‘ബി അവെയർ’ആപ് പുതിയ രൂപത്തിൽ
text_fieldsമനാമ: കോവിഡ് 19 സംബന്ധിച്ച സേവനങ്ങൾക്കായി ആരംഭിച്ച ബി അവെയർ ബഹ്റൈൻ മൊബൈൽ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി വിപുലീകരിക്കുന്നു.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി സി.ഇ.ഒ മുഹമ്മദ് അലി അൽ ഖാഇദ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം മധ്യത്തോടെ പുതിയ രൂപത്തിലുള്ള ആപ് പുറത്തിറക്കും.
ഐഡി കാർഡ്, പാസ്പോർട്ട്, ജനനസർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ (മൈ കാർഡ്) തുടങ്ങിയ ഡിജിറ്റൽ രേഖകൾ ബി അവെയർ ബഹ്റൈൻ ആപ്പിൽ ലഭ്യമാക്കും. ഇന്ത്യയിലെ ഡിജിലോക്കർ പോലെ ഡിജിറ്റൽ രേഖകൾ മൊബൈൽ ആപ്പിൽ സൂക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് ഇതുവഴി യാഥാർഥ്യമാവുക.
ആപ്പിലെ ഡിജിറ്റൽ രേഖകൾ സർക്കാർ ഓഫിസുകളിൽ അംഗീകരിക്കും. കോപ്പിയിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് സർട്ടിഫിക്കറ്റിന്റെ സാധുത സ്ഥിരീകരിക്കാം. മൈ ഹെൽത്ത് കാർഡ്സ്, മൈ മെഡിക്കൽ അപ്പോയിൻമെന്റ്സ് എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തും. മൈ ഹെൽത്ത് കാർഡ്സ് എന്ന ഫീച്ചറിൽ കോവിഡ്-19 വാക്സിനേഷൻ വിവരങ്ങളും മറ്റും ഉണ്ടാകും.
ഹെൽത്ത് സെന്ററുകളിലെയും സർക്കാർ ആശുപത്രികളിലെയും അപ്പോയിൻമെന്റുകൾ ഓർമിപ്പിക്കുന്ന സംവിധാനമാണ് മൈ മെഡിക്കൽ അപ്പോയിൻമെന്റ്സ് എന്ന ഫീച്ചറിലുള്ളത്. കോവിഡ്-19 ബാധിതരായി ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ 2020ൽ ആരംഭിച്ചതാണ് ബി അവെയർ ബഹ്റൈൻ ആപ്.
പിന്നീട്, വാക്സിനേഷനുള്ള രജിസ്ട്രേഷൻ, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ്, ടെസ്റ്റിനുള്ള അപ്പോയിൻമെന്റ് തുടങ്ങിയ സേവനങ്ങളും ആപ് മുഖേന ലഭ്യമാക്കി. അന്താരാഷ്ട്ര യാത്രക്കാർക്ക് ബി അവെയർ ആപ് അനിവാര്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

