കോൾ മുറിയലും നെറ്റ്‍വർക്ക് പ്രശ്നവും: ഉടൻ പരിഹാരമാകുമെന്ന് ബി.എസ്.എൻ.എൽ
text_fieldsതിരുവനന്തപുരം: സംസാരിക്കുന്നതിനിടെ ഫോൺ കോൾ മുറിഞ്ഞുപോകലും നെറ്റ്‍വർക്ക് പ്രശ്നങ്ങളുമടക്കം ഉടൻ പരിഹരിക്കുമെന്ന് ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. സജികുമാർ. സെന്‍റർ ഫോർ ഡവലപ്മെന്‍റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോറ്റ്) തയാറാക്കിയ പുതിയ ഐ.പി മൾട്ടിമീഡിയ സിസ്റ്റം (ഐ.എം.എസ് സിസ്റ്റം) കഴിഞ്ഞയാഴ്ച പൂർണാർഥത്തിൽ കമീഷൻ ചെയ്തിട്ടുണ്ട്. നിലവിലെ പ്രശ്നം ഇതുവഴി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജികുമാർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഡാറ്റയുടെ കാര്യത്തിൽ മറ്റു നെറ്റ്വർക്കുകൾക്കൊപ്പമാണ് ബി.എസ്.എൻ.എലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നര വർഷത്തിന് മുമ്പുള്ള സാഹചര്യങ്ങളെ അപേക്ഷിച്ച് ഇപ്പോൾ സ്ഥിതി മാറി. തദ്ദേശീയമായി വികസിപ്പിച്ച നെറ്റ്വർക്ക് വന്നതോടെ ഡാറ്റ കവറേജ് വ്യാപിപ്പിച്ചു. കേരളത്തിൽ ബി.എസ്.എൻ.എൽ 4ജി കവറേജ് 20 ശതമാനത്തിൽനിന്ന് 98 ശതമാനമായി വർധിച്ചു. വൈകാതെ 5ജിയിലേക്ക് മാറും. വെള്ളപ്പൊക്കമടക്കം പ്രകൃതി ദുരന്ത ഘട്ടങ്ങളിലെ ലഭ്യതയുടെ കാര്യത്തിൽ കേരളത്തിലെ ബി.എസ്.എൻ.എൽ നെറ്റ്‍വർക്കാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. സാങ്കേതികമായി നോക്കുമ്പോൾ 5ജി അത്ര വിജയകരമല്ല. 2ജി വിജയകരവും 3ജി പരാജയവുമെന്നത് പോലെയാണിത്. 4ജി വിജയകരമാണ്. ഇനി പ്രതീക്ഷ 6ജിയിലാണ്.
സെൽഫ് കെയർ ആപ്
സേവനങ്ങൾ വേഗത്തിലാക്കാൻ ബി.എസ്.എൻ.എൽ പുതിയ സെൽഫ് കെയർ ആപ്പ് ആരംഭിക്കും. സിനിമയും സ്പോർട്സുമടക്കം വിനോദ സൗകര്യവും ഇതിലുണ്ട്. 500ഓളം ലൈവ് ടി.വി ചാനലുകൾ ആപ്പിലൂടെ സൗജന്യമായി ലഭ്യമാകും. ഒപ്പം ബിൽ അടയ്ക്കൽ ഉൾപ്പെടെ മറ്റു സേവനങ്ങളും.
ഒരു രൂപക്ക് സിം ഇത്തവണയും
ഒരു രൂപക്ക് സിം എടുക്കാവുന്ന ഫ്രീഡം പ്ലാൻ ഇത്തവണയുമുണ്ട്. പ്രതിദിനം ഒരു ജി.ബി ഡാറ്റ ലഭിക്കും. 100 എസ്.എം.എസുകളും. 24 ദിവസമാണ് കാലാവധി. അൺലിമിറ്റഡ് കോളിങ് സൗകര്യമാണ് പ്രധാന പ്രത്യേകതയെന്നും ചീഫ് ജനറൽ മാനേജർ ആർ. സജികുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

