കൈയടി നേടി കാൻവയുടെ കൂട്ടപ്പിരിച്ചുവിടൽ; ജീവനക്കാർക്ക് മാക് ബുക്കും 6 മാസത്തെ ശമ്പളവും ഗ്രാന്റും നൽകി കമ്പനി
text_fieldsപ്രമുഖ ഡിസൈൻ സോഫ്റ്റ്‌വെയർ കമ്പനിയായ കാൻവ തങ്ങളുടെ ആകെ ജീവനക്കാരിൽ നിന്ന് 22 ശതമാനത്തോളം പേരെ, ഏകദേശം 1271 ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാരെ പിരിച്ചുവിടുന്നതിനായി കമ്പനി പ്രഖ്യാപിച്ച ആകർഷകമായ ആനുകൂല്യങ്ങളും നഷ്ടപരിഹാര പാക്കേജുമാണ് ഇപ്പോൾ ടെക് ലോകത്ത് വലിയ ചർച്ചയാകുന്നത്.
വളർച്ചയിലെ മാന്ദ്യം, വർധിച്ചുവരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലവുകൾ, കടുത്ത മത്സരം എന്നിവയാണ് കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിച്ചതെന്ന് കാൻവ സി.ഇ.ഒ മെലാനി പെർകിൻസ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. മുൻകാലങ്ങളെ അപേക്ഷിച്ച് കമ്പനിയുടെ വളർച്ച നിരക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഇതാദ്യമായി കുറഞ്ഞതായും അവർ ചൂണ്ടിക്കാണിച്ചു.
തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരോട് കമ്പനി കാണിച്ച അനുഭാവവും നൽകിയ മികച്ച ആനുകൂല്യങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രശംസ നേടുന്നത്. പിരിച്ചുവിട്ട ജീവനക്കാർക്ക് കമ്പനി നൽകിയിട്ടുള്ള മാക് ബുക്കുകൾ തിരികെ നൽകാതെ ജീവനക്കാർക്ക് തന്നെ സൂക്ഷിക്കാൻ അനുമതി നൽകി. എവിടെ ജോലി ചെയ്യുന്നവരായാലും നിയമപരമായ ആനുകൂല്യങ്ങൾക്ക് പുറമെ കുറഞ്ഞത് ആറു മാസത്തെ ശമ്പളം സെവറൻസ് പാക്കേജായി കമ്പനി നൽകും.
ഒരു വർഷത്തെ ലിങ്ക്ഡ്ഇൻ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, വൺ ഓൺ വൺ കരിയർ കോച്ചിങ്, റെസ്യൂമി തയാറാക്കാൻ സഹായിക്കുക, അഭിമുഖത്തിനുള്ള പരിശീലനം എന്നിവ നൽകുന്നു. കൂടാതെ മുൻ ജീവനക്കാരെ മറ്റ് തൊഴിലുടമകളുമായി ബന്ധിപ്പിക്കാൻ പ്രത്യേക അലുമിനി ഡയറക്ടറിയും തയാറാക്കുന്നുണ്ട്. പല രാജ്യങ്ങളിലും ജീവനക്കാർക്ക് നൽകിവരുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ 12 മാസം കൂടി നീട്ടിനൽകും. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കാൻവ കെയർ സേവനങ്ങൾ ഒരു വർഷത്തേക്ക് കൂടി ലഭ്യമാകും.
സ്വന്തമായി ബിസിനസ്സോ കമ്മ്യൂണിറ്റി പ്രോജക്റ്റുകളോ ആരംഭിക്കാൻ താൽപ്പര്യമുള്ള പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് കാൻവ കളക്ടീവ് ഫണ്ട് വഴി യാതൊരു ഇക്വിറ്റിയും ഈടാക്കാതെ 10000 യു.എസ് ഡോളർ ഗ്രാന്റായി നൽകും. പരമ്പരാഗതമായി നടക്കുന്ന കൂട്ടപ്പിരിച്ചുവിടലുകളിൽ നിന്ന് വ്യത്യസ്തമായി, ജീവനക്കാരെ വെറും വിഭവങ്ങളായി കാണാതെ മാനുഷിക പരിഗണനയോടെ കാൻവ പെരുമാറിയ രീതി വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഭാവിയിൽ കമ്പനികൾ പിന്തുടരേണ്ട മാതൃകാപരമായ സമീപനമാണിതെന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തൽ.

