കാർബൺ തിരിച്ചു വരുന്നു: 11,999 രൂപയുടെ ഫോണിൽ ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന സവിശേഷതകൾ!
text_fields3,000 രൂപയുടെ ഓഫർ
വലിയ തുക ചെലവാക്കാതെ ഈ ദീപാവലിക്ക് ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യൻ ബ്രാൻഡായ കാർബൺ തങ്ങളുടെ പുതിയ ഫോണായ 'റെബൽ' ആമസോണിൽ 3,000 രൂപ ഇളവോടെ അവതരിപ്പിച്ചുകൊണ്ട് വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.14,999 വിലയിട്ടിരുന്ന ഈ ഫോൺ ഒരു പരിമിതകാല ഓഫറിന്‍റെ ഭാഗമായി 11,999 രൂപക്ക് ലഭ്യമാണ്. എന്നാൽ ഈ ഓഫർ മാത്രമല്ല ഫോണിന്‍റ പ്രധാന ആകർഷണം. കൂടുതൽ സമയ ആവശ്യങ്ങൾക്കായി നിർമിക്കുന്ന ഫോണുകളിൽ സാധാരണയായി കാണാറുള്ള ഒരു പ്രത്യേക സവിശേഷതയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂറ്റൻ ബാറ്ററി
12,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോണിൽ 7,000mAh ബാറ്ററിയാണുള്ളത്. മണിക്കൂറുകളോളം വിഡിയോ സ്ട്രീം ചെയ്യാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനും കോളുകൾ ചെയ്യാനും ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കാർബൺ റെബൽ ഈ കൂറ്റൻ ബാറ്ററി പാക്ക് അവതരിപ്പിക്കുന്നത്. ഇത് 18W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇവിടെ ഒരു തിരിച്ചടിയുമുണ്ട്. പേപ്പറിൽ ബാറ്ററി ശേഷി വളരെ മികച്ചതായി തോന്നുമെങ്കിലും, ഇത്രയും വലിയൊരു ബാറ്ററി 18W അഡാപ്റ്റർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ സമയം എടുത്തേക്കാം.
ഡിസ്‌പ്ലേയിലെ മാറ്റങ്ങൾ
കാർബൺ റെബലിൽ 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.75 ഇഞ്ച് പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണുള്ളത്. ഇത് ആപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സുഗമമായി സ്ക്രോൾ ചെയ്യാൻ സഹായിക്കും. ഔട്ട്‌ഡോർ ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ 650 നൈറ്റ്സ് ബ്രൈറ്റ്‌നസും ഈ സ്‌ക്രീൻ നൽകുന്നുണ്ട്. എന്നാൽ ഇതിന്റെ റെസല്യൂഷൻ ഫുൾ എച്ച്.ഡി അല്ല. പകരം HD+ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ കുറവുപരിഹരിക്കാൻ വലിയ ഡിസ്‌പ്ലേക്ക് സാധിക്കുമോ എന്നത് കണ്ടറിയണം.
കാമറ
ദൈനംദിന ഉപയോഗത്തിന് വ്യക്തതയുള്ള ചിത്രങ്ങൾ ആഗ്രഹിക്കുന്ന ബജറ്റ് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി 50MP റിയർ കാമറയുമായാണ് കാർബൺ റെബൽ വരുന്നത്. എന്നാൽ മുൻവശത്തെ കാമറ 5MP മാത്രമാണ്. മെഗാപിക്സൽ കണക്ക് പ്രതീക്ഷ നൽകുന്നതാണെങ്കിലും, യഥാർഥ ചിത്രങ്ങളുടെ ഗുണനിലവാരം ഇമേജ് പ്രോസസിങ്, ലൈറ്റിങ്, സെൻസർ പ്രകടനം എന്നിവയെ ആശ്രയിച്ചിരിക്കും.
സ്റ്റോറേജ് സൗകര്യം
ഫോണിൽ സ്റ്റോറേജ് തീർന്നുപോവുന്ന അവസ്ഥ ഇനി ഒരു തലവേദനയാകില്ല. കാർബൺ റെബൽ 1TB വരെ വർധിപ്പിക്കാൻ കഴിയുന്ന മെമ്മറി കാർഡ് സ്റ്റോറേജിനെ പിന്തുണയ്ക്കുന്നു. അനുയോജ്യമായ മെമ്മറി കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ ഫോട്ടോകളും വീഡിയോകളും ഫയലുകളും സൂക്ഷിക്കാനാകും.
പരമ്പരാഗത 3.5mm ഹെഡ്‌ഫോൺ ജാക്ക് നിലനിർത്തിയിട്ടുള്ള ഈ ഫോൺ മീഡിയടെക് ഹെലിയോ G81 (MediaTek Helio G81) പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, കടുത്ത മത്സരമുള്ള ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിൽ ഉപഭോക്താക്കളെ തിരിച്ചുപിടിക്കാൻ ഈ പ്രായോഗിക സവിശേഷതകൾക്ക് കാർബണിനെ സഹായിക്കാൻ കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.

