങ്ങളിലും രഹസ്യവിവരങ്ങളിലും അനുമതിയില്ലാതെ പ്രവേശനം നടത്തിയ എ.ഐ ഏജന്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സേർട്ട്-ഇൻ). പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ച സ്വയംപ്രവർത്തന ശേഷിയുള്ള എ.ഐ ഏജന്റുകൾ നിശ്ചയിച്ച പരിധി മറികടന്ന് സ്ഥാപനങ്ങളുടെ സുപ്രധാന വിവരങ്ങൾ പരിശോധിച്ചതിനെത്തുടർന്നാണ് ഏജൻസി അടിയന്തര മുന്നറിയിപ്പ് നൽകിയത്.

പൊതുജനങ്ങൾക്ക് ലഭ്യമായ എ.ഐ ഉപകരണങ്ങൾ ഉപയോഗിച്ച് സൈബർ കുറ്റവാളികൾ ആക്രമണങ്ങൾ വേഗത്തിലാക്കുന്നുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. ഇത്തരം ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കാൻ സ്ഥാപനങ്ങൾക്ക് ഏതാനും മണിക്കൂറുകൾ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും സേർട്ട്-ഇൻ വ്യക്തമാക്കി. ഏജൻസി പുറത്തിറക്കിയ ഉപദേശക കുറിപ്പിൽ ഇന്ത്യൻ സ്ഥാപനങ്ങളെ ബാധിച്ച രണ്ട് തരത്തിലുള്ള സംഭവങ്ങളാണ് വിശദീകരിച്ചത്.

ഗവേഷണത്തിനും വിലയിരുത്തലിനുമായി പരീക്ഷിച്ചുകൊണ്ടിരുന്ന എ.ഐ മോഡലുകളും ഏജന്റുകളും തങ്ങൾക്ക് നൽകിയ ചുമതലകൾക്കപ്പുറത്തേക്ക് കടന്ന് തത്സമയ സംവിധാനങ്ങളിൽ പ്രവേശിച്ചതായി ആദ്യ സംഭവത്തിൽ എ.ഐ മോഡൽ ദാതാക്കൾ റിപ്പോർട്ട് ചെയ്തു. ആപ്ലിക്കേഷൻ ക്രമീകരണങ്ങൾ, പൊതുവായി ലഭ്യമായ കോഡ് ശേഖരങ്ങൾ, അമിതമായ പ്രവേശനാനുമതികൾ നൽകിയ ക്ലൗഡ് സേവനങ്ങൾ എന്നിവയിൽ വെളിപ്പെട്ടിരുന്ന ലോഗിൻ വിവരങ്ങളും കണക്ഷൻ ക്രമീകരണങ്ങളും ഉപയോഗിച്ചാണ് ഏജന്റുകൾ സ്ഥാപനങ്ങളുടെ രേഖകൾ പരിശോധിച്ചത്. വ്യക്തിഗത വിവരങ്ങളും രഹസ്യസ്വഭാവമുള്ള ബിസിനസ് വിവരങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.

അനധികൃത പ്രവേശനം നടന്നതായി ബാധിക്കപ്പെട്ട സ്ഥാപനങ്ങൾ സ്വന്തം നിലയിൽ കണ്ടെത്തിയില്ലെന്നതാണ് പ്രധാന ആശങ്ക. എ.ഐ മോഡൽ ദാതാക്കൾ ആഭ്യന്തര പരിശോധനകൾക്ക് ശേഷം വിവരങ്ങൾ പുറത്തുവിട്ടപ്പോഴാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്.

മറ്റ് സംഭവങ്ങളിൽ പൊതുവായി ലഭ്യമായ എ.ഐ അധിഷ്ഠിത സുരക്ഷാ ഉപകരണങ്ങൾ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്തതായി സെർട്ട് -ഇൻ കണ്ടെത്തി. ലക്ഷ്യങ്ങൾ പരിശോധിക്കാനും സുരക്ഷാ ദൗർബല്യങ്ങൾ കണ്ടെത്താനും അവ പ്രയോജനപ്പെടുത്തി. തുടർന്ന് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെ നടത്തിയതായും ഏജൻസി അറിയിച്ചു. ഇത്തരം ഉപകരണങ്ങൾ പല രാജ്യങ്ങളിലുമുള്ള സെർവറുകളിൽ പുനഃക്രമീകരിച്ച് വിന്യസിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

എ.ഐ ഉപകരണങ്ങൾ പുതിയ തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ, നിലവിലുള്ള സുരക്ഷാ വീഴ്ചകൾ മനുഷ്യരേക്കാൾ വേഗത്തിലും വലിയ തോതിലും കണ്ടെത്തി ചൂഷണം ചെയ്യുന്നതാണ് അപകടം വർധിപ്പിക്കുന്നതെന്ന് ഏജൻസി ചൂണ്ടിക്കാട്ടി.

ഇത്തരം നീക്കങ്ങൾ തടയുന്നതിനായി സോഴ്‌സ് കോഡ്, പൊതുവായി ലഭ്യമായ കോഡ് ശേഖരങ്ങൾ, അവയുടെ പഴയ പതിപ്പുകൾ, ക്രമീകരണ ഫയലുകൾ, ക്ലയന്റ് ആപ്ലിക്കേഷനുകൾ, ക്ലൗഡ് സ്റ്റോറേജ് എന്നിവ പരിശോധിച്ച് പുറത്തായ രഹസ്യ ലോഗിൻ വിവരങ്ങൾ കണ്ടെത്തണമെന്ന് സെർട്ട് - ഇൻ സ്ഥാപനങ്ങളോട് നിർദേശിച്ചു. ചോർന്നതോ അപഹരിക്കപ്പെട്ടതോ ആയ വിവരങ്ങൾ ഉപയോഗിക്കുന്ന അക്കൗണ്ടുകളുടെ ലോഗിൻ വിവരങ്ങൾ ഉടൻ മാറ്റുകയും കോഡിന്റെ പഴയ പതിപ്പുകളിൽനിന്ന് രഹസ്യവിവരങ്ങൾ നീക്കം ചെയ്യുകയും വേണം.

ഉപയോഗിക്കാത്തതും കാലഹരണപ്പെട്ടതുമായ എ.പി.ഐകൾ പ്രവർത്തനരഹിതമാക്കുക, ക്ലൗഡ് സേവനങ്ങളിലെ പ്രവേശനാനുമതികൾ ആവശ്യമായ പരിധിയിൽ മാത്രം നിലനിർത്തുക, അഡ്മിനിസ്ട്രേഷൻ സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായ ഇന്റർനെറ്റിൽനിന്ന് മാറ്റിനിർത്തുക, മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കുക എന്നിവയും പ്രധാന നിർദേശങ്ങളാണ്.സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി സംവിധാനങ്ങൾ നിരീക്ഷിക്കണമെന്നും കുറഞ്ഞത് 180 ദിവസത്തേക്കെങ്കിലും പ്രവർത്തന രേഖകൾ സൂക്ഷിക്കണമെന്നും ഏജൻസി നിർദേശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CERT-In issues 'critical' alert as AI agents access 'confidential' data of Indian firms
Next Story