'കോളിങ് നെയിം പ്രസന്റേഷന്‍' സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്ന് വിളിക്കുമ്പോഴും ഫോണിൽ പേര് തെളിയും; പരിഷ്ക്കാരം ഉടൻ
text_fieldsന്യൂഡല്‍ഹി: സേവ് ചെയ്യാത്ത നമ്പറുകൾ സ്ക്രീനിൽ കണ്ട് പരിഭ്രമിക്കേണ്ട. ഫോണ്‍ വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്ന പരിഷ്‌കാരം ഒരാഴ്ചക്കകം നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ മൊബൈല്‍ സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം നൽകി. 'കോളിങ് നെയിം പ്രസന്റേഷന്‍' എന്നാണ് പുതിയ പദ്ധതിക്ക് മന്ത്രാലയം പേര് നൽകിയിരിക്കുന്നത്.
മൊബൈല്‍ വഴിയുള്ള തട്ടിപ്പ് ഒരുപരിധി വരെ കുറക്കാൻ വേണ്ടിയാണ് സാധിക്കുമെന്നാണ് ടെലികോം മന്ത്രാലയം പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഏതെങ്കിലുമൊരു സര്‍ക്കിളിലെങ്കിലും ഒരാഴ്ച്ചക്കുള്ളില്‍ പരീക്ഷണം ആരംഭിക്കണമെന്നും ഉത്തരവിലുണ്ട്. സിം എടുക്കുന്ന സമയത്ത് കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നൽകിയ പേരാണ് സ്‌ക്രീനില്‍ എഴുതി കാണിക്കുക.
ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിടാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. 'കോളിങ് നെയിം പ്രസന്റേഷന്‍' വേണ്ടി കഴിഞ്ഞ കുറെവര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തി വരികയായിരുന്നു. 60 ദിവസം വരെ ഈ പരീക്ഷണം തുടരും.
രാജ്യത്തെ ഫോര്‍ ജി നെറ്റ് വര്‍ക്കുകളിലും പുതിയ നെറ്റ് വര്‍ക്കുകളിലുമാകും തുടക്കത്തില്‍ ഈ സൗകര്യം ഉണ്ടാകുക. ആദ്യഘട്ടത്തില്‍ 2ജി ഫോണ്‍ ഉപയോഗിക്കുന്നവരെ ഒഴിവാക്കിയിട്ടുണ്ട്. ടെക്നിക്കല്‍ ബുദ്ധിമുട്ട് കാരണമാണിത്.
അടുത്ത ഘട്ടത്തില്‍ 2ജി സിം ഉപയോഗിക്കുന്നവര്‍ക്കും സേവനം ലഭ്യമാക്കാനാണ് നീക്കം. ഫോണ്‍ വിളിക്കുന്ന ആളുടെ ഐഡന്റിറ്റി മനസിലാക്കാൻ കഴിയുന്നതിലൂടെ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്നുമാണ് പ്രതീക്ഷ.
ഏതു സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കണമെന്ന് മൊബൈല്‍ സേവനദാതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി. ഓരോ ആഴ്ച്ചയും കൃത്യമായ റിപ്പോര്‍ട്ട് കമ്പനികള്‍ നല്‍കണം. വിദഗ്ധ സമിതി ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കും.
ഇതുവരെ ഫോണില്‍ സേവ് ചെയ്ത പേരാണ് സ്‌ക്രീനില്‍ തെളിഞ്ഞു വന്നുകൊണ്ടിരുന്നത്. അല്ലെങ്കില്‍ ട്രൂകോളര്‍ പോലെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നൽകുന്ന വിവരങ്ങൾ ആയിരിക്കും. ഇതിന് 100 ശതമാനം ആധികാരികതയില്ല. 'കോളിങ് നെയിം പ്രസന്റേഷന്‍' വരുന്നതോടെ ആരുടെ പേരിലാണ് നമ്പറെടുത്തതെന്ന് കൃത്യമായി മനസിലാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

