ബംഗളൂരു ഇനി ഏഷ്യയിലെ ഏറ്റവും വലിയ ടെക് നഗരം
text_fieldsബംഗളൂരു: രാജ്യത്തിന്റെ സാങ്കേതിക തലസ്ഥാനമായി അറിയപ്പെടുന്ന ബംഗളൂരു നഗരം ആഗോള ടെക് ഭൂപടത്തിൽ സ്ഥാനം കൂടുതൽ ശക്തമാക്കുന്നു. അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് കൺസൽട്ടൻസി സ്ഥാപനമായ സി.ബി.ആർ.ഇ പുറത്തിറക്കിയ ‘ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025’ പ്രകാരം ബംഗളൂരുവിലെ വിവരസാങ്കേതികവിദ്യ (ഐ.ടി) തൊഴിലാളികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞതായി റിപ്പോർട്ട് ചെയ്തു.
ഈ ചരിത്ര നേട്ടം ബെംഗളൂരുവിനെ ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ ടെക് ടാലന്റ് മാർക്കറ്റായി മാറ്റുന്നു. ഇന്ത്യയുടെ സാങ്കേതികവിദ്യാ രംഗത്തെ കുതിച്ചുചാട്ടത്തിന് അടിവരയിടുന്ന സുപ്രധാന നാഴികക്കല്ലാണിത്. സി.ബി.ആർ.ഇയുടെ സമഗ്രമായ റിപ്പോർട്ടിൽ ലോകമെമ്പാടുമുള്ള 115 വിപണികളെ ടെക് ടാലന്റിന്റെ ലഭ്യത, അവരുടെ വൈദഗ്ധ്യം, ഗുണമേന്മ, തൊഴിൽ ചെലവ് എന്നിവയുടെ അടിസ്ഥാനത്തിൽ വിശദമായി വിലയിരുത്തിയതായി അവകാശപ്പെട്ടു.
ഈ പഠനത്തിന്റെ ഫലമായി ബംഗളൂരു ‘പവർഹൗസ്’ വിഭാഗത്തിൽ ഉൾപ്പെടുന്ന 12 ആഗോള ടെക് നഗരങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ബ്രിട്ടനിലെ ലണ്ടൻ, ജപ്പാനിലെ ടോക്കിയോ, ഫ്രാൻസിലെ പാരീസ്, സിംഗപ്പൂർ എന്നിവയാണ് ഈ അഭിമാനകരമായ പട്ടികയിൽ ബംഗളൂരുവിനൊപ്പമുള്ള മറ്റ് പ്രമുഖ നഗരങ്ങൾ.
ലോകത്തിലെ ഏറ്റവും മികച്ച ടെക് ഹബ്ബുകൾക്കൊപ്പമാണ് ബംഗളൂരുവിന് ഇപ്പോൾ ഇടം. നിർമിത ബുദ്ധി (എഐ) മേഖലയിലെ വിദഗ്ധരുടെ ഏറ്റവും വലിയ സാന്നിധ്യം ഇന്ത്യയിൽ ബംഗളൂരുവിലാണെന്നാണ് റിപ്പോർട്ട് പറയുന്നത്. അമേരിക്കയിലെ പ്രമുഖ ടെക് ഹബ്ബുകളായ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് എന്നിവയിലെ എ.ഐ. വിദഗ്ധരുടെ സാന്നിധ്യവുമായി താരതമ്യപ്പെടുത്താവുന്നതാണിതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതിനൂതന സാങ്കേതികവിദ്യകളായ നിർമിത ബുദ്ധി, മെഷീൻ ലേണിങ് എന്നിവയിൽ ബംഗളൂരു കൈവരിക്കുന്ന മുന്നേറ്റം ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ടെക് നഗരങ്ങളിലൊന്നായി അതിനെ അടയാളപ്പെടുത്തുന്നു. ഈ രംഗത്തെ ഗവേഷണങ്ങൾക്കും വികസനത്തിനും നഗരം നൽകുന്ന പ്രാധാന്യം ആഗോളതലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്
ബംഗളൂരുവിന്റെ സാങ്കേതിക മുന്നേറ്റത്തിനും നഗരത്തിന്റെ മൊത്തത്തിലുള്ള വളർച്ചക്കും സുപ്രധാന ഘടകം തൊഴിൽ യോഗ്യത നേടിയവരുടെ എണ്ണത്തിലുണ്ടായ ശ്രദ്ധേയ വർധനയാണ്. 2019 മുതൽ 2024 വരെയുള്ള അഞ്ച് വർഷ കാലയളവിൽ ബംഗളൂരുവിലെ പ്രവർത്തനശേഷിയുള്ള ജനവിഭാഗത്തിന്റെ എണ്ണത്തിൽ 2.4 ശതമാന വർധന രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

