
‘ബൈറ്റ്ഡാൻസ് ചൈനയുടെ ഏജന്റല്ല’; യു.എസ് കോൺഗ്രസിൽ ടിക് ടോക് സി.ഇ.ഒ
text_fieldsതങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നായ അമേരിക്കയിൽ നിരോധന ഭീഷണി നേരിടുകയാണ് ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക് ടോക്. നിലവിൽ 150 ദശലക്ഷം യൂസർമാരാണ് യു.എസിൽ ടിക് ടോകിനുള്ളത്. യു.എസിലെ യൂസർമാരുടെ ഡാറ്റ ശേഖരിക്കാനും രാജ്യത്തെ നിരീക്ഷിക്കാനും ചൈന ടിക് ടോകിനെ ഉപയോഗപ്പെടുത്തുകയാണെന്നാണ് യു.എസ് ആരോപിക്കുന്നത്. ടിക് ടോകിന് നിരോധനം ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ബുധനാഴ്ച യുഎസ് കോൺഗ്രസിന് പുറത്ത് ഒരു കൂട്ടം ടിക് ടോക് കണ്ടന്റ് ക്രിയേറ്റർമാർ ഒത്തുകൂടിയിരുന്നു.
അതേസമയം, ആദ്യമായി യു.എസ് കോൺഗ്രസിന് മുമ്പാകെ ഹാജരായ ടിക് ടോക്ക് സി.ഇ.ഒ, ഷൗ സി ച്യൂ അമേരിക്കയുടെ ആരോപണങ്ങളെല്ലാം തന്നെ നിഷേധിച്ചു. യു.എസ് യൂസർമാരുടെ ഡാറ്റ ടിക് ടോക് ഒരിക്കലും ചൈനയുമായി പങ്കിടില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. കമ്പനി സ്വകാര്യത വർധിപ്പിക്കുമെന്നും യു.എസ് ഉപയോക്തൃ ഡാറ്റയിലേക്ക് “അനധികൃത വിദേശ കടന്നുകയറ്റം” ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുമെന്നും സി.ഇ.ഒ പറഞ്ഞു. ചൈന ആസ്ഥാനമായ ടിക് ടോകിന്റെ മാതൃകമ്പനി ബൈറ്റ് ഡാൻസ് "ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ ഏജന്റല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ടിക്‌ടോക്കിന്റെ കോർപ്പറേറ്റ് ഘടന ചൈനീസ് സർക്കാരിനോട് കൂറുള്ളവരാണെന്നോ, യുഎസ് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങൾ ചൈനീസ് സർക്കാരുമായി പങ്കിടുന്നുണ്ടെന്നോ ഉള്ള തെറ്റായ വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കുന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു, അത് തീർത്തും അസത്യമാണ്. ബൈറ്റ്ഡാൻസ് ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ ഏജന്റല്ല," -ച്യൂ ഊന്നിപ്പറഞ്ഞു.
തങ്ങളുടെ സ്വകാര്യത എത്രത്തോളം അപകടത്തിലാണെന്ന് അറിയാൻ അമേരിക്കക്കാർക്ക് അവകാശമുണ്ടെന്ന് ഹിയറിങ്ങിനിടെ, കമ്മിറ്റി ചെയർ കാത്തി മക്‌മോറിസ് റോഡ്‌ജേഴ്‌സ് പറഞ്ഞു. ചൈനയുമായി ബന്ധമുള്ള ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥയിലുള്ള ടിക് ടോക് അവരുടെ ഡാറ്റ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സി.ഇ.ഒയുടെ വിശദീകരണങ്ങളെ കാറ്റിൽ പറഞ്ഞി ടിക് ടോക്ക് അമേരിക്കയിൽ നിരോധിക്കാൻ തന്നെയാണ് കോൺഗ്രസ് പദ്ധതിയിടുന്നത്.