ഇന്ത്യയിൽ കുട്ടികൾക്കെതിരായുള്ള ലൈംഗികാതിക്രമ വീഡിയോകൾക്ക് പണം വാങ്ങി ഇൻസ്റ്റഗ്രാം; ബിബിസി വെളിപ്പെടുത്തലിനെ തുടർന്ന് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു
text_fieldsഇന്ത്യയിൽ ഇൻസ്റ്റഗ്രാം വഴി കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങൾ അടങ്ങിയ ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പണമടച്ചുള്ള പരസ്യങ്ങൾ പ്രചരിക്കുന്നു. പ്രമുഖ മാധ്യമ സ്ഥാപനമായ ബിബിസിയാണ് ഈ ഗുരുതര പ്രശ്നവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില അക്കൗണ്ടുകൾ വഴിയാണ് ഈ നിയമവിരുദ്ധമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്.
അപകടകരമായ വാക്കുകൾ ഉപയോഗിച്ചാണ് ഇൻസ്റ്റാഗ്രാമിൽ ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. റേപ്പ് വീഡിയോ, ചൈൽഡ് വീഡിയോ, തുടങ്ങിയ വാക്കുകൾ ഇത്തരം പരസ്യങ്ങളിൽ ഉപയോഗിക്കുന്നു. കൂടാതെ ഉപയോക്താക്കളെ ടെലഗ്രാമിലെ രഹസ്യ ചാനലുകളിലേക്ക് നയിക്കുന്ന ലിങ്കും ഇത്തരം പരസ്യങ്ങളിൽ കാണാം. 99 രൂപ നൽകിയാൽ ഇത്തരം ദൃശ്യങ്ങൾ സ്വന്തമാക്കാമെന്നാണ് പരസ്യത്തിൽ പറയുന്നത്. വിവിധ ലിംഗഭേദങ്ങളിലുള്ള 12 വയസ്സ് പ്രായമുള്ള കുട്ടികൾ ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ വരെ പരസ്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇത്തരം പരസ്യങ്ങൾ തങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളെ ലംഘിക്കുന്നില്ലെന്ന വിചിത്രമായ മറുപടിയാണ് ഇൻസ്റ്റഗ്രാം അധികൃതർ ആദ്യഘട്ടത്തിൽ നൽകിയത്. എന്നാൽ വിഷയം ബിബിസി ആഗോളതലത്തിൽ ഉന്നയിച്ചതോടെ മെറ്റ പ്രതികരിച്ചു. ആരോപണവിധേയമായ പരസ്യങ്ങൾ നീക്കം ചെയ്യുകയും ബന്ധപ്പെട്ട അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി മെറ്റ അറിയിച്ചു.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് മെറ്റ വക്താവ് വ്യക്തമാക്കി. 350 കോടിയിലധികം ഉപയോക്താക്കളുള്ള പ്ലാറ്റ്‌ഫോമിൽ കുറ്റവാളികളെ കണ്ടെത്താൻ അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും എങ്കിലും ഇത്തരം കുറ്റവാളികൾ നിരന്തരം തങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മെറ്റ വിശദീകരിച്ചു. ടെലഗ്രാം അധികൃതർ പറയുന്നതനുസരിച്ച് 2026-ൽ മാത്രം കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 274000 ത്തിലധികം അക്കൗണ്ടുകൾ അവർ നീക്കം ചെയ്തിട്ടുണ്ട്.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന 30ഓളം പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ ചിലത് ഒന്നിലധികം അക്കൗണ്ടുകളിലൂടെ പങ്കിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ നിയമപ്രകാരം ഇത്തരം അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കടുത്ത ക്രിമിനൽ കുറ്റമാണ്. ഡിജിറ്റൽ സുരക്ഷാ നിയമങ്ങളുടെ ലംഘനവും ഉപയോക്താക്കളുടെ പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്ലാറ്റ്‌ഫോമുകൾക്ക് വന്ന വീഴ്ചയും വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

