ഡമ്മി ഫോൺ കൊണ്ട് സ്ക്രീൻ ടൈം കുറക്കാനാകുമോ?
text_fieldsപോക്കറ്റിൽ കിടക്കുന്ന ഫോൺ നാം സ്വയമറിയാതെതന്നെ പുറത്തെടുത്തുപോകാറില്ലേ? ബസ് കാത്തിരിക്കുമ്പോഴോ, പരിചയമില്ലാത്തവരുടെ ഇടയിൽ പെട്ടാലോ വെറുതെ ഒരു ശീലത്തിലോ ഒക്കെ നാമറിയാതെ തന്നെ ഫോൺ നമ്മുടെ കൈയിലെത്തും. അങ്ങനെ എത്തിയാലോ? വെറുതെ ഒന്ന് സ്ക്രോൾ ചെയ്യും, സ്വൈപ് ചെയ്യും. ഏതെങ്കിലും നോട്ടിഫിക്കേഷൻ പ്രതീക്ഷിച്ച് നോക്കും. ഒന്നുമുണ്ടാകില്ല. എങ്കിലും അതിൽ തുടരും. ഒരു റീൽ, അത് രണ്ടാകും മൂന്നാകും... അതു പിന്നെ നീളും.
അരയോ ഒന്നോ മണിക്കൂറങ്ങ് പോയിക്കിട്ടും. ഒന്നാലിചിച്ചുനോക്കൂ, ഒന്നിനുവേണ്ടിയുമല്ലാതെ നാം പുറത്തെടുത്തതായിരുന്നു ആ ഫോൺ. നിങ്ങൾക്കു മാത്രമല്ല, മിക്കവർക്കും സംഭവിക്കുന്നതാണിത്. ഇന്ത്യക്കാരുടെ ശരാശരി ദിവസ സ്ക്രീൻ ടൈം അഞ്ചു മണിക്കൂർ വരെ ആയിക്കഴിഞ്ഞതായി പഠനങ്ങൾ പറയുന്നു. ആഗോള വെല്ലുവിളിയായി മാറിക്കഴിഞ്ഞ ഈ സ്ക്രീൻ അഡിക്ഷൻ വഴി തിരിച്ചുവിടാൻ വിചിത്രമായൊരു ടെക്നിക് പരീക്ഷിക്കുകയാണ് പടിഞ്ഞാറുള്ളവർ.
മെത്താഫോൺ
ഇത് ഫോണല്ല, ഫോണിന്റെ രൂപവും ഭാരവുമുള്ള ഒരു അക്രിലിക് സ്ലാബാണ് സംഭവം. ഇതിന് സ്ക്രീനോ ഇന്റർനെറ്റോ ഒന്നുമില്ല. കൈയിലെടുത്ത് വെറുതെ സ്ക്രോൾ ചെയ്യാം. ഒന്നും സംഭവിക്കില്ല. ശേഷം പോക്കറ്റിലേക്കുതന്നെ വെക്കാം. അതായത്, സ്വയം അറിയാതെ ഫോണെടുത്തുപോകുന്നവർക്ക് എടുക്കാനും നോക്കാനുമുള്ള ഒരു വസ്തു എന്നു മാത്രം. പക്ഷേ, ഇത് ചില ഗുണങ്ങൾ നൽകുന്നുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ഗൂഗ്ളിലും ഫേസ്ബുക്കിലും മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന എറിക് ആന്റനോവ് എന്ന വിദ്വാനാണ് ‘മെത്താഫോൺ’ എന്ന ‘വ്യാജ ഫോണി’ന്റെ ഉപജ്ഞാതാവ്. ഫോൺ അഡിക്ഷനെ വഴി തിരിച്ചുവിട്ടുകൊണ്ട് ബിഹേവിയറൽ മാറ്റം കൊണ്ടുവരാനുള്ള ഉപകരണം എന്ന നിലയിൽ ഇത്തരമൊരു സ്ലാബ് വികസിപ്പിച്ച് എറിക് സുഹൃത്തുക്കൾക്ക് നൽകിയാണ് തുടക്കം. സംഭവം ഹിറ്റായി.
‘‘ഫോണെടുക്കാനുള്ള ത്വരയോട് നേരിട്ട് ഏറ്റുമുട്ടാതെയുള്ള സമീപനമാണിത്. ആഗ്രഹത്തെ വഴിതിരിച്ചുവിടുകയാണ്. വളരെയധികം ഉറച്ചുപോയ ഒരു സ്വഭാവം പെട്ടെന്ന് മാറ്റിയെടുക്കാൻ ശ്രമിക്കുമ്പോൾ പ്രതിേരാധമുണ്ടാകാറുണ്ടെന്നാണ് ബിഹേവിയറൽ സൈക്കോളജി പറയുന്നത്. പരിചിതമായിക്കഴിഞ്ഞ ഒരു പ്രവൃത്തിയിലൂടെ ശീലത്തിന് പകരം സൃഷ്ടിക്കുകയാണ്.’’ -ഗുഡ്ഗാവിലെ ഗേറ്റ് വേ ഓഫ് ഹീലിങ് ഡയറക്ടർ ഡോ.ചാന്ദ്നി തുഗ്നെത് പറയുന്നു. അതേസമയം ദീർഘകാലത്തേക്ക് പരീക്ഷിക്കാവുന്ന മാർഗമല്ല ഇതെന്നും ചാന്ദ്നി വിശദീകരിക്കുന്നു.
സ്ക്രീൻ ടൈം കുറക്കാൻ
- ഫോൺ മറ്റൊരു മുറിയിൽ വെക്കുക
- ഓഫ്ലൈൻ ശീലങ്ങൾക്കായി (വ്യായാമം, ഹോബി, പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കൽ) സമയം നൽകുക.
- ഭക്ഷണമേശയിലും ബാത്ത്റൂമിലും ഫോൺ ഉപയോഗിക്കാതിരിക്കുക.
- സമയം കളയുന്ന ആപ്പുകൾ ഡിലീറ്റ് ചെയ്യുക.
- അഡിക്ഷൻ പിടിവിട്ടാൽ ചികിൽസ തേടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

