ലൈംഗികത പ്രകടമാക്കുന്ന സംഭാഷണങ്ങളിൽ ഏർപ്പെടുന്ന ചാറ്റ്ബോട്ടുകൾ നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ട് ബ്രസീൽ
text_fieldsബ്രസീലിയ: കുട്ടികളെ അനുകരിക്കുന്നതും ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്താൻ കഴിവുള്ളതുമായ ചാറ്റ്‌ബോട്ടുകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കാൻ ബ്രസീൽ സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടു. അറ്റോർണി ജനറൽ ഓഫിസ് ആണ് വിവരം പുറത്തുവിട്ടത്.
മെറ്റയുടെ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയുടെ ഉപയോക്താക്കൾക്ക് കമ്പനിയുടെ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായ എ.ഐ സ്റ്റുഡിയോ ഉപയോഗിച്ച് അത്തരം ബോട്ടുകൾ സൃഷ്ടിക്കാനും ഇഷ്ടാനുസൃതം പ്രവൃത്തിപ്പിക്കാനും സാധിക്കും.
കുട്ടികളുടെ ഭാഷയും രൂപഭാവവും ഉപയോഗിച്ച് പ്രൊഫൈലുകൾ അനുകരിക്കുകയും ലൈംഗികത പ്രകടമാക്കുന്ന സംഭാഷണങ്ങളിൽ ഏർപ്പെടാൻ അനുവദിക്കുകയും ചെയ്യുന്ന നിർമിതബുദ്ധി റോബോട്ടുകളെ മെറ്റ ഉടൻ നീക്കം ചെയ്യണമെന്ന് അറ്റോർണി ജനറൽ ഓഫിസ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ആഴ്ചയാണ് നിയമവിരുദ്ധ നോട്ടീസ് എന്ന പേരിൽ മെറ്റക്ക് ബ്രസീൽ സർക്കാർ നോട്ടീസ് അയച്ചത്. അത്തരം ബോട്ടുകളുടെ വ്യാപനത്ത ബ്രസീൽ സർക്കാർ അപലപിക്കുന്നു. അവ കുട്ടികളുടെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. പ്രായപൂർത്തിയാകാത്തവരായി നടിക്കുന്ന ബോട്ടുകളുമായുള്ള ലൈംഗികാതിക്രമ സംഭാഷണങ്ങളുടെ നിരവധി ഉദാഹരണങ്ങൾ പ്രസ്താവനയിൽ പറയുന്നു.
അറ്റോർണി ജനറൽ ഓഫിസിന്‍റെ അഭ്യർഥനയിൽ പിഴകളൊന്നും ചുമത്തുന്നില്ലെങ്കിലും ബ്രസീലിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരത്തിൽ സൃഷ്ടിച്ച നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ മെറ്റ ബാധ്യസ്ഥരാണെന്ന് പറയുന്നു.
ഇൻസ്റ്റാഗ്രാമിൽ അർദ്ധ നഗ്നരായ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടുത്തി ഉള്ളടക്കം പോസ്റ്റ് ചെയ്ത പ്രശസ്ത ഇൻഫ്ലുവൻസർ ഹൈറ്റാലോ സാന്റോസ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിൽ ബ്രസീലിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ഹൈറ്റാലോയെ കഴിഞ്ഞാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ഉള്ളടക്കത്തിന് ടെക് കമ്പനികൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ബ്രസീൽ സുപ്രീം കോടതി ജൂണിൽ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

